തൊഴിലിന്റെ മഹത്വവും അതിനോടുള്ള ആത്മാര്‍ത്ഥതയും സമര്‍പ്പണവും വിളിച്ചോതി വീണ്ടും ഒരു തൊഴിലാളിദിനം. ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ക്ക് അവരുടെ കര്‍മ്മമേഖലയുടെ മഹത്വവും വിശുദ്ധിയും വിളിച്ചുപറയാനുള്ള ദിനം കൂടിയാണിന്ന്. വിവിധ രാജ്യങ്ങളില്‍ വിവിധരീതിയില്‍ അത് നടക്കുകയാണ്. അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ചോര ചിന്തിയ സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന അടിസ്ഥാന വികാരത്തില്‍ നിന്ന് തുടങ്ങി വിസ്മയവും വിഭ്രാമകരവുമായ പരിതോവസ്ഥകളിലൂടെ കടന്നുപോകുന്ന ഇന്നത്തെ തൊഴില്‍ സംസ്കാരത്തെ യഥാവിധി നോക്കിക്കാണാനും ഇടവെക്കുന്നതാണ് ഈ ദിനം.
രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ തൊഴിലാളികളുടെ പങ്ക് എടുത്തുപറയേണ്ടതാണ്. കാലാകാലങ്ങളില്‍ ഭരണ നേതൃത്വത്തിലിരിക്കുന്നവരുടെ ഇംഗിതത്തിന് അനുസരിച്ച് നയിക്കപ്പെടേണ്ട വിഭാഗമല്ല തൊഴിലാളികള്‍ എന്ന് തിരിച്ചറിയപ്പെടുന്നിടത്താണ് തൊഴിലാളിദിനത്തിന്റെ പ്രസക്തി. കര്‍മ്മമേഖലകളില്‍ ഏതു തരത്തിലുമുള്ള ഉയര്‍ച്ചയ്ക്ക് ആത്മസമര്‍പ്പണം ചെയ്യുന്ന ഒരു സംസ്കാരം വളര്‍ത്തിയെടുക്കാന്‍ പ്രചോദനമാവുമ്പോഴാണ് വാസ്തവത്തില്‍ തൊഴിലാളിദിനം അതിന്റെ യഥാര്‍ത്ഥ വഴിയിലെത്തുന്നത്. അങ്ങനെ ചിന്തിക്കുമ്പോള്‍ ഇന്നത്തെ ദിനത്തിന്റെ പ്രാധാന്യവും ഗരിമയും അങ്ങനെതന്നെയോ എന്ന് സംശയിക്കേണ്ടിവരും.
തൊഴിലാളി യൂണിയനുകളുടെ ശക്തിപ്രകടനത്തില്‍ ഒതുങ്ങിപ്പോവുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പരിമിതപ്പെടുന്നില്ലേ? ജനങ്ങളെ സേവിക്കുന്നതിലൂടെ രാഷ്ട്രത്തെയാണ് ആദരിക്കുന്നത് എന്ന വികാരം ഉള്‍ക്കൊണ്ട് ഏത് സംഘടനയാണ് തൊഴിലാളികളെ പ്രബുദ്ധരാക്കുന്നത്? കേവലം തങ്ങളുടെ അവകാശം പിടിച്ചുവാങ്ങാനുള്ള ശക്തികാണിക്കല്‍ എന്നതില്‍ നിന്ന് മാറിച്ചിന്തിക്കുന്നവര്‍ തുലോം പരിമിതമാണ്. അത്തരക്കാരെ ഏതെങ്കിലും തരത്തില്‍ ഒറ്റപ്പെടുത്തി വളഞ്ഞിട്ടാക്രമിക്കാനാണ് ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളി സംഘടനകള്‍ ശ്രമിക്കാറുള്ളത്. ദൗര്‍ഭാഗ്യവശാല്‍ ഏതെങ്കിലും കക്ഷിരാഷ്ട്രീയത്തിന്റെ വാലായി പ്രവര്‍ത്തിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. മാതൃസംഘടനയ്ക്ക് കായബലം നല്‍കുക എന്ന അജണ്ട മാത്രമേ അത്തരക്കാര്ക്കുള്ളൂ. അതവര് കൃത്യമായി ചെയ്തുവരുന്നുമുണ്ട്.
ദേശീയതയും ദേശവികാരവും കൈമുതലാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയെ ആണ് ഇത്തരത്തില്‍ ഭരണസ്വാധീനവും കായികശക്തിയും ഉപയോഗിച്ച് സംസ്ഥാനത്ത് ഒറ്റപ്പെടുത്തുന്നത്. അതിന് ചുക്കാന്‍പിടിക്കുന്നത് ഭരണകക്ഷിക്ക് കൈത്താങ്ങു നല്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയാണ്. സംസ്ഥാനത്ത് മാത്രമായി ഒതുങ്ങിപ്പൊയ്ക്കൊണ്ടിരിക്കുന്ന അന്തരീക്ഷം ശക്തമായിട്ടും അവരുടെ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ല എന്നതാണ് വസ്തുത. അവരെ സംബന്ധിച്ചിടത്തോളം തൊഴിലാളിയുടെ അവകാശത്തെക്കാളുപരി പാര്‍ട്ടിയുടെ നിലനില്‍പ്പാണ് പ്രധാനം.
രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സമര്‍പ്പണബുദ്ധിയോടെ പ്രവര്‍ത്തിക്കുകയും അതിനൊപ്പം തങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാവുകയും ചെയ്യുമ്പോഴാണ് തൊഴിലാളിസംഘടന യഥാര്‍ത്ഥ സംസ്കാരത്തിലെത്തുക. അത്തരം സംഘടനയ്ക്കേ ഇന്നാട്ടില് നിലനില്‍പ്പ് ഉണ്ടാവുകയുള്ളൂ. അവകാശങ്ങള്‍ക്കുവേണ്ടി ആക്രോശിച്ച് മുന്നേറുന്ന സംഘടനകളൊന്നുംതന്നെ ഇത്തരത്തിലുള്ള ചിന്താഗതികളുമായല്ല നീങ്ങുന്നത്. അങ്ങനെ വരുമ്പോള്‍ തൊഴിലാളിദിനവും പ്രഹസനമായി മാറുകയേ ഉള്ളൂ. ജനങ്ങള്‍ക്കൊപ്പം കൈകോര്‍ത്ത് പ്രവര്‍ത്തനപദ്ധതികളില്‍ പങ്കാളികളായി തൊഴിലിന്റെ മഹത്വത്തെക്കുറിച്ച് അറിയിച്ചുകൊടുക്കുന്നതിലൂടെ യഥാര്‍ത്ഥ തൊഴില്‍ സംസ്കാരം വിളംബരം ചെയ്യാന്‍ ഈ ദിനം പ്രചോദനമാകട്ടെ എന്നാണ് ഞങ്ങള്‍ക്ക് ആശംസിക്കാനുള്ളത്. കരുത്തുറ്റ രാഷ്ട്രത്തിന് തൊഴിലാളികള്‍ അനിവാര്യമാണെന്ന് ഇത്തരുണത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് ഓര്ക്കാനുമാവട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: