പ്രകൃതിയുടെ അമൂല്യമായ വരദാനമാണ് ജലം. അക്കാര്യം എല്ലാവരും സമ്മതിക്കും. അത് ഇല്ലാതായാലത്തെ സ്ഥിതിയേക്കുറിച്ചു പക്ഷേ, ചിന്തയില്ല. അതേക്കുറിച്ചു നാം അറിയാനിരിക്കുന്നതേയുള്ളു.
ഭൂമിയുടെ ഉപരിതലത്തിന്റെ ഏതാണ്ട് 71% ജലമാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇതില്‍ 98% ഉപ്പുവെള്ളമാണ്. 2% മാത്രമാണ് ജീവജാലങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്നത്. നമ്മുടെ ജല സ്രോതസ്സ് എന്നു പറയുന്നത് പ്രധാനമായും മൂന്നാണ്- ഭൂഗര്‍ഭജലം, ഉപരിതലജലം, മഴവെള്ളം. ഭൂഗര്‍ഭജലം പ്രകൃതിയുടെ കരുതല്‍ ശേഖരമാണ്.
ഉപരിതലത്തില്‍ ലഭിക്കുന്ന ജലത്തെ അരിച്ച് ശുദ്ധീകരിച്ച് അടിത്തട്ടില്‍ ശേഖരിക്കുന്നു. വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന പ്രതിഭാസമാണിത്. അശാസ്ത്രീയമായ അമിത ഉപഭോഗം പ്രകൃതി നിര്‍മ്മിത സംഭരണിയുടെ ജല സംരക്ഷണത്തെ ബാധിച്ചിരിക്കുന്നു. നമുക്ക് നേരിട്ട് ഉപയോഗിക്കാവുന്നതാണ് ഉപരിതല ജലം. ആറ്, കൈത്തോട്, കുളം, കിണര്‍, തടാകം എന്നിങ്ങനെ പോകുന്നു. ശ്രദ്ധയും ഉദാസീന മനോഭാവവും മൂലം 80% ഉപരിതല ജലസ്രോതസ്സും നഷ്ടപ്പെടുകയോ, മലീനസപ്പെടുകയോ ചെയ്തു കഴിഞ്ഞു.
ശുദ്ധവും ഏറ്റവും പ്രധാന ജലശ്രോതസ്സുമായ മഴവെള്ളത്തെ പ്രയോജനപ്പെടുത്താന്‍ ഇന്നും നമുക്ക് പൂര്‍ണ്ണമായി സാധിച്ചിട്ടില്ല. പദ്ധതികള്‍ വിഭാവനം ചെയ്യുന്നതല്ലാതെ പ്രായോഗിക തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. അമൃതസമാനമായ കുടിവെള്ളത്തെക്കുറിച്ചും
ജലസംഭരണിയെക്കുറിച്ചും നദീജലസംരക്ഷണത്തെക്കുറിച്ചും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ചിന്തിക്കാനും, പദ്ധതി തയ്യാറാക്കാനും, കോടികള്‍ വക ഇരുത്താനും എന്‍ഡിഎ സര്‍ക്കാര്‍ തുടക്കം കുറിച്ചത് അഭിനന്ദനാര്‍ഹമാണ്. ഗംഗാജല സംരക്ഷണവും ഗംഗ, യമുന, ബ്രഹ്മപുത്ര, കാവേരി, പമ്പ തുടങ്ങിയ ജലസ്രോതസ്സുകളെ ജീവിപ്പിച്ച് നിലനിര്‍ത്താനും കോടികളാണ് അനുവദിച്ചിരിക്കുന്നത്. ജീവന്റെ നിലനില്‍പ്പിന് ആധാരമായ ഈ ജല സംഭരണികളെക്കുറിച്ച് കേന്ദ്രഗവണ്മെന്റെങ്കിലും ചിന്തിക്കാന്‍ തുടങ്ങി എന്നത് ആശ്വാസകരമാണ്.
കേരളത്തില്‍ ലഭ്യമാകുന്ന മഴയുടെ 1/3 മാത്രം ലഭ്യമായിരുന്ന ഗുജറാത്തിനെ ദീര്‍ഘവീക്ഷണത്തോടെ 10 വര്‍ഷം കൊണ്ട് ജലജലസമൃദ്ധ സംസ്ഥാനമാക്കി മാറ്റാന്‍ കഴിഞ്ഞങ്കില്‍ കേന്ദ്രം വിഭാവനം ചെയ്യുന്ന പദ്ധതികള്‍ യഥാസമയം നടപ്പിലാക്കിയാല്‍ നമുക്കും ജലദൗര്‍ലഭ്യമെന്ന മാരക വിപത്തിനെ അതിജീവിക്കാന്‍ കഴിയും. ഉത്തര്‍പ്രദേശ്, അന്ധ്ര, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സഹജീവികള്‍ കൊടും വറുതിയില്‍ ദാഹജലത്തിനായി കേണപ്പോള്‍ നിസ്സംഗരായിരുന്ന നമ്മളിപ്പോള്‍ അതിലും ഉറക്കെ കരയാന്‍ തുടങ്ങിയിരിക്കുന്നു.
എന്റെ കാടെവിടെ എന്ന് ചോദിച്ച കവിയിത്രിയെ നമ്മള് കളിയാക്കി, ഗോവര്‍ദ്ധനഗിരി ഇടിച്ചപ്പോള്‍ അവര്‍ക്ക് സ്തുതിപാടി, മലീമസമാക്കപ്പെട്ട കാളിന്ദിയെ പോലെ കാളിയന്മാര് ജലശ്രോതസ്സുകളെ വിഷമയമാക്കിയപ്പോള്‍ കൊടിയുടെ നിറം നോക്കി നമ്മള് മാറി നിന്നു. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ്, വിവിധ മാഫിയകള്‍ ഒത്തുചേര്‍ന്ന് തകിടം മറിച്ചപ്പോള്‍ നമ്മള് മൗനം പൂണ്ടു. അങ്ങനെ, ഭയാനകമായ വരള്‍ച്ചയുടെ പിടിയില്‍ നമ്മളമര്ന്നു. കൊച്ചുകേരളത്തില്‍ രാഷ്ട്രീയ ഏറ്റക്കുറച്ചിലുകള്‍ നോക്കാതെ 14 ജില്ലകളേയും അതിഭീകരമാംവിധം ജലദൗര്‍ലഭ്യം ബാധിച്ചുകഴിഞ്ഞു.
എല്ലാ ജില്ലകളിലൂടെയും മനസുകൊണ്ട് ഓട്ടപ്രദക്ഷിണം നടത്തിയപ്പോള്‍ ഭൂമിയെന്ന അക്ഷയപാത്രത്തിന്റെ അടിത്തട്ട് കണ്ടു. എന്തുകൊണ്ട് എന്ന കാതലായ ചോദ്യത്തിന് കുഞ്ഞുങ്ങള്‍ പോലും മറുപടി പറയും. വന്‍തോതിലുള്ള മണല്‍വാരല്‍, കുന്നുകളുടെ നശീകരണം, അമിത ഉപഭോഗം, പാടശേഖരങ്ങളുടെ അപര്യാപ്തത, ഭൂമി തരിശിടല്‍, മാലിന്യകൂമ്പാരങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ നമ്മള് കണ്ടെത്തികഴിഞ്ഞു. മാറി മാറി വന്ന സര്‍ക്കാരുകള്‍ ഇത്തരം ഹൃദയശൂന്യമായ പ്രവര്‍ത്തനങ്ങളെ നാളിതുവരെ അപലപിച്ചിട്ടില്ല. ജലമലിനീകരണവും ദുരുപയോഗവും തടയാനും സംരക്ഷണത്തിനും നിയമങ്ങള്‍ പലതുണ്ട്. ഇല്ലാത്തതു നടപടികളാണ്. നിയമങ്ങള്‍ ഇങ്ങനെ:
2001 ലെ കേരളാ നദീ-നദീ തീര സംരക്ഷണ നിയമം
2002 – കേരള ഭൂഗര്‍ഭ ജലനിയന്ത്രണ നിയമം
2003 – ലെ ജലസേചന, ജലസംരക്ഷണ നിയമം
2008 – ലെ ജലനയം
1996 – ലെ വാട്ടര്‍ സപ്ലെ സീവേജ് ആക്ട്
1991-2010- തീരദേശ നിയന്ത്രണ ചട്ടങ്ങള്‍
കുടിവെള്ള ക്ഷാമം ചര്‍ച്ചയാകുമ്പോള്‍ താത്ക്കാലിക സഹായമെത്തിച്ച് ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനല്ല ഭരണകൂടങ്ങള്‍ തയ്യാറാകേണ്ടത്. കാലാവസ്ഥാ വ്യതിയാനങ്ങളെ പഠിച്ച് ആരോഗ്യകരമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആരായുകയും ദീര്‍ഘ വീക്ഷണത്തോടെയും ലക്ഷ്യബോധത്തോടെയും പ്രവര്‍ത്തിക്കുകയുമാണ് വേണ്ടത്. ആയിരം പാദസരങ്ങള്‍ കിലുക്കി ആലുവാപ്പുഴ ഇനിയും ഒഴുകാനുള്ള അവസരം ഒരുക്കാന്‍ ഈ കൊടും വരള്‍ച്ചയിലെങ്കിലും നമ്മള് കൈകോര്‍ക്കണം. അല്ലെങ്കില്‍ വരും തലമുറ വെള്ളമില്ലാതെ വെള്ളംകുടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: