കണ്ണൂര്‍: സിപിഎം വ്യാപകമായി കള്ളവോട്ടു ചെയ്തതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നതോടെ അന്വേഷണം ഭയന്ന് പാര്‍ട്ടി നേതൃത്വം പ്രതിരോധത്തില്‍. കാസര്‍കോട് മണ്ഡലത്തില്‍പ്പെട്ട കണ്ണൂര്‍ ജില്ലയിലെ പ്രദേശങ്ങളില്‍ സിപിഎമ്മുകാര്‍ കള്ളവോട്ടു ചെയ്തതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു.
സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടുകയും ശക്തമായ അന്വേഷണം നടക്കുകയും ചെയ്താല്‍ കള്ളവോട്ട് ചെയ്ത പ്രവര്‍ത്തകരും നേതാക്കളും നിയമത്തിന് മുന്നിലെത്തുമെന്ന് സിപിഎം നേതൃത്വത്തിന് ആശങ്കയുണ്ട്. ഭയന്ന് എതിര്‍ക്കാര്‍ മടിച്ച ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്ന നിലപാട് സ്വീകരിച്ച ഇടത് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരും അങ്കലാപ്പിലാണ്. എതിര് പാര്‍ട്ടിയുടെ ഏജന്റുമാരെ സംഘടനാ ശക്തിയും ഭരണ ഉദ്യോഗസ്ഥ സ്വാധീനവും ഉപയോഗിച്ച് നിശ്ശബ്ദരാക്കിയും ബൂത്തുകളില്‍ നിന്ന് ഓടിച്ചും നിരവധി കളളവോട്ടുകളാണ് സിപിഎമ്മുകാര്‍ ചെയ്യാറുള്ളത്. സുരക്ഷയൊരുക്കേണ്ട പോലീസ് ഉദ്യോഗസ്ഥരെപ്പോലും വരുതിയില്‍ നിര്‍ത്തിയാണ് കൃത്രിമം നടത്തിയിരുന്നത്. എന്നാല്‍ അന്ന് വെബ്കാസ്റ്റിങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളില്ലാത്തതിനാല്‍ പരാതി പലപ്പോഴും മുഖവിലയ്ക്കെടുക്കാറില്ല. മറ്റ് പാര്‍ട്ടികളുടെ ഏജന്റുമാരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുന്നതും പതിവായിരുന്നു.
കഴിഞ്ഞ ദിവസം കള്ളവോട്ട് ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തു വന്ന കല്ല്യാശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍ മണ്ഡലങ്ങള്‍ക്ക് സമീപമുള്ള മറ്റ് ബൂത്തുകളിലും സിപിഎമ്മുകാര്‍ കള്ളവോട്ടു ചെയ്തതിന്റെ പരാതികളാണ് ഇന്നലെ പുറത്തു വന്നത്. കല്യാശേരി പിലാത്തറ സ്കൂളിലെ എല്ലാ ബൂത്തിലും കള്ളവോട്ട് നടന്നെന്ന ആരോപണവുമായി യുഡിഎഫ് പോളിങ് ഏജന്റ് രംഗത്തെത്തി. സ്കൂളില്‍ പ്രവര്‍ത്തിച്ച 17,18,19 ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതായി ആരോപണം ഉന്നയിച്ചത്.
പ്രിസൈഡിങ് ഓഫീസറോടും പോലീസിനോടും പരാതി പറഞ്ഞെങ്കിലും സ്വീകരിച്ചില്ല, യുഡിഎഫ് പോളിങ് ഏജന്റുമാരുടെ പട്ടിക കീറിക്കളഞ്ഞു, യുഡിഎഫ് പോളിങ് ഏജന്റുമാരെ ബലപ്രയോഗത്തിലൂടെ പുറത്താക്കി തുടങ്ങിയ ആരോപണങ്ങളാണ് 17ാം ബൂത്തിലെ യുഡിഎഫ് പോളിങ് ഏജന്റ് ഉന്നയിക്കുന്നത്. 19ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ടു ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പ്രിസൈഡിങ് ഓഫീസര്‍ക്കും പോലീസിനും പരാതി നല്‍കിയെങ്കിലും ഞങ്ങള്‍ എന്തു ചെയ്യാനാണെന്ന മറുപടിയാണ് അവരില്‍ നിന്നും ലഭിച്ചതെന്നും പരാതിയുണ്ട്.
പ്രശ്ന ബാധിത ബൂത്തുകളായിരുന്നിട്ടും വേണ്ടത്ര പോലീസ് സുരക്ഷ ഒരുക്കിയില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിപിഎം കേന്ദ്രങ്ങളിലേതിന് സമാനമായ രീതിയില്‍ മുസ്ലിംലീഗിനു സ്വാധീനമുള്ള കേന്ദ്രങ്ങളിലും കള്ളവോട്ട് നടന്നുവെന്ന ആരോപണം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: