മാമ്പൂവുരുക്കുന്ന വേനലിനെ
കണ്ണി മാങ്ങകള്‍ തല്ലി കൊഴിക്കുന്ന കാറ്റിനെ
ഞങ്ങള്‍ കിനാവു കാണുന്നു…കിനാവുകള്‍
നമ്മളെ കൈപിടിച്ചെങ്ങോ നടത്തുന്നു” (ഒ.എന്‍.വി)
ഓര്‍മകളുടെ ഊടുവഴികളിലൂടെ ഋതുക്കളുടെ നിലയ്ക്കാത്ത പ്രവാഹമായി വീണ്ടുമൊരു വസന്തം വരവായി. കരുമാടി കുട്ടന്മാര്ക്ക് കല്ലെറിയുവാന്‍ കേരളത്തിലെ നാട്ടുമാവുകള്‍ വീണ്ടും പൂത്തു. ഇനി മലയാളികള്‍ക്ക് മധുരമുള്ള മാമ്പഴക്കാലം.ഗൃഹാതുരമായ ഓര്‍മകളുടെ കൂടാണ് എന്നും മലയാളികള്‍ക്ക് മാമ്പഴക്കാലം. ഓര്‍മകളുടെ വഴിവക്കില്‍ എന്നും ബലിഷ്ഠനായ അതികായനെ പോലെ വേരു പടര്‍ത്തി നില്ക്കുന്ന ഒരു നാട്ടുമാവ് ഏതൊരു മലയാളിയുടെ ബാല്യത്തിലും പൂത്തുനില്‍ക്കുന്നുണ്ട്. ഈ നാട്ടുമാവിന് ചുവട്ടില്‍ തളിരിട്ട പ്രണയം, സൗഹൃദം, കൂട്ടായ്മ എല്ലാം അവനെ മധുരമുള്ള ഓര്മകളാല് ആര്‍ദ്രമാക്കുന്നുണ്ട്. ജീവിതത്തിലെ ഉച്ചവെയിലുകള്‍ നടന്നുതീര്ക്കവെ ഇടയ്ക്കു ലഭിക്കുന്ന ഒരു നാട്ടുമരത്തണലിന്റെ കുളിരു പോലെ, മനസ്സിന്റെ മച്ചകങ്ങളില്‍ കോരിയിട്ട കിളിച്ചുണ്ടന്‍ മാമ്പഴങ്ങളുടെ കഥ മലയാള സാഹിത്യ ഭൂപടത്തിലും എന്നും മധുരമൂറി നിന്നു.
”ആര്‍ക്കുമേ വഴങ്ങാത്ത മാവുകള്‍
ഇച്ഛക്കൊത്തു ശാഖകള്‍ കുലച്ചവര്
വേരുകള്‍ പടര്‍ത്തിയോര്‍……
ചകിര്യേന്‍, ചക്കേന്‍, മുട്ടിക്കുടിയന്‍
മൂവാണ്ടന്‍, തേനൊലിയന്
എന്നിങ്ങനെ പഴഞ്ചന്‍ പേരാര്ന്നവര്
ചുണയന്മാരാം നാട്ടു കാര്യസ്ഥ പ്രമാണികള്‍
തണലേ തനിക്കുള്ള ധനമെന്നെണ്ണുന്നവര്”
(പി.പി.രാമചന്ദ്രന്)
‘മാമ്പഴം പെറുക്കുവാന്‍ ഞാന്‍വരുന്നില്ല’ എന്ന് പിണങ്ങി മൊഴിഞ്ഞ് മരണത്തിന്റെ മഹാമൗനത്തിലേക്ക് നടന്നുപോയ, വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്തകിടാവിന് ദീര്‍ഘദര്‍ശനം നല്കിയ വൈലോപ്പിള്ളിയുടെ മാമ്പഴം എത്ര ആഴത്തിലാണ് മലയാളികളുടെ മനസ്സില്‍ കൊണ്ടത്….
”തേന്കണപ്പൂമ്പനിനീരുപറ്റി
പൂന്തണല് പായ വിരിച്ചു നീളെ
തേന്‍കനി പൂക്കൂട നല്കി വന്ന
കൂട്ടത്തെയൊക്കെയും സല്ക്കരിച്ചു
എന്നാല്‍ തലപൊക്കിനില്‍ക്കുന്ന നീ…”
‘എല്ലാം കൊടുത്തു മുടിഞ്ഞമാവിനെ’പറ്റി പി കുഞ്ഞിരാമന് നായര്‍. പൂത്ത മാവുകളെ കുറിച്ച് ഇടശ്ശേരിയും പാടി (കാറ്റും വെളിച്ചവും). മാമ്പഴക്കാലത്തെ സ്പര്‍ശിക്കാത്ത കവികള്‍ മലയാളത്തില്‍ വിരളമാണ്.
മാഞ്ചോട്ടിലെ ദാമ്പത്യം
”പഞ്ചാരമാവ് എല്ലാ കൊല്ലവും മുടങ്ങാതെ കായ്ക്കും. കൊമ്പ് മാങ്ങകളെക്കൊണ്ട് കനം തൂങ്ങിയാല്‍ കുനിഞ്ഞ ുനില്‍ക്കും. അറ്റ വേനലില്‍ പഞ്ചാര മാങ്ങ പഴുത്തു വീഴാന്‍ തുടങ്ങും. പകലൊക്കെ കുട്ടികള്‍ വന്നു കൂടും. മാവിന് ചുവട്ടില്‍ ഉണ്ണിപ്പുരയും വച്ചുകെട്ടി ദാമ്പത്യ ജീവിതം അഭിനയിക്കുന്ന കൊച്ചു മാതാപിതാക്കന്മാര് അവിടെ എപ്പോഴും വന്നു കൂടാറുണ്ട്. കാലം അനുസ്യൂതമായിയൊഴുകുന്നു.’ (പഞ്ചാര മാവ് വീണപ്പോള്‍ -ഉണ്ണി കൃഷ്ണന് പൂത്തൂര്‍)
നാട്ടുമാവിനൊപ്പം പലപ്പോഴും മാമ്പഴം പോലെതന്നെ മധുരമുള്ള പ്രണയങ്ങളും പൂത്തു. ബഷീറിന്റെ ബാല്യകാലസഖിയില്‍ മാവിന് ചുവട്ടില്‍ പൂക്കുന്ന നാട്ടു പ്രണയത്തിന്റെ മാധുര്യം ഒട്ടൊന്നുമല്ല മലയാളികളെ സ്വാധീനിച്ചിട്ടുള്ളത്. മിടുക്കിയായ മൊഞ്ചുള്ള സുഹറയുടേയും മരം കയറാന്‍ അറിയുന്ന മജീദിന്റേയും പ്രണയ സത്രം മാവിന് ചുവടു തന്നെയായിരുന്നു.
”മജീദിന് കരച്ചിലിന്റെ ലാഞ്ഛനയുണ്ടായി. അപമാനം! പരാജയം! ഒക്കെക്കൂടി അവനെ വിഷമിപ്പിച്ചു. ഒരു കഴുതയെ പോലെ ബേ എന്ന് കരയണമെന്ന് തോന്നി.
കരഞ്ഞാല്‍ മനസ്സിന് സുഖം കിട്ടിയേനേ! പക്ഷേ അടുത്ത നിമിഷത്തില്‍ ഒരു ബോധോദയം ഉണ്ടായി. മറ്റാരാലും കഴിയാത്ത അത്ഭുതമായ ഒരു പ്രവൃത്തി അവനുവശമുണ്ടെന്നും, അതില്‍ സുഹറയെ ഇതാ തോല്‍പ്പിച്ചിരിക്കുന്നു എന്നും ഭാവിച്ചുകൊണ്ട് ആകാശത്തോടും ഭൂമിയോടുമായിട്ട് അവനൊരു ഗംഭീര പ്രഖ്യാപനം ചെയ്തു. എനിക്ക് മാവേല് കയറാന്‍ അറിയാലോ!
സുഹറ കണ്ടുവെച്ചിരുന്ന മാമ്പഴം രണ്ടും പറിച്ചുകൊണ്ട് വിജയശ്രീലാളിതനായി അവന് താഴെയിറങ്ങി. സുഹറ ഓടിച്ചെന്നു. കൊതി ! പരിഭ്രമം ! അവള് കൈനീട്ടി…”
(ബാല്യകാലസഖി)
കഞ്ഞിക്കൊപ്പം കടുമാങ്ങയും
മുറുക്കാന്‍ കൂട്ട് മണക്കുന്ന മുത്തശ്ശിക്കഥകളിലും മാമ്പഴക്കാലം എപ്പോഴും പടികയറിവന്നു. കഥകളിലും നോവലുകളിലും പ്രാദേശിക നാട്ടു ചരിത്രങ്ങളിലും എന്നും നാട്ടുമാവു തലയുയര്‍ത്തി നിന്നു.
പുളിമാങ്ങ, മൂവാണ്ടന്‍, മുട്ടിക്കുടിയന്‍, ഗോമാങ്ങ, ചകിരിയന്‍, കിളിച്ചുണ്ടന്‍ തുടങ്ങിയ ഇനം നാട്ടുമാങ്ങകള്‍ പണ്ട് നാട്ടിന് പുറങ്ങളില്‍ സുലഭമായിരുന്നു. കണ്ണി മാങ്ങാ പ്രായത്തില്‍ പറിച്ചെടുത്ത് കടുമാങ്ങയിടുന്ന പതിവും പഴയ തറവാട്ടുഭവനങ്ങളില് സാധാരണയായിരുന്നു. ”ഇല്ലത്തും വാരിയത്തും പണിക്ക് പോയാല്‍ കഞ്ഞിക്ക് ഒപ്പം കിട്ടുന്ന ഒരു കടുമാങ്ങ മാത്രം മതി രണ്ട് പാത്രം കഞ്ഞി അകത്താക്കാന്‍.” കുഞ്ഞി തേതിയെകൊണ്ട് ഇങ്ങനെ പറയിച്ചു പേരറിയാത്ത കഥാകാരന്. ഉപ്പും മുളകും ഉലുവ വറുത്തുപൊടിച്ചതും മറ്റും ചേര്‍ത്തുണ്ടാക്കുന്ന കടുമാങ്ങ. അടുത്ത മാമ്പഴക്കാലം വരെ വീട്ടില്‍ കഞ്ഞിക്കും ചോറിനും ഇലതലപ്പത്തുണ്ടാവും. പൊള്ളി പനിച്ചു കിടക്കുന്ന ഉണ്ണികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ അമ്മയുടെ നന്മ തൂവിയ കഞ്ഞിക്കൊപ്പം കടുമാങ്ങ കൂട്ടായി. പാടത്തെ പുഞ്ചയില്‍ പശുകയറാതെ കാത്തതിന് ഇല്ലത്തെ തമ്പുരാന് പടിക്കലെ കിടാങ്ങള്‍ക്ക് സമ്മാനമായി നല്കിയതും ഇല്ലപ്പറമ്പിലെ നാട്ടുമാങ്ങയായിരുന്നു. കാറ്റിന്റേയോ കിളികളുടേയോ കനിവില്‍ ഇടയ്ക്ക് വീണുകിട്ടുന്ന കണ്ണിമാങ്ങകള്‍ പെറുക്കി ഉപ്പ് ചേര്‍ത്ത് കഴിക്കാന്‍ കുട്ടികള്‍ക്ക് എന്ത് ഇഷ്ടമായിരുന്നു!. മാങ്ങകൊണ്ടുള്ള വിവിധ തരം അച്ചാറും പഴുത്ത മാങ്ങ കൊണ്ടുണ്ടാക്കിയ മാമ്പഴ പുളിശ്ശേരിയുടേയും രുചി ഇന്നും പഴമക്കാരുടെ നാവിലുണ്ട്.
മാങ്ങ പഴുത്തുവീഴാന്‍ തുടങ്ങുമ്പോഴേക്കും വാര്‍ഷിക പരീക്ഷ കഴിഞ്ഞ് പള്ളിക്കൂടങ്ങള്‍ അടയ്ക്കും. പിന്നെ തൊടിയിലെ മാവിന് ചോട്ടില് കളിമാടം കെട്ടി കളിയും കാവലുമായി. കളി ചിരികള്‍ക്കിടയില്‍ മാവ് കനിയുന്ന മാമ്പഴം കളിയുടെ മധുരമുള്ള രുചിയായി… വീട്ടിലുള്ള കുട്ടികളും ഒഴിവു കാലത്തു വിരുന്നെത്തിയ കുട്ടികളും കിട്ടിയ മാമ്പഴം ഒരുമിച്ചു പങ്കിട്ടു. മാവിലെത്തുന്ന പക്ഷികളോടും അണ്ണാര കണ്ണനോടും അവര്‍ മാമ്പഴം ചോദിച്ചു വാങ്ങി. മാങ്ങയ്ക്ക് വില പറഞ്ഞ് വില്‍ക്കുന്ന പതിവ് അന്നില്ലായിരുന്നു. കുട്ടികള്‍ക്കും അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കു മൊക്കെ നല്‍കാനായി നാട്ടു മാവുകള്‍ ഫലം തിങ്ങി തല കുമ്പിട്ടു നിന്നു. ഇടയ്ക്കെപ്പൊഴോ ആരും കാണാതെ താന്‍ എറിഞ്ഞു വീഴ്ത്തിയ മാമ്പഴം വേലി ചാടി കടന്നെടുക്കുന്ന കരുമാടി കുട്ടനെ തറവാട്ടുകാരണവരും ചീത്ത പറഞ്ഞില്ല. മാവും മാമ്പഴക്കാലവും എന്നും കുട്ടികള്ക്കുള്ളതായിരുന്നു. മാമ്പൂ കണ്ടും മക്കളെ കണ്ടും മതിക്കരുതെന്നവര് അറിഞ്ഞിരുന്നു. ബാല്യത്തിന്റെ ഒന്നുമറിയാത്ത പ്രായത്തില്‍ കണ്ണി മാങ്ങകള്‍ക്ക് കല്ലെറിഞ്ഞ കരുമാടി കുട്ടന്മാര് പിന്നീട് വലിയവരായപ്പോഴും അവരുടെ മനസ്സിന്റെ തിരുമുറ്റത്ത് നാട്ടുമാവുകള്‍ പലകുറി പൂത്തു. സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും ഉദാരതയുടേയും പരസ്പര സഹായത്തിന്റേയും പങ്കുവെയ്ക്കലിന്റേയും നാട്ടു നന്മയുടേയും സ്നഹ പാഠങ്ങള്‍ അതിലുണ്ടായിരുന്നു.
മുറ്റത്തെ ചക്കരമാവ്
എന്നാല്‍ ഇന്ന് കഥമാറി. ആത്മപ്രകാശം കെട്ടു പോയ പുതിയകാലത്തിന്റെ ഋതുക്കളില്‍ ബാല്യകാലത്തിന്റെ മധുരിമയില്ല. ഓര്‍മകള്‍ ഓടിക്കളിക്കാനെത്തുന്ന മുറ്റത്തെ ചക്കര മാവിന്‍ചുവട്ടില്‍ ഇപ്പോള്‍ കുട്ടികളുടെ കൂത്താട്ടവുമില്ല. മാങ്ങക്കറ പൊള്ളിച്ച കവിളുള്ള കിടാങ്ങളെ എങ്ങോട്ടാണ് കാലം ആട്ടി തെളിച്ചത്? ഒരു കൊച്ചു കാറ്റേറ്റു വീണ മാമ്പഴം ഒന്നിച്ചു പങ്കിട്ടെടുക്കുന്ന ഓര്‍മകളും, സൗഹൃദത്തിന്റേയും പങ്കുവെയ്ക്കലിന്റേയും ധാര്‍മിക പാഠങ്ങളും പുതിയ തലമുറയിലെ കുട്ടികള്‍ക്ക് അന്യമായിരിക്കുന്നു. മുറ്റത്തോട് ചേര്‍ന്ന് ഇപ്പോള്‍ വേരുപടര്‍ത്തി നില്ക്കുന്ന മാവു മുത്തശ്ശി ഇല്ല. പുതിയ പാഠ്യ പദ്ധതികളും ട്യൂഷനും വരിഞ്ഞു മുറുക്കിയ കുട്ടികള്‍ക്ക് ഒഴിവു കാലമോ മാവിന് ചുവട്ടില്‍ വിശ്രമിക്കാന്‍ സമയമോ ഇല്ല. മത്സര പരീക്ഷകളുടെ തീച്ചൂളകളില്‍ റാങ്കുകള്‍ തിരയുന്ന രക്ഷിതാക്കള്‍ മക്കളെ മാങ്ങ പെറുക്കാന്‍ വിടാന്‍ തയ്യാറുമില്ല. തിരക്കു പിടിച്ച പുതിയ കാലത്ത് മാങ്കോ ഫ്രൂട്ടിയും കുപ്പിയിലാക്കിയ മാങ്ങ തൊട്ടു തീണ്ടിയില്ലാത്ത മാങ്കോ ജ്യൂസും നല്കുന്ന രുചിഭേദങ്ങളിലേക്ക് കുട്ടികളെ മയക്കിയിടാന്‍ പോന്ന പരസ്യങ്ങളില്‍ രക്ഷിതാക്കളും വീണു പോയിരിക്കുന്നു. കാര്ബണ്വച്ച് പഴുപ്പിച്ച് നിറം വരുത്തിയ തുടുത്ത മാങ്ങകള്‍ വാങ്ങി രക്ഷിതാക്കള്‍ മക്കള്‍ക്ക് നല്കുന്നു. കേടു വരാതെ മാസങ്ങളോളം ഇരിക്കാന്‍ രാസപ്രയോഗങ്ങള് നടത്തിയ മാങ്ങകള്‍ ഒപ്പം മാരക രോഗങ്ങളും കൊണ്ടുവരുന്നു.
നാട്ടു മാങ്ങകള്‍ക്കും വിലപറയാന്‍ പുതിയ മലയാളി പഠിച്ചുകവിഞ്ഞു. നാട്ടുമാവു നിന്നിരുന്ന തറവാട് ഭാഗംവച്ച് വിറ്റ് പുതിയ തലമുറയിലെ മക്കള്‍ പട്ടണത്തിലേക്ക് കുടിയേറി. പുത്തന്‍ പരിഷ്ക്കാരങ്ങളുടെ ഘോഷയാത്രകള്‍ വന്നപ്പോള്‍ മാവു മുറിച്ച് മുറ്റം കോണ്‍ക്രീറ്റ് ചെയ്തു. ഭൂമി കച്ചവടക്കാര്‍ വാങ്ങിയ ഭാഗം തുണ്ടുകളാക്കി മുറിച്ചുവിറ്റ് അതില്‍ അണു കുടുംബങ്ങള്‍ കോണ്‍ക്രീറ്റ് സൗധങ്ങള്‍ പണിതു. പിന്നെ ചുറ്റും പരസ്പരം കാണാത്ത വിധം മതില് കെട്ടി മറച്ചു. ഇനി ഏതതിരിലാണ് നാട്ടുമാവുകള്‍ പൂത്തു നില്ക്കുക? ആകെയുള്ള അഞ്ച് സെന്റില്‍ മാവുവെയ്ക്കാനും കളിവീടുകെട്ടാനും കുരുന്നുകള്‍ക്ക് സ്ഥലമെവിടെ? സമയമെവിടെ? ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ടെലിവിഷനിലും പഴയ സിനിമകളിലും തെളിയുന്ന മാമ്പഴക്കാല രംഗങ്ങളെ ചൂണ്ടികാണിച്ച് ഇങ്ങനേയും ഒരു കാലമുണ്ടായിരുന്നു എന്ന് മക്കള്‍ക്ക് പരിചയപ്പെടുത്തുകയാണിന്ന് രക്ഷിതാക്കള്‍.
മരിക്കാത്ത മാമ്പഴക്കാലം
തമിഴ്നാട്ടില്‍ നിന്നും മറ്റു വിദൂര ദേശങ്ങളില്‍ നിന്നും വരുന്ന മാങ്ങകള്‍ ഇന്നു വിപണിയില്‍ സുലഭമാണ് .ഒരു സീസണില്‍ പ്രതിമാസം പതിമൂന്നു കോടിയോളം രൂപയുടെ മാങ്ങ കച്ചവടം നടക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇതില്‍ തൊണ്ണൂറു ശതമാനവും പുറത്തുനിന്നു വരുന്ന മാങ്ങയാണ്. പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് മാങ്ങയുടെ വലിയ വിപണികള്‍ ഉള്ളത്. ജീവിതായോധനത്തിന്റെ വഴികള്‍ തേടി ഗള്‍ഫ് രാജ്യങ്ങളിലും മറ്റും പ്രവാസ ജീവിതം നയിക്കുന്ന മലയാളികള്‍ക്കായി അവിടുത്തെ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ കേരളത്തിലെ മാങ്ങയ്ക്കും ചക്കയ്ക്കും പ്രത്യേക കോര്‍ണറുകള്‍ തന്നെയുണ്ട്. കേരള- തമിഴ്നാട് അതിര്‍ത്തി പ്രദേശത്തെ മാങ്ങ തോട്ടങ്ങളില്‍ മാരക വിഷങ്ങളായ കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് അടുത്ത കാലത്തു കണ്ടെത്തിയിരുന്നു. എന്നാല്‍ വിപണിയിലെത്തുന്ന മാങ്ങയുടെ ഗുണനിലവാരം പരിശോധിക്കാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ ഇന്നും നടപ്പിലാക്കിയിട്ടില്ല.
സ്വന്തം വീട്ടു വളപ്പില്‍ പടുമുള മുളച്ച മാവിനെ അപ്പോഴും മലയാളി ഓര്‍ക്കുന്നില്ല. അതു കണ്ണിമാങ്ങ പ്രായത്തില്‍ തന്നെ കരാറുകാരന് വിറ്റൊഴിവാക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നു. ഒരു ചെലവുമില്ലാതെ തന്നെ. തന്റെ പറമ്പില്‍ വിളയുന്ന നാട്ടു മാമ്പഴം പോലും പെറുക്കിയെടുത്ത് ഭക്ഷിക്കാനുള്ള മനസ്സ് മലയാളിക്ക് ഇല്ലാതായിരിക്കുന്നു. എങ്കിലും ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെ മാവിന് ചുവട്ടില്‍ വീഴുന്ന മാമ്പഴമെടുത്ത് രുചിച്ച് എന്ത് മധുരമെന്നോതുവാന്‍ മോഹിക്കുന്ന കുറച്ചു പഴമക്കാരെങ്കിലും ഇന്നു മലയാളക്കരയിലുണ്ട്. ഇനിയും വറ്റാത്ത നന്മപോലെ അവര്‍ക്കു വേണ്ടിയായിരിക്കാം ഓരോ മാമ്പഴക്കാലവും മുറതെറ്റാതെ വീണ്ടും വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: