ഹലോ ഗോപാലകൃഷ്ണാ, കല്‍ക്കത്തയില്‍ നിന്നും പോരുമ്പോള്‍ ഒരു കമ്പിളിപ്പുതപ്പ് വാങ്ങിച്ചുകൊണ്ടു വരാമോ?”
”ഹലോ… കേള്‍ക്കുന്നില്ല.”
”കമ്പിളിപ്പുതപ്പ്… കമ്പിളിപ്പുതപ്പ്.”
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളികള്‍ പൊട്ടിച്ചിരിച്ച (റാംജിറാവു സ്പീക്കിങ്) ഈ സിറ്റുവേഷന്‍സ് കോമഡി, കാലങ്ങള്‍ പിന്നിട്ടിട്ടും ഇന്നത്തെ ന്യൂജെന്സും ഏറ്റുചൊല്ലുന്നു. ഫോണ്‍കോളിന്റെ അങ്ങേത്തലയ്ക്കലുള്ള വ്യക്തിയുടെ ആവശ്യം മനപ്പൂര്‍വ്വം ഒഴിവാക്കാന്‍ മറുതലയ്ക്കലെ മലയാളി വിളിച്ചു പറയും, “കമ്പിളിപ്പുതപ്പ്… കമ്പിളിപ്പുതപ്പ്.”
പുതുമമായാത്ത സറ്റയര്‍. അതാണ് സിദ്ദിഖ് ചിത്രങ്ങളിലെ രംഗങ്ങള്‍. തിരക്കഥയിലും സംവിധാനത്തിലും ഒപ്പമുണ്ടായിരുന്ന ലാല്‍ നിര്‍മ്മാണ-അഭിനയ മേഖലയിലേക്ക് ചേക്കേറിയപ്പോള്‍, എഴുത്തും സംവിധാനവും സിദ്ദിഖിന്റെ മാത്രമായി. തമിഴകത്തിനപ്പുറം ബോളിവുഡിലേക്ക് സിദ്ദിഖ് കാല്‍വെച്ചപ്പോള്‍, സിനിമ റിലീസ് ചെയ്ത ആദ്യത്തെ നാല് ദിവസത്തിനുള്ളില്‍ ഹണ്ട്രഡ് ക്ലബ്ബ് വിജയവും നേടി. ”എല്ലാ ഇന്നലകളും കരുതിവെയ്ക്കാനുള്ളതല്ല, ചിലതൊക്കെ വലിച്ചെറിഞ്ഞു കളയണം. ഇല്ലെങ്കില്‍ അവ നമ്മളെയും കൊണ്ടേ പോകൂ…” ലേഡീസ് ആന്റ് ജെന്റില്മാനില് ശരത്തിന് മോഹന്‍ലാലിന്റെ കഥാപാത്രം ചന്ദ്രബോസ് കൊടുക്കുന്ന ഈ ഉപദേശം സിദ്ദിഖ് എന്ന എഴുത്തുകാരന്റെ ഐഡിയോളജി തന്നെയാണ്. 2019-ല്‍ ചിത്രീകരണം തുടങ്ങാനിരിക്കുന്ന ബിഗ് ബ്രദറിന്റെ ചര്‍ച്ചക്കിടെ മനസ്സ് തുറക്കുകയാണ് സിദ്ധിഖ്.
സിദ്ദിഖിന്റെ ആദ്യ സൂപ്പര്‍സ്റ്റാര്‍ ചിത്രം ‘വിയറ്റ്നാം കോളനി’മോഹന്‍ലാല്‍ സിനിമയായിരുന്നു. ‘ലേഡീസ് ആന്റ് ജെന്റില്‍ മാനിലും മോഹന്‍ലാല്‍ നായകനായി. പുതിയ ചിത്രം ‘ബിഗ് ബ്രദറും’ മോഹന്‍ലാല്‍ ചിത്രമാണെന്ന് വാര്‍ത്ത വന്നു കഴിഞ്ഞു.
എന്നില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ക്ലീന്‍ എന്റര്‍ട്ടെയ്നര്‍ ചിത്രമായ ‘ബിഗ് ബ്രദര്‍’ ഇന്നിന്റെ കഥ പറയുന്ന മോഹന്‍ലാല്‍ ചിത്രമാണ്. എന്റെതന്നെ നിര്‍മ്മാണ കമ്പനിയായ എസ്. ടാക്കീസാണ് ചിത്രം നിര്‍മിക്കുന്നത്. മറ്റു താരനിര്‍ണ്ണയം നടന്നുവരുന്നതേയുള്ളൂ.
സിനിമാ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍….?
ഫാസില്‍ സാറിന്റെ ‘നോക്കെത്താദൂരത്ത് കണ്ണും നട്ട് ’എന്ന ചിത്രത്തിലാണ് ഞാന്‍ ആദ്യമായി അസിസ്റ്റ് ചെയ്യുന്നത്. സിദ്ദിഖ് ലാല്‍ എന്നപേരില്‍ ഞാനും ലാലും തിരക്കഥയെഴുതിയ ചിത്രമായിരുന്നു സത്യേട്ടന് (സത്യന് അന്തിക്കാട്) സംവിധാനം ചെയ്ത പപ്പന് പ്രിയപ്പെട്ട പപ്പന്. നാടോടിക്കാറ്റിന്റെ’ കഥയും ഞങ്ങളുടേതു തന്നെ. ഈ ചിത്രങ്ങളിലെല്ലാം മോഹന്‍ലാലാണ് നായകന്. കമല്‍-ശ്രീനിവാസന് ടീമിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ‘അയാള്‍ കഥയെഴുതുകയാണ്’ എന്ന ചിത്രത്തിന്റെ കഥയും എന്റേതുതന്നെ. എല്ലാം ഓരോ നിമിത്തങ്ങള്‍.
മലയാള സിനിമാ ലോകത്തെ പുതിയ ട്രെന്റ്?
ഇവിടുത്തെ തിയേറ്റര്‍ സംസ്കാരം മാറിയതോടെ പ്രേക്ഷകര്‍ ഫാമിലിയായി തിയേറ്ററുകളില്‍ വന്നുതുടങ്ങിയത് എന്നെയും സന്തോഷിപ്പിക്കുന്നു. ‘എന്ന് നിന്റെ മൊയ്തീന്, പുലിമുരുകന്, ജോസഫ്, ഞാന്‍ പ്രകാശന്’ ഇവയെല്ലം വ്യത്യസ്തമായ രീതിയില്‍ നിര്‍മിച്ച ചിത്രങ്ങളാണ്. സാങ്കേതികത്തികവുള്ള സിനിമകള്‍ക്കേ ഇനിയങ്ങോട്ട് മലയാളത്തില്‍പ്പോലും നിലനില്‍പ്പുള്ളൂ എന്ന വാദഗതിക്കുള്ള മറുപടിയാണ് ഈ ചിത്രങ്ങളുടെയെല്ലാം വന്‍വിജയം. മൊയ്തീന് ലൗ സ്റ്റോറി ആണെങ്കില്‍, ആക്ഷന്‍ ചിത്രമാണ് പുലിമുരുകന്. ഞാന്‍ പ്രകാശനും ജോസഫും ക്ലീന്‍ ഫാമിലി ചിത്രങ്ങളും.
ഭാഷാടിസ്ഥാനത്തില്‍ സിനിമയെ വിലയിരുത്തിയാല്‍ ഓരോ സിനിമയ്ക്കും ഓരോ ശൈലി തന്നെയുണ്ട്. പ്രമേയത്തിലെ പുതുമയും അഭിനയമികവും തന്നെയാണ് മലയാള സിനിമയുടെ പൈതൃകം. മമ്മുക്കയും മോഹന്‍ലാലും ഇതര ഭാഷാനടന്മാര്ക്കുപോലും മാതൃകയാകുന്ന വലിയ നടന്മാരാണ്. ടെക്നോളജി വളരുന്നതോടൊപ്പം ഈ മഹാ നടന്മാരും മുന്നേറുകയാണ്. രജനീകാന്ത് സാറിനെ അദ്ദേഹം സ്ഥിരം ചെയ്തുപോരുന്ന വേഷങ്ങളില്‍ നിന്ന് മാറി ചിന്തിച്ചാല്‍ ആരാധകര്‍ ഇഷ്ടപ്പെടണമെന്നില്ല. കമലഹാസന് പല വേഷങ്ങള്‍ ചെയ്യുമ്പോഴും ജനം ഇഷ്ടപ്പെടുന്നു. ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇമേജുകള്‍ ബ്രെയ്ക്കു ചെയ്ത് കാലത്തിനൊപ്പം മുന്നേറുകയാണ് മമ്മുക്കയും ലാലും. അതുകൊണ്ടുതന്നെയാണ് ഇന്ത്യന്‍ സിനിമയിലെ സമാനതകളില്ലാത്ത നടന്മാര് എന്ന വലിയ ആദരവ് നമ്മുടെ ഈ മെഗാ താരങ്ങള്‍ക്ക് ലഭിക്കുന്നതും.
മലയാളത്തിനൊപ്പം അന്യഭാഷകളില്‍ സാന്നിധ്യമറിയിച്ച പല സംവിധായകരും പരാജയപ്പെട്ടപ്പോള്‍, സിദ്ദിഖിന് എവിടെയും ഹിറ്റുകള്‍ മാത്രമാണ്?
റാംജിറാവു സ്പീക്കിംഗ്, ‘ഇന്‍ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര് എന്നീ ചിത്രങ്ങള്‍ ഇറങ്ങിയ കാലത്തുതന്നെ എനിക്ക് തമിഴില്‍ നിന്നും ഓഫറുകള്‍ വന്നിരുന്നു. അപ്പോഴെല്ലാം ഞാന്‍ മാറിനിന്നു. എനിക്കും തമിഴ് സിനിമ ചെയ്യാന്‍ സാധിക്കും എന്ന തോന്നല്‍ സര്വ്വശക്തന് നല്‍കിയപ്പോഴാണ് ‘ഫ്രണ്ട്സ്’ ’തമിഴില്‍ ചെയ്തത്. അതോടെ അവിടെയും എന്റെ സിനിമകള്‍ സൂപ്പര്‍ ഹിറ്റുകളായി. അതുപോലെ തന്നെയാണ് ബോളിവുഡിലെ എന്റെ തിളക്കവും. ഓഫറുകള്‍ വന്നയുടനെ അന്യഭാഷാ ചിത്രങ്ങള്‍ ചെയ്യുന്നതിനു പകരം, അവിടെ എന്തു പുതുമ സൃഷ്ടിക്കാനാകും എന്ന കഠിനാധ്വാനം ഏറ്റെടുക്കുന്നതിലായിരുന്നു എന്റെ ത്രില്‍.
ആദ്യം അന്യഭാഷാ പ്രേക്ഷകരുടെ ടേസ്റ്റ് പഠിക്കണം. അവിടുത്തെ സിനിമയുടെ കള്‍ച്ചര്‍ മനസ്സിലാക്കണം, അവരുടെ ചിത്രങ്ങളുടെ വിജയപരാജയ കാരണങ്ങള്‍ നിര്‍ണയിക്കണം. ഇതിനൊക്കെ കുറച്ചധികം സമയമെടുക്കും. അതൊക്കെ ഒത്തുവന്നപ്പോഴാണ് മറ്റ് ഭാഷാ ചിത്രങ്ങള്‍ ഞാന്‍ സംവിധാനം ചെയ്തു തുടങ്ങിയത്. മലയാളത്തില്‍ നിന്ന് വ്യത്യസ്തമായി ഹ്യൂമറും മറ്റും കുറെക്കൂടി പരത്തിപ്പറഞ്ഞാലേ തമിഴില്‍ ഏല്‍ക്കൂ. ഹിന്ദിയിലാണെങ്കില്‍ എല്ലാം വളരെ സൂപ്പര്‍ ഫാസ്റ്റായി പറഞ്ഞിരിക്കണം. എന്റെ ഹിന്ദി ചിത്രം ബോഡിഗാര്‍ഡ് നാലു ദിവസംകൊണ്ട് നൂറുകോടി ക്ലബ്ബില്‍ കയറിയത് ശരിക്കും ഇന്റസ്ട്രിയെ ഞെട്ടിച്ചു. ഒരു മികച്ച സിനിമയ്ക്ക് രണ്ടുമൂന്നു ദിവസംകൊണ്ടുതന്നെ നല്ല മാര്ക്കറ്റിംഗുംകൂടി ഉണ്ടെങ്കില്‍ മുടക്കുമുതലും ലാഭവും തിരിച്ചുപിടിക്കാം എന്ന ആത്മവിശ്വാസം ഹിന്ദി ബോര്‍ഡി ഗാര്‍ഡ് ’ഇന്‍ഡസ്ട്രിക്ക് നല്കി.
1989-ല്‍ റാംജിറാവു റിലീസ് ചെയ്തപ്പോള്‍ തന്നെ ഞങ്ങളുടെ സിനിമയെ തളര്‍ത്തിക്കളയാന്‍ ചില പ്രത്യേക വിഭാഗം ഉണ്ടായിരുന്നു. ഇന്നും എന്റെ സിനിമ റിലീസ് ചെയ്യുമ്പോള്‍ അതിനെതിരെ നിഷേധാത്മകമായ കാര്യങ്ങള്‍ പറഞ്ഞുപരത്താന്‍ പ്രത്യേക വിഭാഗം ഉണ്ടാകുന്നു. ഞാന്‍ ചെയ്യുന്ന കഠിനാധ്വാനത്തെ സര്വ്വശക്തന് അനുഗ്രഹിക്കുന്നതിനാല്‍, സിനിമ കണ്ടവര്‍ മറ്റുള്ളവരോട് നല്ലതു പറഞ്ഞു തുടങ്ങുന്നതോടെ പടം വന്‍ ഹിറ്റിലേക്ക് കുതിക്കുന്നു. അനാവശ്യമായ ഒരു സീനോ കഥാസന്ദര്‍ഭങ്ങളോ വിരസത തോന്നുന്ന ഗാനരംഗമോ ഇല്ലാതാകുമ്പോഴാണ് സിനിമ കൂടുതല്‍ ഏകാഗ്രമാകുന്നത്. ഞാന്‍ ഇത് പരമാവധി പാലിക്കാറുണ്ട്.
മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല, മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളെയും സിദ്ദിഖ് തന്റെ ചിത്രങ്ങളില്‍ അണിനിരത്തി കഴിഞ്ഞു. തമിഴില്‍ വിജയ്, ഹിന്ദിയില്‍ സല്മാന്ഖാന് എന്നിവരെ നായകരാക്കി സിനിമ ചെയ്തു. സിദ്ദിഖിന്റെ കുട്ടികാലത്തെ ഹീറോ കമ്പം ആരോടായിരുന്നു?
പ്രേംനസീര്‍ ആയിരുന്നു എന്റെ ചെറുപ്പകാലത്തെ ഹീറോ. സത്യന് മാഷിന്റെയും മധു സാറിന്റെയും ചിത്രങ്ങളും എനിക്ക് ഇഷ്ടമായിരുന്നു. ഹ്യൂമര്‍ ചിത്രങ്ങള്‍ അക്കാലത്ത് കൂടുതല്‍ ചെയ്തിരുന്നത് നസീര്‍ സാറായിരുന്നു. ലളിതമായ ജീവിതം കൊണ്ടും, താരപരിവേഷത്തിനപ്പുറം സിനിമയെയും സമൂഹത്തെയും സത്യസന്ധമായി സമീപിച്ച വ്യക്തി എന്ന നിലയിലും പ്രേംനസീറിനോടും നസീര്‍ ചിത്രങ്ങളോടും ആയിരുന്നു അന്നത്തെ എന്റെ ആരാധന.
അഭിമുഖത്തിനിടെ ഒരു ഫോണ്കോൡലേക്കായി ഈ ജനപ്രിയ സംവിധായകന്. അപ്പോള്‍ ടിവിയില്‍ കണ്ട ഒരു സിദ്ദിഖ് ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഒരു പ്രേക്ഷകന്. ഫോണ്‍കോളിനു ശേഷം സിദ്ദിഖ് വാചാലനായി.
എന്റെ ആ പഴയ സിനിമ ഇപ്പോള്‍ കാണുമ്പോഴും അയാള്‍ ഇഷ്ടപ്പെട്ടുവത്രേ. ഈ ചിത്രം റിലീസ് ചെയ്ത വാരത്തില്‍ ഒരാള്‍ എന്നെ വിളിച്ചു പറഞ്ഞു,
”സിദ്ദിഖിന്റെ എല്ലാ സിനിമകളും എനിക്കിഷ്ടമാണ്. പക്ഷേ ഇപ്പോള്‍ റിലീസായ ചിത്രം എന്റെ ഒരു സുഹൃത്ത് കണ്ടുപറഞ്ഞു, ഈ സിനിമ രക്ഷപ്പെടില്ലെന്ന്. എന്തേ നിങ്ങളുടെ ഈ സിനിമ മാത്രം മോശമായി?”
”നിങ്ങള്‍ ഇതിനു മുമ്പ് എന്നെ വിളിച്ചിട്ടുണ്ടോ?” ഞാന്‍ ചോദിച്ചു.”
”ഇല്ല” എന്ന് അയാള്‍.
”അപ്പോള്‍ എന്റെ ഏതെങ്കിലും ഒരു ചിത്രം മോശമാണെന്ന് അറിയാന്‍ കാത്തുനില്‍ക്കുകയായിരുന്നോ നിങ്ങള്‍?”
അയാള്‍ ഫോണ്‍ കട്ട് ചെയ്തു കളഞ്ഞു.
സിദ്ദിഖ് ചിരിക്കുന്നു.
”പ്രിയ അശോകന്. ഈ എഴുത്തുമായി വരുന്ന ചെറുപ്പക്കാരന് എനിക്ക് എന്റെ മകനെ പോലെയാണ്. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ മകന്. പേര് ജയകൃഷ്ണന്. അവന് തലതിരിഞ്ഞ് പോയവനാണെന്നും, ആരെയും അനുസരിക്കാത്തവനാണെന്നുമൊക്കയാ അവന്റെ അച്ഛനും എല്ലാവരും പറയുന്നത്. പക്ഷേ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. തലതിരിഞ്ഞു പോയ ഈ ലോകത്ത് ഒരാള്‍ മാത്രം നേരെ ചിന്തിക്കുമ്പോള്‍, മറ്റുള്ളവര്‍ക്ക് അങ്ങനെയല്ലേ തോന്നൂ. അവനെന്നും സത്യത്തിന്റെ ഭാഗത്താണ്. അനീതിയെ എതിര്‍ക്കണമെങ്കില്‍ ശക്തിവേണം എന്നതാണ് അവന്റെ യുക്തി. അതാണവന്റെ പ്രശ്നം. എന്തോ അവന്റെ അച്ഛനും അമ്മയും ചെയ്ത പുണ്യമാവാം അവന് നിന്റെ കൂടെ ചേരണമെന്ന് തോന്നിയതും, എന്റെ അടുത്ത് വന്നതും. നിനക്കവനെക്കൊണ്ട് എന്ത് പ്രയോജനം എന്നെനിക്കറിയില്ല. എന്നാല്‍ എനിക്ക് നീ ചെയ്തുതരുന്ന ഏറ്റവും വലിയ ഉപകാരമായിരിക്കും ഇത്. ഒപ്പം ഒരു പാട് കുട്ടികള്‍ക്ക് അക്ഷരം പകര്‍ന്ന് കൊടുത്ത ഒരു അധ്യാപക കുടുംബത്തിനും…’
മലയാളം ഉള്‍പ്പെടെ മൂന്ന് ഭാഷകളില്‍ വിജയം ആവര്‍ത്തിച്ച ‘ബോര്‍ഡി ഗാര്‍ഡിലെ സിദ്ദിഖിന്റെ വരികള്‍. എഴുത്തിലെ പൂര്‍ണ്ണത, മനോഹരമായ ചിത്രീകരണം, സ്നേഹവലയങ്ങളുടെ മുഹൂര്‍ത്തങ്ങള്‍. ഇതെല്ലാം തന്നെയാണ് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര ചലച്ചിത്രകാരനായി സിദ്ദിഖിനെ മാറ്റുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: