കൊച്ചി: മുന്നൂറിലേറെ പേരുടെ ജീവനെടുത്ത ശ്രീലങ്കയിലെ ചാവേറാക്രമണങ്ങളുമായി ബന്ധപ്പെട്ട് 60 മലയാളികള്‍ നിരീക്ഷണത്തില്‍. സ്ഫോടനം നടത്തിയ ഭീകര സംഘടനയായ തൗഹീദ് ജമാഅത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരാണ് ഇവര്‍. ഇവര്‍ നിരീക്ഷണത്തിലാണെന്ന കാര്യം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്ഥിരീകരിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തതായുള്ള മലയാള വീഡിയോ സന്ദേശവും അത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതും അടിസ്ഥാനമാക്കിയാണിപ്പോള്‍ അന്വേഷണം.
ഐഎസിന്റെ നിഴല്‍ രൂപമായ നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ തമിഴ്നാട് ഘടകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരില്‍ 60 മലയാളികളുണ്ട്. വണ്ടിപ്പെരിയാര്‍, പാലക്കാട്, തൃശൂര്‍, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍. സംസ്ഥാന പോലീസും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
തമിഴ്നാട്ടിലെ നാഷണല്‍ തൗഹീദ് ജമാഅത്ത് 2016ല്‍ മധുരയിലും, നാമക്കലിലും ചേര്‍ന്ന രഹസ്യയോഗങ്ങളില്‍ ഈ അറുപതുപേരും പങ്കെടുത്തതായി സംസ്ഥാന ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. ഐഎസില്‍ ചേര്‍ന്ന, ഇന്റര്‍പോള്‍ തേടുന്ന കാസര്‍കോട്ടുകാരായ ചിലര്‍ ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. ഇത് നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനാണെന്നാണ് ഏജന്‍സികളുടെ അനുമാനം. ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റ് ഐ എസ് പുറത്തിറക്കിയ വീഡിയോ ദൃശ്യങ്ങള്‍ അറബിയിലും ഇംഗ്ലീഷിലും കൂടാതെ മലയാളം, തമിഴ് ഭാഷകളിലും ഉണ്ടായിരുന്നു. ഒന്നുകില്‍ ഇത് കേരളത്തിലും തമിഴ്നാട്ടിലും തയാറാക്കിയത്, അല്ലെങ്കില്‍ ഒരേ സ്ഥലത്ത് ഈ ഭാഷ കൈകാര്യം ചെയ്യാനറിയാവുന്നവര്‍ ഒരുക്കിയത്. രണ്ടായാലും ഉദ്ദേശ്യം കേരളത്തില്‍ സന്ദേശവും സംഘടനാശേഷിയും അറിയിക്കുകയെന്നതായിരുന്നു.
സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മലയാളി ബന്ധത്തിനും തെളിവുകള്‍ ലഭിച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍നിന്ന് ഈ മലയാളം വീഡിയോ പിന്നീട് പിന്‍വലിച്ചു. ശ്രീലങ്കയില്‍ വന്‍ സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരം എന്‍ഐഎ ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു. രഹസ്യപ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷിത താവളമായി കേരളത്തെ ഉപയോഗിക്കുന്നതിനാലാണ് ഭീകരാക്രമണങ്ങള്‍ പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഇവര്‍ കേരളത്തില്‍ നടത്താത്തതെന്ന് കരുതപ്പെടുന്നു.
ഹാഷിമിനും കേരള ബന്ധം
ന്യൂദല്‍ഹി: ശ്രീലങ്കയില്‍ ചാവേറാക്രമണങ്ങള്‍ അഴിച്ചുവിട്ടതിന്റെ സൂത്രധാരന്‍ സഹ്റാന്‍ ഹാഷിം കേരളത്തിലെയും തമിഴ്നാട്ടിലെയും ചില ഐഎസ് അനുകൂലികളുമായി ബന്ധപ്പെട്ടിരുന്നതായി സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. സാമൂഹ്യമാധ്യമങ്ങള്‍ വഴി മൂന്നു വര്‍ഷമായി ഇയാള്‍ ഈ ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് സൂചന.
ദക്ഷിണേന്ത്യയില്‍ നിന്ന് ഐഎസ് അനുകൂലികളായ മുഹമ്മദ് ആഷിഖ്, ഇസ്മയേല്‍, ഷംസുദ്ദീന്, ജാഫര്‍ സാദിഖ് അലി, ഷംസുല്‍ ഹമീദ് എന്നിവരെ മുന്‍പ് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ചിലര്‍ സഹ്റാന്‍ ഹാഷിമുമായി ബന്ധം പുലര്‍ത്തിയിരുന്നു. കേരളത്തിലെ ചില സലഫി മൗലവിമാരുടെ പ്രസംഗങ്ങളും ഹാഷിമിന്റെ പ്രസംഗവും തമ്മില്‍ വലിയ സാമ്യതകള്‍ ഉണ്ടായിരുന്നതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: