സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തെരഞ്ഞെടുപ്പ്, ജനാധിപത്യത്തിന്റെ ഉത്സവമാണ്. സാക്ഷരതയിലും രാഷ്ട്രീയ പ്രബുദ്ധതയിലും മുന്നിലുള്ള കേരളീയര്‍ തെരഞ്ഞെടുപ്പുകാലത്തെ നേരിയ രാഷ്ട്രീയ ചലനങ്ങള്‍ പോലും ശ്രദ്ധിക്കുന്നു. ഈ ചലനങ്ങളെല്ലാം ജനങ്ങളിലെത്തിക്കുന്നത് മാധ്യമങ്ങളാണ്. തെരഞ്ഞെടുപ്പ് വാര്‍ത്തകളും പേജുകളും ആകര്‍ഷകമാക്കാന്‍ പത്രങ്ങള്‍ പരമാവധി ശ്രമിക്കുന്നു. പത്രഭാഷയില്‍ പറഞ്ഞാല്‍ പത്രലേഖകരെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വെല്ലുവിളി തന്നെ. മലയാളപത്രങ്ങളിലെ തെരഞ്ഞെടുപ്പ് പേജുകള്‍ ശ്രദ്ധിച്ചുവായിച്ചാല്‍ ലേഖകരുടെ ഭാഷയ്ക്കോ, ശൈലിക്കോ പഴയ കാലത്തേതിനെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങള്‍ വന്നിട്ടില്ലെന്ന് കാണാം. തെരഞ്ഞെടുപ്പ് വാര്‍ത്തകളിലും കാല്‍നൂറ്റാണ്ടിലേറെയായി പംക്തികളിലും കണ്ടുവരുന്ന ചില സ്ഥിരം വാക്കുകളെയും പ്രയോഗങ്ങളെയും കുറിച്ചാണ് ഇവിടെ പറയുന്നത്.
ഒരു മണ്ഡലത്തിലെ മത്സരം പ്രധാനമായും രണ്ടുസ്ഥാനാര്‍ത്ഥികള്‍ തമ്മിലാണെന്നിരിക്കട്ടെ. അവരുടെ പോരാട്ടം ശക്തമാക്കാന്‍ ചേര്‍ക്കുന്ന വിശേഷണമാണ് ‘നേര്‍ക്കുനേര്‍’.
”ഈ മണ്ഡലത്തില്‍ ഇരുകക്ഷികളും തമ്മില്‍ നേര്‍ക്ക്നേര്‍ പോരാട്ടമാണ്”.
രണ്ടു കക്ഷികള്‍ സഹകരിച്ചാണ് മത്സരിക്കുന്നതെങ്കില്‍ പ്രചാരണഭാഷയില് അത് അന്നും ഇന്നും ‘തോളോടുതോള്‍’ ചേര്‍ന്നുള്ള മത്സരമാണ്.
”ഇവിടെ വിരുദ്ധമുന്നണികളിലാണെങ്കിലും അയല്‍ സംസ്ഥാനത്ത് ഈ കക്ഷികള്‍ തോളോടുതോള്‍ ചേര്‍ന്നാണ് മത്സരിക്കുന്നത്”.
സ്ഥാനാര്‍ത്ഥികള്‍ ചെറുപ്പക്കാരാണെങ്കില്‍ ‘യുവതാരങ്ങളാ’കും.
”യുവതാരങ്ങള്‍ ഏറ്റുമുട്ടുന്നു എന്ന സവിശേഷതയും ഈ മണ്ഡലത്തിലുണ്ട്”.
നിയോജകമണ്ഡലത്തിന് വേണ്ടി പറഞ്ഞ കാര്യങ്ങള്‍ ‘എണിയെണ്ണി’ പറഞ്ഞാണ് ചില സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരെ സമീപിക്കാറുള്ളത്. ചിലര്‍ക്ക് നേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞാല്പ്പോരാ, ‘അക്കമിട്ടുനിരത്തുക’ തന്നെ വേണം. ചിലര്‍ ഓരോ നേട്ടവും ‘ഉയര്‍ത്തിക്കാട്ടി’ വോട്ടുതേടും. നേട്ടങ്ങള്‍ ‘നിരത്തുന്ന’വരും കുറവല്ല.
പ്രചാരണം ചിലപ്പോള്‍ ‘മുറുകും’. ചിലപ്പോള്‍ ‘കൊഴുക്കും’. ചിലര്‍ പ്രചാരണം ‘കടുപ്പിക്കും’. ഇവയേക്കാളേറെ പ്രചാരമുള്ള പ്രയോഗമാണ് ‘ഉച്ചസ്ഥായി’.
”പത്രികാസമര്‍പ്പണം കഴിഞ്ഞതോടെ മണ്ഡലങ്ങളില്‍ പ്രചാരണം ഉച്ചസ്ഥായിലിലായി’. ഇങ്ങനെ ഒട്ടേറെ റിപ്പോര്‍ട്ടുകളില്‍ കണ്ടു. മണ്ഡലത്തിന്റെ ‘മനസ്സറിഞ്ഞാ’ണ് ചില സ്ഥാനാര്‍ത്ഥികളുടെ പര്യടനമെങ്കില്‍ ചിലര്‍ ‘മനസ്സു ചോദിച്ചാ’ണ് പര്യടനം നടത്താറുള്ളത്.
”വിധി പറയാന്‍ ഈ തീരദേശമണ്ഡലത്തിന്റെ മനസ്സ് അല്പം പ്രയാസപ്പെടു”മെന്ന് ഒരു റിപ്പോര്‍ട്ടില്‍ കണ്ടു.
‘തേടി’യവരും പ്രചാരണത്തിനിടെ പ്രമുഖരുടെ ‘അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങി’യവരുമുണ്ട്.
തെരഞ്ഞെടുപ്പ് കാലത്ത് സ്വന്തം പാര്‍ട്ടി വിട്ട് മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുന്നവരെല്ലാം ആ പാര്‍ട്ടിയിലേക്ക് ‘ചേക്കേറു’ന്നവരാണ്.
ചില നേതാക്കളുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുള്ള അനിശ്ചിതത്വം നീങ്ങിയപ്പോള്‍ ലേഖകര്‍ ‘അഭ്യൂഹങ്ങള്‍ക്ക് വിരാമ’മിട്ടു.
”അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇരു നേതാക്കളും സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇടം പിടിച്ചു”. പട്ടികയുണ്ടെങ്കില്‍ കൂടെ ‘ഇടംപിടി’യുമുണ്ടാകും! ‘അഭ്യൂഹങ്ങള്‍ക്ക് വിട’ പറയുന്നവരാണ് ചിലര്‍.
പല മണ്ഡലങ്ങളിലും ‘അടിയൊഴുക്കുകള്‍’ നിര്‍ണ്ണായകമാകും. ചില പ്രാദേശിക പ്രശ്നങ്ങളുടെ ‘അലയൊലികളും’ തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിക്കും.
‘ഉരകല്ലി’ ന് പ്രിയം കുറഞ്ഞിട്ടില്ല.
”ആ വിഷയം സംസ്ഥാന രാഷ്ട്രീയത്തില്‍ എന്തു പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് എന്നതിന്റെ ഉരകല്ലുകൂടിയാകും ഇത്തവണ ജനവിധി!
പിന്കുറിപ്പ് :
പ്രാദേശിക നേതാക്കള്‍ക്ക് പ്രസംഗപരിശീലനവുമായി സിപിഎം.
ശ്രോതാക്കള്‍ക്കായി ക്ഷമപരിശീലനപരിപാടിയും വേണ്ടതാണ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: