ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ഇസ്ലാമിക ചാവേറുകള്‍ നടത്തിയ ഭീകരാക്രമണത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത മലയാളികളെ വല്ലാതെ ഞെട്ടിച്ചു. നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന ഈ ഭീകരസംഘടനയ്ക്ക് ഇതേ പേരില്‍ തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുമായും ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതാണ് മലയാളികളുടെ ഭയം ഇരട്ടിപ്പിച്ചത്. നിഴല്‍ സംഘടനയായ തൗഹീദ് ജമാഅത്തിനെ മുന്‍നിര്‍ത്തി തങ്ങളാണ് മുന്നൂറോളം പേരെ കൊലചെയ്ത ചാവേറാക്രമണം നടത്തിയതെന്ന് ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐഎസ് വ്യക്തമാക്കുകയുണ്ടായി. ഇതോടെ ഐഎസ് ബന്ധമുള്ളതായി സംശയിക്കപ്പെടുന്ന മലയാളികളായ മതതീവ്രവാദികള്‍ക്ക് തൗഹീദ് ജമാഅത്തുമായും ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ കേരളീയരുടെ മനസ്സില്‍ തീകോരിയിട്ടിരിക്കുകയാണ്.
ശ്രീലങ്കന്‍ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരവാദബന്ധമുള്ള അറുപതോളം മലയാളികള്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണത്രേ. ഐഎസ് ബന്ധത്തിന്റെയും അനുകൂലനിലപാടുകളുടെയും പേരില്‍ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ച ഇവരെ അന്വേഷണ ഏജന്‍സികള്‍ ഒരിക്കല്‍ക്കൂടി വിളിച്ചുവരുത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. ശ്രീലങ്കയില്‍ ചാവേറാക്രമണം സംഘടിപ്പിച്ചതിന്റെ സൂത്രധാരന്‍ സഹ്റാന്‍ ഹാഷിം തമിഴ്നാട്ടിലെയും കേരളത്തിലെയും ഐഎസ് അനുകൂലികളുമായി ബന്ധം സ്ഥാപിച്ചിരുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നുണ്ട്. ഐഎസ് ബന്ധത്തിന്റെ പേരില്‍ ദക്ഷിണേന്ത്യയില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ അറസ്റ്റു ചെയ്ത ചിലര്‍ സഹ്റാന്‍ ഹാഷിമുമായി ബന്ധപ്പെട്ടിരുന്നതായാണ് നിഗമനം. കേരളത്തില്‍നിന്ന് ഐഎസില്‍ ചേര്‍ന്നവര്‍ ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നതായി പറയപ്പെടുന്നു. ഇങ്ങനെയെങ്കില്‍ ശ്രീലങ്ക മാത്രമല്ല, തമിഴ്നാടും കേരളവും തൗഹീദ് ഭീകരരെ ഭയക്കേണ്ടിയിരിക്കുന്നു.
അബ്ദുള്‍ നാസര്‍ മദനിയില് തുടങ്ങി ഐഎസില്‍ എത്തിനില്‍ക്കുന്ന ഇസ്ലാമിക ഭീകരതയുടെ വലിയൊരു പശ്ചാത്തലം കേരളത്തിനുണ്ട്. പാനായിക്കുളം രാജ്യദ്രോഹ ഗൂഢാലോചന, കളമശ്ശേരി ബസ് കത്തിക്കല്‍, വാഗമണ്‍ ഭീകരാക്രമണ പരിശീലനം, നാറാത്ത് ആയുധ പരിശീലനം, എറണാകുളം കളക്ടറേറ്റ് ബോംബ് സ്ഫോടനം, ബെംഗളൂരു-സൂറത്ത് ബോംബ് സ്ഫോടന പരമ്പര, മലയാളി ഭീകരര്‍ കശ്മീരില്‍ കൊല്ലപ്പെട്ടത് എന്നിങ്ങനെ ഇസ്ലാമിക ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകളുടെ നിര നീളുന്നു. ഇതിനിടെയാണ് തൗഹീദ് ജമാഅത്തുമായും മലയാളികളായ ചിലര്‍ക്ക് ബന്ധമുണ്ടെന്ന് വെളിപ്പെടുന്നത്. രാജ്യത്തെ മാറിയ രാഷ്ട്രീയ കാലാവസ്ഥയില്‍ അടങ്ങിയൊതുങ്ങി കഴിയുന്നുണ്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും ഇവര്‍ തങ്ങളുടെ മതഭ്രാന്തമായ മുഖം കാണിക്കാം.
ശ്രീലങ്കയില്‍ ചാവേറാക്രമണം നടത്തിയവരുമായി തങ്ങള്‍ക്ക് ബന്ധമൊന്നുമില്ലെന്ന് തമിഴ്നാട്ടിലെ തൗഹീദുകള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതൊന്നും അന്വേഷണ ഏജന്‍സികള്‍ക്കു മുഖവിലയ്ക്കെടുക്കാനാവില്ല. ശ്രീലങ്കയിലെ തൗഹീദ് ഭീകരര്‍ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിച്ചതുപോലെ തമിഴ്നാട്ടിലെ അവരുടെ കൂട്ടാളികള്‍ക്കും ലഭിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരുമായി തമിഴ്നാട്ടിലെ തൗഹീദുകള്‍ കൂടിക്കാഴ്ച നടത്തിയ വിവരം ഇതിനകം പുറത്തുവന്നുകഴിഞ്ഞു. ഇത്തരം രാഷ്ട്രീയ സംരക്ഷണമാണ് മനുഷ്യരെ കൂട്ടക്കൊല ചെയ്യാന്‍ അവസരമൊരുക്കുന്നതെന്ന കാര്യം കേരളത്തിന്റെ അനുഭവപാഠമാണ്. ഇസ്ലാമിക ഭീകരര്‍, അവര്‍ ഏത് സംഘത്തില്പ്പെടുന്നവരായാലും സംരക്ഷണം നല്‍കുകയും, അവരുമായി രാഷ്ട്രീയ ബന്ധമുണ്ടാക്കുകയും ചെയ്യുന്നത് കേരളത്തിലെ ഇടതു-വലതു മുന്നണികളുടെ അജണ്ടയാണ്. ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ വെളിച്ചത്തിലെങ്കിലും രാജ്യദ്രോഹപരമായ ഈ നയം തിരുത്താന്‍ മുന്നണികള്‍ തയ്യാറാവണം. ഭീകരാക്രമണത്തില്‍ വിറങ്ങലിച്ചു നില്ക്കുന്ന ശ്രീലങ്ക, വളരെയൊന്നും അകലെയല്ലെന്ന തിരിച്ചറിവ് രാഷ്ട്രീയ-ഭരണ നേതൃത്വത്തിനുണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: