തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ശബരിമല വിഷയം ബിജെപി മുഖ്യതെരഞ്ഞെടുപ്പു വിഷയമാക്കിയതിനാല്‍ ചില മണ്ഡലങ്ങളില്‍ അവരുടെ വോട്ടുകള്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വര്‍ധിക്കുമെന്നും ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് വിലയിരുത്തി. ശബരിമല യുവതീപ്രവേശനം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും ഇത് കേരളമാണെന്ന് ഓര്‍ക്കണമെന്നും തെരഞ്ഞെടുപ്പുകാലത്ത് പ്രസംഗിച്ച് നടന്ന മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെട്ട സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് ഈ വിലയിരുത്തല്‍.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എത്ര സീറ്റ് ലഭിക്കുമെന്നതില്‍ സിപിഎമ്മിനകത്ത് ആകെ ആശയക്കുഴപ്പമാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് ആറ് സീറ്റ് ലഭിക്കുമെന്ന് വിലയിരുത്തിയപ്പോള്‍ മാധ്യമങ്ങളെ കണ്ട സംസ്ഥാന സെക്രട്ടറി 18 സീറ്റെന്നാക്കി. അണികളുടെ ആത്മവിശ്വാസം കെടാതിരിക്കാനാണ് കോടിയേരിയുടെ പ്രതികരണം.
ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം ശക്തമായതിനാല്‍ ആറു മണ്ഡലങ്ങളില്‍ ഇടതുമുന്നണിയുടെ വിജയം ഉറപ്പെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. ആറ്റിങ്ങല്‍, ആലത്തൂര്‍, പാലക്കാട്, ആലപ്പുഴ, കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ഇടതുസ്ഥാനാര്‍ഥികള്‍ വിജയിക്കും. ബിജെപി അക്കൗണ്ട് തുറക്കില്ല. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിലേയ്ക്കു കേന്ദ്രീകരിച്ചാല്‍ വിജയസാധ്യത കണക്കാക്കുന്ന മറ്റു മണ്ഡലങ്ങളെ ദോഷമായി ബാധിക്കുമെന്നും വിലയിരുത്തി.
ഭൂരിപക്ഷ വോട്ടുകള്‍ ഒരു ഭാഗത്തേക്കു കേന്ദ്രീകരിച്ചിട്ടില്ല. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിനു ലഭിക്കാന്‍ സഹായകമായി. എന്നാല്‍, മലബാറിലെ ചില മണ്ഡലങ്ങളില്‍ മാത്രമേ സ്വാധീനമുണ്ടായിട്ടുള്ളൂ. വയനാട്ടിലും മലപ്പുറത്തും മുസ്ലിം വോട്ടുകളുടെ കേന്ദ്രീകരണമുണ്ടായതിനാല്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിക്കുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: