കൊച്ചി: രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വനിതാ സിനിമാപ്രവര്‍ത്തകരുടെ സംഘടനയില്‍ തുടക്കക്കാര്‍ പലരുമില്ല. സംഘടന ദേശീയ തലത്തിലാക്കാന്‍ ആസൂത്രണം നടത്തുമ്പോഴാണ് പ്രാദേശിക സംഘടയിലെ വന്‍ ചോര്‍ച്ച.
വിപ്ലവമുന്നേറ്റമെന്ന് പറഞ്ഞ്, നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടായിരുന്നു വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) ആരംഭിച്ചത്. വിവാദങ്ങള്‍ക്കൊടുവില്‍ നടന് ദിലീപിനെ സിനിമാ സംഘടനയായ ‘അമ്മ’യില്‍ നിന്ന് പുറത്താക്കിയതോടെ ഡബ്ല്യുസിസി ചര്‍ച്ചകളില്‍ ഇടം നേടി. സംഘടനയുടെ ശ്രമഫലമായി സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്നം പഠിക്കാന്‍ ജസ്റ്റിസ് ഹേമ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചു.
പ്രമുഖ നടിമാരുടേയും അണിയറപ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ ആരംഭിച്ച സംഘടനനടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ മാത്രം ശ്രദ്ധചെലുത്തുന്നുവെന്ന പരാതികളുയര്‍ന്നിരുന്നു. ഇതില്‍ അമ്മയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിനേത്രികളും ഡബ്ല്യുസിസിക്കെതിരെ പരസ്യമായി രംഗത്തുവന്നു. പൊന്നമ്മബാബു, ലക്ഷ്മി, സിദ്ദിഖ്, ഇടവേള ബാബു തുടങ്ങിയവരെല്ലാം ഡബ്ല്യുസിസിക്കെതിരെ സംസാരിച്ചു.
നടിമാരായ പാര്‍വ്വതി, പത്മപ്രിയ, റിമ കല്ലിങ്കല്‍, രേവതി, മഞ്ജുവാര്യര്‍, സജിത മഠത്തില്‍, സംവിധായിക അഞ്ജലി മേനോന്, ബീന പോള്‍ തുടങ്ങിയ വന്‍ താരനിരയായിരുന്നു ഡബ്ല്യുസിസിയുടെ തുടക്കത്തില്‍. എന്നാല്‍, ചിലരുടെ താല്പര്യങ്ങള്ക്ക് വഴങ്ങി, അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെതിരെയും സംഘടന സംസാരിച്ചു തുടങ്ങിയതോടെ മുന്‍നിര നായികമാരുടേതുള്പ്പെടെയുള്ളവരുടെ സിനിമകള്‍ പ്രേക്ഷകര്‍ കാണാതായി, പൊട്ടിത്തുടങ്ങി. അപകടം മണത്ത നായികമാര്‍ പത്രസമ്മേളനങ്ങളില്‍ നിന്ന് വിട്ടുനിന്നതോടെ സംഘടനയുടെ ശക്തികുറഞ്ഞു. പാര്‍വ്വതി മാത്രം സംഘടനയില്‍ ഉറച്ചു നിന്നു. ഇക്കാരണത്താല്‍ പല സിനിമകളില്‍ നിന്നും പാര്‍വ്വതിയെ ഒഴിവാക്കിയതായും പ്രചാരണമുയര്‍ന്നു. മാറ്റി നിര്‍ത്തിയാല്‍ സ്വന്തമായി ചിത്രമെടുക്കുമെന്ന് പറയേണ്ട അവസ്ഥയില്‍വരെ പാര്‍വ്വതിയെ എത്തിച്ചു.
ഇതിനിടെ, രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ദേശീയതലത്തില്‍ വനിതകളുടെ സംഗമം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഡബ്ല്യുസിസി. ആദ്യഘട്ടത്തില്‍ കര്‍ണാടക, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിലെ പ്രവര്‍ത്തകരെ എത്തിക്കാനും ശ്രമം നടക്കുന്നു. ഡബ്ല്യുസിസിയുടെയും സഖി വിമന്‍ റിസോഴ്സ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സിനിമാരംഗത്ത് പൊതുവിലും, പ്രാദേശിക തലത്തിലും ‘ബെസ്റ്റ് പ്രാക്ടീസസ് മാനുവല്‍’ തയാറാക്കാനും സമ്മേളനം ലക്ഷ്യമിടുന്നു. അടുത്ത വര്‍ഷത്തോടെ സജ്ജമാക്കാനുദ്ദേശിക്കുന്ന മാനുവലിനെക്കുറിച്ചുള്ള പ്രാരംഭ ചര്‍ച്ചകളും സമ്മേളനത്തിലുണ്ടാകും.
മലയാള സിനിമയിലെ മുഴുവന്‍ വനിതാപ്രവര്ത്തകരേയും ഒരുമിച്ച് നിര്ത്താനാകാത്തവര്ക്ക് ദേശീയതലത്തിലുള്ള പുതിയ നീക്കം എത്രത്തോളം വിജയിപ്പിക്കാനാകുമെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: