രൂക്ഷ വരള്‍ച്ചയും ശുദ്ധജലക്ഷാമവും ലോകത്തെയാകെത്തന്നെ ഗ്രസിച്ച കാലത്തിലൂടെയാണു നാം കടന്നുപോകുന്നത്. ശുദ്ധജല ലഭ്യതക്കുറവ് ഭീതിജനകമായിക്കഴിഞ്ഞു. പക്ഷേ, കേരളം ഇതെല്ലാം മറന്നമട്ടാണ്. ദീര്‍ഘവീക്ഷണമില്ലാത്ത വികസന ചിന്തയുമായി ചില മാഫിയകള്‍ക്കു പിന്നാലെ പായുകയാണു നമ്മുടെ ഭരണവര്‍ഗം. ജനങ്ങളുടെ ശുദ്ധജല അവകാശം നിഷേധിക്കുകയാണവര്‍. പശ്ചിമഘട്ടം എന്നു പറയുന്നത് നമ്മുടെ ജലഗോപുരമാണ്. സ്വാര്‍ഥ താല്പര്യത്തിനായി അതിനെ തകര്‍ക്കാന്‍ പിണറായി ഭരണകൂടം പുതിയ നിയമം വരെ പാസ്സാക്കിക്കഴിഞ്ഞു. വില്ലേജ് ഓഫീസറും, കൃഷി ഓഫീസറും, ജിയോളജിസ്റ്റും അനുമതിപത്രം നല്കിയാല് ജില്ലാകളക്ടര്‍ എന്‍ഒസി നല്കിക്കൊള്ളണമെന്നാണ് പുതിയ നിയമം.
ഇത് ബാധിക്കുന്നത് ശൂദ്ധജല ലഭ്യതയേയാണ്. തൊണ്ട നനയ്ക്കാന്‍ വെള്ളം കിട്ടാത്ത അവസ്ഥയിലേയ്ക്കാണു നമ്മുടെ പോക്കെന്ന് ഭരണവര്‍ഗവും പൊതുസമൂഹവും അറിഞ്ഞിരിക്കുന്നതു നന്നായിരിക്കും. ജലസമ്പന്നമായിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു നമ്മുടെ കേരളത്തിന്. ഒരു ജലദിനം കൂടി ആരോരുമറിയാതെ കടന്നു പോയതിന്റെ പശ്ചാത്തലത്തില്‍, കേരളത്തിന്റെ ഇന്നത്തെ അവസ്ഥയിലേയ്ക്കൊന്ന് എത്തിനോക്കാം. ആറുമാസം മഴ ആറുമാസം വെയില് എന്നതായിരുന്നു ഇവിടത്തെ പതിവ്. കാലവര്‍ഷത്തില്‍ 60% മഴ, വേനല്‍മഴ 30%, മറ്റ് അവസരങ്ങളില്‍ വീണുകിട്ടുന്ന മഴ 10%. ഇങ്ങനെ 3000 മില്ലീമീറ്റര്‍ മഴ ലഭിച്ചിരുന്നു. 44 നദികള്‍, 20 ശുദ്ധജല തടാകങ്ങള്‍, ലക്ഷക്കണക്കിന് കിണറുകള്‍, കുളങ്ങള്‍, തോടുകള്‍, ഇതെല്ലാമാണ് മലയാളിയുടെ ജലസംഭരണികള്‍ എന്ന അഹങ്കാരങ്ങള്‍.
ഇതെല്ലാം ദുരുപയോഗം ചെയ്തതിന്റെ ഫലം ഇന്നു മലയാളി അനുഭവിക്കുന്നു. നമുക്ക് ലഭിച്ച മഴയില്‍നിന്ന് 12 കോടി കൂബിക്ക് മീറ്റര്‍ വെള്ളം ലഭിയ്ക്കും. അതില്‍ 60% കടലിലേക്ക് ഒഴുകിപോകുന്നു. ഏകദേശം 3% ജലം ആഴ്ന്നിറങ്ങും. ഏതാണ്ട് 6229 ബില്യണ്‍ കൂബിക്ക് മീറ്റര്‍ ജലം ഭൂഗര്‍ഭജലമായി ശേഖരിക്കപ്പെടുന്നു. മലമുകളിലെ ഉല്ഭവസ്ഥാനങ്ങളില്നിന്ന് നീര്‍ച്ചാലുകളായും അരുവികളായും എത്തി വലിയ ചാലുകളായി തടസ്സമില്ലാതെ 15 കിലോമീറ്റര്‍ ഒഴുകുന്നതാണ് പുഴ. അതാണ് പുഴയുടെ നിര്‍വചനം. അതിന് വലിയൊരു ആവാസ വ്യവസ്ഥയുണ്ട്. ഒഴുകുന്ന പുഴയ്ക്ക് ജീവ ജാലങ്ങളോടും, സസ്യങ്ങളോടും, കൃഷിയോടും, മനുഷ്യരോടും, സംസ്കാരങ്ങളോടും ആത്മബന്ധമുണ്ട്. ഇതിനോടൊക്കെ ഇഴുകിചേര്‍ന്ന് സമൃദ്ധിയും, പെരുമയും പ്രശസ്തിയും നല്‍കിയാണ് പുഴ ഒഴുകുന്നത്. മഴവെള്ളം കടലിലേക്ക് ഒഴുകാതിരിക്കാന്‍ അണകെട്ടി തടസ്സം തീര്‍ത്താല്‍ അണകെട്ടിനിപ്പുറം പുഴ ഇല്ലാതാവുന്നു. മലിനമാക്കിയാലോ, പക്ഷിമൃഗാദികളോടും വൃക്ഷലതാദികളോടും മനുഷ്യരോടും സംസ്കാരങ്ങളോടും ചെയ്യുന്ന തെറ്റിന്റെ ഗൗരവം വര്ണ്ണനാതീതവുമാവുന്നു. പ്രകൃതിദത്ത തടയണകള്‍ ആയ മണല്‍ ബണ്ട് ആണു പരിഹാരം.
ശുദ്ധജലത്തിനായി നമുക്കു മഴയും പുഴയും വേണം. കൊടും ചൂടിനെ നേരിടുന്ന നമ്മള് പ്രളയത്തില്‍ മുങ്ങിയും പൊങ്ങിയും നീന്തി തുഴഞ്ഞപ്പോഴും കുടിനീരിനായി കൈനീട്ടി. പ്രളയജലമല്ല കുടിനീര് എന്ന തിരിച്ചറിവ് ആ സമയം നാമെല്ലൊം അറിഞ്ഞുകാണണം. പുഴ മലിനീകരണം, പരിസ്ഥിതിക്ക് ഇറങ്ങിയ നീരൊഴുക്ക്, ജൈവ സംരക്ഷണം, പുഴയിലേക്ക് എത്തുന്ന ചെറുതോട് സംരക്ഷണം ഇതെല്ലാം പുഴ റീചാര്‍ജ് ചെയ്യുന്ന പ്രകൃതിദത്ത പ്രതിഭാസങ്ങളാണ്. പുഴയിലെ കരി, കക്ക, മണല്‍, ഒഴുക്ക് എല്ലാം പുഴവെള്ളം ശുദ്ധീകരിക്കുന്ന പ്രകൃതിദത്ത പ്രവര്‍ത്തിയാണ്. വൃഷ്ടി പ്രദേശത്തെ പരിസ്ഥിതി സംരക്ഷണം വളരെ ശ്രദ്ധ പതിപ്പിക്കേണ്ടതും ജാഗ്രത വേണ്ടതുമാണ്. പറമ്പുകളില്‍ വീഴുന്ന ഇലകളം ചപ്പ് ചവറുകളും കൂട്ടിയിട്ടു തീ ഇടരുത്. കാരണം അതുവഴി ഭൂമിയിലെ ജലം പെട്ടന്ന് ബാഷ്പീകരിച്ച് പോകും. കൃഷി സാദ്ധ്യമായവരെല്ലം കൃഷി ചെയ്യുക, റിസര്‍വോയറിലെ ചെളി നീക്കംചെയ്യുക, ജലസേചനം, ശുദ്ധജല ഉപയോഗം ഇവ ബുദ്ധിപരമായ രീതിയില്‍ നടത്തുക. മാലിനൃസംസ്കരണം കാര്യകാര്യക്ഷമമായാല് അവ പുഴയില്‍ എത്തുന്നത് തടയാം.
ലളിതമായി പറഞ്ഞാല്‍, തടയണകള്‍ കെട്ടി മഴവെള്ളം നഷ്ടപ്പെടാതെ നോക്കുക. മഴവെള്ള സംഭരണികള്‍ വിവിധതലങ്ങളില്‍ നിര്‍മിക്കാന്‍ കഴിയണം. സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് മാനേജ്മെമെന്റ് ശാസ്ത്രഞ്ജര്‍ നല്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഒരുസെന്റ് കൃഷിഭൂമി ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കെള്ളുന്നു. അതില്‍ 48000 ലിറ്റര്‍ ഭൂഗര്‍ഭജലമായി ശേഖരിക്കപ്പെടുന്നു. ഇങ്ങനെയുള്ള സംഭരണികളാണ്് പാടങ്ങള്‍, ചതുപ്പുകള്‍, തണ്ണീര്‍ത്തടങ്ങള്‍, കാവുകള്‍, കൃഷി ഇടങ്ങള്‍ തുടങ്ങിയവ. കേരളത്തിലെ മൂന്നരകോടി ജനങ്ങള്‍ക്ക് 44 ലക്ഷം ടണ്‍ അരി ഒരുവര്‍ഷം വേണം, എന്നാല്‍ 8 ലക്ഷം ടണ്‍ മാത്രമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. അപ്പോള്‍ ഒരുകാര്യം വ്യക്തം. കൃഷി കുറഞ്ഞു. ആ ഭൂമി നികത്തപ്പെട്ടു. പലതും റോഡും, കെട്ടിട സമുച്ചയങ്ങളുമായി മാറി. ടൈല്‍സ് ഇട്ട് ഭംഗിയാക്കി. ചിലത് കോണ്‍ക്രീറ്റ് ചെയ്തു, ചിലവ ടാര്‍ചെയ്തു. ഭുമിയിലേക്ക് ജലം അരിച്ചിറങ്ങാന്‍ ഈ സാഹചര്യം അനുവദിക്കുന്നില്ല. അതിനാല്‍ പെയ്ത്തുവെളളം അതിശീഘ്രം പുഴയില്ലെത്തി കടലില്‍ ലയിക്കുന്നു.
ഇനി പറയാന്‍ ഇത്രമാത്രം നമ്മള് പരമ്പരാഗതമായി ചെയ്തുവരുന്ന നീര്‍ക്കുഴി നിര്‍മ്മാണം, തട്ട് തിരിക്കല്‍, മണ്ണ് ബണ്ട് നിര്‍മാണം, തടം എടുക്കല്‍, കയ്യാല നിര്‍മ്മാണം, ചകിരി വലവിരിക്കല്‍ തുടങ്ങിയവ ഊര്‍ജസ്വലമാക്കണം. കുളങ്ങള്‍ സംരക്ഷിക്കണം. ഈറ്റ, തീറ്റപ്പുല്‍, രാമച്ചം ഇവ നട്ട് വളര്‍ത്തണം. ഇതൊക്കയാണ് പരിഹാരമാര്‍ഗങ്ങള്‍. ഇന്നു നടക്കുന്ന പുഴ കയ്യേറ്റങ്ങള്‍, റിംഗ് റോഡ് നിര്‍മാണം, തീരം ഇടിയാതിരിക്കാന്‍ കല്കെട്ടുകള് നിര്‍മിക്കുക തുടങ്ങിയവയല്ല വേണ്ടത്. നല്ല ഉദാഹരണമാണ് കൊച്ചിയിലെ വല്ലാര്‍പാടം പനമ്പുകാട് എന്ന സ്ഥലം. വേമ്പനാട് കായലാലും, അറബിക്കടലാലും ചുറ്റപ്പെട്ട പ്രദേശം. കണ്ടല്‍കാടുകളാല്‍ ചുറ്റപ്പെട്ട സ്ഥലം. ആ കോട്ടയ്ക്കുള്ളിലാണ് പനമ്പ്കാട്. സുനാമിയും പ്രളയവും കണ്ടലിനെ ഭയന്ന് പിന്മാറി. അതിന്നാല്‍ അവര്‍ രക്ഷപ്പെട്ടു. എന്നാല്‍ ചുറ്റപ്പെട്ട വേമ്പനാട്ട് കായല്‍ കുട്ടനാട്ടുകാരെ വിഴുങ്ങി. ഇതെല്ലാം ഭൂമാഫിയാകള്‍ക്കും വികസന പ്രഭൃതികള്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും പാഠമായാല്‍ നന്നായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: