‘ട്രിപ്പ് കപ്പിള്‍’, ‘കാന്താ ഞാനും വരാം’. രണ്ടും ഒന്നിനൊന്ന് മെച്ചമുള്ള പേരുകള്‍ അല്ലേ. മലയാളി ദമ്പതികളായ സഞ്ചുവിന്റേയും റിയയുടേയും യാത്രാ വീഡിയോകള്‍ കോര്‍ത്തിണക്കിയ യൂടൂബിലെ ആല്‍ബത്തിന്റെ പേരാണ് ആദ്യത്തേതെങ്കില് അതേ ദൃശ്യങ്ങളുടെ ഫെയ്സ്ബുക്ക് പതിപ്പിന്റെ പേരാണ് രണ്ടാമത്തേത്. എന്തായാലും രണ്ടും കേറി അങ്ങ് കൊണ്ടു. ഇപ്പോള്‍ ഈ മലയാളി ദമ്പതികളുടെ യാത്ര വിശേഷങ്ങള്‍ക്ക് ആരാധകരും ഏറെയാണ്.
മൂന്ന് വര്‍ഷത്തോളമായി ഇവര്‍ യാത്രയിലാണ്. കടലുകള്‍ക്ക് അപ്പുറം വിദേശ മണ്ണിലെ ഒരോ യാത്രയുടേയും യാത്രാനുഭവത്തിന്റേയും എല്ലാ ആവേശവും അറിവും ലോകത്തിലാകമാനമുള്ള മലയാളികള്‍ക്ക് ഇവര്‍ പകര്‍ന്ന് നല്‍കുന്നുമുണ്ട്. അമേരിക്കയിലെ ന്യൂയോര്‍ക്കിന് അടുത്തുള്ള ന്യൂറോഷില് എന്ന സ്ഥലത്താണ് അങ്കമാലി സ്വദേശികളായ ഈ ദമ്പതികള്‍.
പ്രണയ സാഫല്യമാണ് സഞ്ജു-റിയ ദമ്പതികളുടെ ജീവിതം. കുട്ടികാലം മുതല്‍ ഒന്നിച്ചു പഠിച്ച രണ്ടു പേര്. തങ്ങളുടേതായ ആഗ്രഹത്തിനൊത്ത് പഠിച്ച് മുന്നേറി അവരവരുടെ ലോകത്തേയ്ക്ക് ചേക്കേറി. എംബിഎ മോഹം കൊണ്ടു നടന്ന റിയ ബാങ്ക് ഉദ്യോഗസ്ഥയായി. സഞ്ജു അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറും. ഒരിടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും കണ്ടുമുട്ടുകയും പിരിയാനാകാത്ത വിധം അടുക്കുയും ചെയ്തു. അല്‍പ്പം വിപ്ലവാത്മകമായിരുന്നെങ്കിലും ഒടുവില്‍ ആ അടുപ്പം വിവാഹത്തില്‍ കലാശിക്കുകയും ചെയ്തു.
2015 ലാണ് സഞ്ജുവിനൊപ്പം റിയ യുഎസില്‍ എത്തിയത്. അന്നുമുതല്‍ എല്ലാ അവധിദിവസവും ഇവര്‍ ട്രിപ്പുകള്‍ പോകുമായിരുന്നു. അന്ന് ഇവരുടെ കൈയ്യില്‍ ഒരു ഗോപ്രോ ക്യാമറ ഉണ്ടായിരുന്നു. അത് വച്ച് വീഡിയോകള്‍ എടുക്കുമായിരുന്നു. ആദ്യത്തെ ഞായറാഴ്ച ഇവര്‍ ന്യൂയോര്‍ക്ക് നഗരം കാണാനിറങ്ങി. പുതുമകളുടെയും ഫാഷന്റെയും ലോകമാണു ന്യൂയോര്‍ക്ക്. എവിടേക്കു തിരിച്ചു പിടിച്ചാലും ക്യാമറയില്‍ പതിയുന്നത് ഗംഭീര ഫ്രെയ്മുകളാണ്. പരസ്യചിത്രങ്ങള്‍ പോലെ എല്ലാം മനോഹരം. ഫ്രീഡം ടവറിലെത്തിയപ്പോഴാണ് ന്യൂയോര്‍ക്ക് നഗരത്തിന്റെ വലുപ്പം മനസ്സിലായത്. നഗരത്തിന്റെ മുക്കും മൂലയും കാണാന്‍ ഒരു മാസം പോരാ എന്ന് ഇവര്‍ക്ക് മനസ്സിലായി
കാഴ്ചകളുടെ പറുദീസയാണ് ന്യൂയോര്‍ക്ക്. എല്ലാ പ്രദേശങ്ങളും കെട്ടിടങ്ങളും ഡെസ്റ്റിനേഷനുകളാണ്. ടൈം സ്ക്വയര്‍, സെന്‍ട്രല്‍ പാര്‍ക്ക്, മ്യൂസിയം ഓഫ് ആര്‍ട്, ബൊട്ടാണിക്കല്‍ ഗാര്ഡന്, ഗ്രൗണ്ട് സീറോ, സ്റ്റാച്യു ഓഫ് ലിബര്‍ട്ടി, റോക്ക് ഓബ്സര്വേറ്ററി പോയിന്റ്…ഇതെല്ലാം പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളില്‍ ചിലതു മാത്രം.
ഫേസ്ബുക്കുവഴി ഇതെല്ലാം ഷെയര്‍ ചെയ്തു. ഇതെല്ലാം ആല്‍ബമാക്കി യൂട്യൂബില്‍ പബ്ലിഷ് ചെയ്യാന്‍ തീരുമാനിച്ചിടത്തു നിന്നാണ് ഇവരുടെ ജീവിതം ഹിറ്റാകുന്നത്.
ഫെയ്സ്ബുക്കില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അടുത്ത യാത്ര എങ്ങോട്ടാണ് എന്ന് സ്ഥിരമായി ചോദിക്കാന്‍ തുടങ്ങി. വീഡിയോകളും മറ്റും ശ്രദ്ധിക്കാന്‍ ആളുകളുണ്ടായി. പിന്നീട് കുറച്ചുകൂടി സ്റ്റാന്റേര്‍ഡായി ചെയ്യാമെന്ന തീരുമാനത്തിലെത്തി. എന്നാല്‍ സാധാരണമായി ഒരു വീഡിയോ ചെയ്യുന്നതിനപ്പുറം കാണുന്നവര്‍ക്ക് പരമാവധി വിവരങ്ങള്‍ നല്‍കുക, വീഡിയോ ക്വളിറ്റി തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പുവരുത്തണം എന്ന് ഇവര്‍ക്ക് നിര്‍ബന്ധമായിരുന്നു. അങ്ങനെ 2016 ജൂണിലാണ് ഇവര്‍ യൂട്യൂബ് ചാനല്‍ എന്ന ആശയത്തിന് തീരുമാനമെടുത്തത്. 2016 ആഗസ്റ്റില്‍ ആദ്യ വീഡിയോ ഇറക്കി.
ഏറ്റവുമൊടുവില്‍ ഇവര്‍ സന്ദര്‍ശിച്ചത് സാന്‍ഫ്രാന്‍സിസ്കോയാണ്. അവിടെയൊരു കെട്ടിടത്തിനുള്ളില്‍ കയറി പുറത്തിറങ്ങിയപ്പോഴേക്കും ഇവരുടെ കാര്‍ കൊള്ളയടിക്കപ്പെട്ടു. പണവും പാസ്പോര്‍ട്ടും വച്ചിരുന്ന ബാഗ് നഷ്ടപ്പെട്ടു. പുതിയ പാസ്പോര്‍ട്ടിന് അപേക്ഷ കൊടുത്തിട്ടുണ്ട്. അമേരിക്കയില്‍ ഇത്തരം മോഷണങ്ങള്‍ പതിവാണ്. കരുതലോടെയാണ് പുതിയ യാത്രകള്‍. സാന്‍ഫ്രാന്‍സിസ്കോയിലുള്ള ബിഗ്സര്‍ എന്ന പാത കടക്കാന്‍ ആറു മണിക്കൂര്‍ വേണം. വേഗത്തില്‍ പായുന്ന വാഹനങ്ങളും വിസ്തൃതമായ റോഡും ആളൊഴിഞ്ഞ പറമ്പുകളും ബിഗ്സര്‍ യാത്ര വ്യത്യ സ്തമാക്കുന്നു. അവിടെ മഞ്ഞു കാലത്ത് കാലാവസ്ഥ ഊട്ടിയിലേതു പോലെയാണ്. ബീച്ചുകള്‍, മലകള്‍, നഗരം എന്നിവ യെല്ലാമുള്ള നഗരമാണ് സാന്‍ഫ്രാന്‍സിസ്കോ. അവിടെയെത്താന്‍ ന്യൂയോര്‍ക്കില്‍ നിന്ന് ആറു മണിക്കൂര്‍ വിമാനത്തിലിരിക്കണം. അത്ര നേരം യാത്രയുണ്ടെങ്കിലും ദൃശ്യങ്ങള്‍ കാണുമ്പോള്‍ ക്ഷീണം മാറും. അത്രയ്ക്കു മനോഹരമാണ് സാന്‍ഫ്രാന്‍സിസ്കോ. അവിടെയൊരു വെള്ളച്ചാട്ടമുണ്ട്. മിക്കയാളുകളും വെള്ളച്ചാട്ടം കണ്ടതിനു ശേഷം യാത്ര അവസാനിപ്പിക്കും. ഇവരാകട്ടെ ആ പാതയുടെ അറ്റം വരെ വണ്ടിയോടിച്ചു. ഓരോ സ്ഥലങ്ങളിലും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങള്‍ക്കൊപ്പം അറിയപ്പെടാത്ത പ്രദേശങ്ങളിലൂടെയും ഇവര്‍ പോകാറുണ്ട്. അമേരിക്കയിലെ നിരവധി ഗ്രാമങ്ങളെ ക്യാമറയില്‍ പകര്‍ത്താന്‍ ഈ യാത്രകള്‍ ഇവര്‍ക്ക് സഹായകമായി.
ട്രിപ്പ് കപ്പിള്‍
അമേരിക്കയിലെ മലയാളികളുടെ കുടിയേറ്റ ചരിത്രത്തിന് നാല്‍പ്പതു വര്‍ഷത്തിലേറെ പഴക്കമുണ്ട്. വൈറ്റ് ഹൗസ് മുതല്‍ സ്ട്രീറ്റ് ഷോപ്പുകള്‍ വരെ എല്ലായിടത്തും മലയാളികളുടെ സാന്നിധ്യം പ്രകടം. 51 സംസ്ഥാനങ്ങളും സന്ദര്‍ശിച്ച നിരവധിയാളുകള്‍ ഇക്കൂട്ടത്തിലുണ്ട്. ട്രിപ്പ് കപ്പിള്‍ ചുരുങ്ങിയ കാലത്തിനിടെ ന്യൂയോര്‍ക്ക്, ന്യൂജഴ്സി, കണക്ടിക്കട്ട്, ന്യൂഹാംഷ യര്‍, മസാച്യുസെറ്റ്സ്, കാനഡ, കാലിഫോര്‍ണിയ, പെന്‍സില്‍ വാനിയ എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു. അതൊരു വലിയ നേട്ടമായി സ്വയം വിലയിരുത്തുന്നു.
അമേരിക്കയിലെ എട്ടു സംസ്ഥാനങ്ങളിലുള്ള മികച്ച ടൂറിസം കേന്ദ്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി, വിവരണം സഹിതം യു ട്യൂബില്‍ അപ് ലോഡ് ചെയ്തു. ഓണ്‍ലൈനില്‍ അതിനു കിട്ടിയ പ്രതികരണം ഇവര്‍ക്ക് വലിയ പ്രോത്സാഹനമായി മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: