തിരുവനന്തപുരം: പോളിങ് ശതമാനം വര്‍ധിച്ചതോടെ എല്‍ഡിഎഫ് ക്യാമ്പുകളില്‍ ആശങ്ക. വിശ്വാസ സംരക്ഷണം വോട്ടായി എന്നാണ് മുന്നണിയുടെ പ്രാഥമിക വിലയിരുത്തല്‍.
പത്തു മുതല്‍ പതിമൂന്ന് സീറ്റ് വരെ നേടുമെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും എല്‍ഡിഎഫ് തരംഗമെന്ന് പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അങ്കലാപ്പിലായി. പാര്‍ട്ടിയില്‍ തങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്ന തരത്തില്‍ തെരഞ്ഞെടുപ്പ് ഫലം വരുമെന്നാണ് വിലയിരുത്തല്‍. എന്‍ഡിഎയുടെ മുന്നേറ്റമാണ് എല്‍ഡിഎഫിനെ വട്ടം കറക്കുന്നത്.
ശബരിമല വിഷയം വോട്ടര്‍മാര്‍ പരിഗണിക്കില്ലെന്ന് പറഞ്ഞ് നടന്ന മുഖ്യമന്ത്രി പിണറായി വിജയന് ചുട്ടമറുപടിയാണ് ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ നല്‍കിയത്. പത്തനംതിട്ട മണ്ഡലത്തില്‍ ആദ്യമായി പോളിങ് ശതമാനം 74.19% ആയി ഉയര്‍ന്നു. വിശ്വാസികള്‍ കൂട്ടമായി എത്തി വോട്ട് ചെയ്തെന്നാണ് വിലയിരുത്തല്‍. 10,22,763 പേര് വോട്ട് ചെയ്തതില്‍ 5,31,826 പേര് സ്ത്രീകളാണ്.
വിശ്വാസം സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയതില്‍ അധികവും സ്ത്രീകളായിരുന്നു. വിശ്വാസം വോട്ടായി മാറിയെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പത്രക്കാരുടെ ചോദ്യങ്ങളില്‍ നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞു മാറി ദേഷ്യം പ്രകടിപ്പിച്ചത്. യുഡിഎഫും വിശ്വാസ സംരക്ഷണം സമ്മതിക്കുന്നു. ശബരിമല വിഷയം ക്രിസ്ത്യന്‍ സമൂഹത്തെയും ബാധിച്ചെന്ന് എ.കെ. ആന്റണി അഭിപ്രായപ്പെട്ടു. വിശ്വാസ സംരക്ഷണം ഹൈന്ദവ വിഭാഗത്തെപ്പോലെ ക്രിസ്ത്യന്‍ വിഭാഗത്തിലും ആശങ്കയുണ്ടാക്കിയെന്നും ആന്റണി പറഞ്ഞു.
സിപിഐ ആണ് കൂടുതല്‍ ആശയക്കുഴപ്പത്തില്‍. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മുന്നണി വിടേണ്ടി വരുമെന്ന ആശങ്കയിലാണ് നേതൃത്വം. തങ്ങളുടെ സ്ഥാനാര്‍ഥികള്‍ മത്സരിച്ച സീറ്റുകളില്‍ സിപിഎം പ്രവര്‍ത്തകര്‍ വേണ്ടവിധം കാലുവാരി. സിപിഎം അംഗങ്ങളുള്ള തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ പോലും സിപിഐ സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി കാര്യമായ പ്രവര്‍ത്തനം നടന്നില്ല. ഈ വാര്‍ഡുകളില്‍ വോട്ട് ചോര്‍ച്ച വലിയ തോതില്‍ നടന്നുവെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. ഫല പ്രഖ്യാപനം വരുമ്പോള്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ അപമാനം സഹിച്ച് മുന്നണിയില്‍ തുടരണോ വേണ്ടയോ എന്നുവരെ ചിന്തിക്കേണ്ടതായി വരും.
ഏരിയാ കമ്മിറ്റികളുടെ പ്രാഥമിക വിലയിരുത്തല്‍ എല്‍ഡിഎഫ് നേതാക്കള്‍ക്ക് ശുഭകരമല്ല. വോട്ട് ശതമാനം ക്രമാതീതമായി കൂടുമെന്ന് പറഞ്ഞ സ്ഥലങ്ങളില്‍ പോലും മുന്നണിക്ക് വന്‍തിരിച്ചടി നേരിടും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കടന്നുചെല്ലാത്ത മേഖലകളില്‍ ഇത്തവണ സാന്നിധ്യം ഉണ്ടായത്് തങ്ങളെ ബാധിച്ചെന്നാണ് വിലയിരുത്തല്‍. ന്യൂനപക്ഷ മേഖലകളെയാകെ ഒപ്പം നിര്‍ത്താമെന്ന ഇരുമുന്നണികളുടെ നീക്കവും തകര്‍ന്നു. ബിജെപിക്ക് വോട്ട് നല്‍കിയെന്ന് പറഞ്ഞ് പരസ്പരം തടിയൂരാനുള്ള നീക്കത്തിലാണ് താഴെത്തട്ടുമുതല്‍ പാര്‍ട്ടി സെക്രട്ടറി വരെ.
അന്ന് കടക്ക് പുറത്ത്;ഇന്ന് മാറി നില്ക്ക് അങ്ങോട്ട്
കൊച്ചി: സംസ്ഥാനത്തെ ഉയര്‍ന്ന പോളിങ്ങിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയാതെ ഒഴിഞ്ഞു മാറിയ മുഖ്യമന്ത്രി ‘മാറി നില്ക്ക് അങ്ങോട്ട്’ എന്ന് ആക്രോശിച്ചു. ക്ഷുഭിതനായ മുഖ്യമന്ത്രി മറ്റൊന്നും പറയാതെ വാഹനത്തില്‍ കയറി പോയി.
എറണാകുളം ഗസ്റ്റ് ഹൗസില്‍ ഇന്നലെ രാവിലെ മുഖ്യമന്ത്രിയെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോടായിരുന്നു പിണറായിയുടെ രോഷ പ്രകടനം. ഏറെ നേരം കാത്തുനിന്ന ശേഷമായിരുന്നു മുഖ്യമന്ത്രി പുറത്തെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ റെക്കോഡ് പോളിങ് രേഖപ്പെടുത്തിയതിനെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. പരാജയ ഭീതിയാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചതെന്നു വ്യക്തം.
ഇത് ആദ്യമായല്ല മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ മുഖ്യമന്ത്രി തട്ടിക്കയറുന്നത്. 2017 ജൂലൈയിലും സമാനമായ സംഭവം നടന്നിരുന്നു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുന്നതിനായി ആര്‍എസ്എസ്, ബിജെപി നേതാക്കളുമായി മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി ക്ഷുഭിതനായിരുന്നു. കടക്ക് പുറത്ത് എന്നു പറഞ്ഞ് മാധ്യമങ്ങളോട് കയര്‍ത്ത് സംസാരിച്ച മുഖ്യമന്ത്രി, നിങ്ങളെയൊക്കെ ആരാ ഇവിടേക്ക് വിളിച്ചത് എന്നും ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: