ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ മുന്‍ ജീവനക്കാരിയുടെ പരാതിക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന ആക്ഷേപത്തെ പറ്റി അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. സിബിഐ, ഐ.ബി, ദല്‍ഹി പോലീസ് എന്നിവര്‍ക്കാണ് പ്രാഥമിക അന്വേഷണം നടത്താന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്.
രാവിലെ കേസ് പരിഗണിക്കവേയാണ് 12.30ന് മൂന്ന് ഏജന്‍സികളോടും ചേംബറിലെത്താന്‍ കോടതി നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് കോടതിയിലെത്തിയ ഏജന്‍സികളോട് അഭിഭാഷകനായ ഉത്സവ് സിങ് ബയിന്‍സ് ഉന്നയിച്ച ആരോപണങ്ങളെപ്പറ്റി അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ചീഫ് ജസ്റ്റിസിനെതിരായ യുവതിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന ആക്ഷേപമുന്നയിച്ച അഡ്വ. ഉത്സവ് സിങ് ബയിന്‍സിന് പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കാന്‍ ദല്‍ഹി പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒന്നര മണിക്കൂര്‍ ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി കോടതി ചര്‍ച്ച നടത്തി.
രാജ്യത്തെ ഒരു കോര്‍പ്പറേറ്റ് സ്ഥാപനമാണ് ചീഫ് ജസ്റ്റിസിനെതിരായ പരാതിക്ക് പിന്നിലെന്ന് അഡ്വ. ഉത്സവ് സിങ് ഇന്നലെ കോടതിയില്‍ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച ഉത്സവ് സിങ്, ഗൂഢാലോചനയുടെ സൂത്രധാരന്‍ നേരത്തെയും കൈക്കൂലി നല്‍കുകയും പല സാക്ഷികളെയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും വെളിപ്പെടുത്തി. ഗൂഢാലോചനക്കാരെ രണ്ടുപേരെ താന്‍ കണ്ടെന്നും പുതിയ വിവരങ്ങളുണ്ടെന്നും അറിയിച്ച ഉത്സവിനോട് പുതിയ സത്യവാങ്മൂലം ഇന്ന് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസ് ഇന്ന് രാവിലെ പത്തരയ്ക്ക് വീണ്ടും പരിഗണിക്കും.
യുവതിയുടെ പരാതി പരിഗണിക്കാനല്ല സുപ്രീംകോടതി ബെഞ്ച് ഇരിക്കുന്നതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചു. അതിനായി ജസ്റ്റിസ് ബോബ്ഡേയുടെ നേതൃത്വത്തില്‍ ആഭ്യന്തരസമിതി രൂപീകരിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനയാണ് ഈ ബെഞ്ചിന്റെ വിഷയം. സുപ്രീംകോടതിയിലെ പഴയ സംവിധാനങ്ങള്‍ മാറ്റാന്‍ പരിശ്രമിച്ച ചീഫ് ജസ്റ്റിസാണ് രഞ്ജന്‍ ഗൊഗോയ്. അതിനാല്‍ തന്നെ ആരോപണങ്ങള്‍ ചീഫ് ജസ്റ്റിസിനെ മാത്രമല്ല മുഴുവന്‍ സുപ്രീംകോടതിയെയും ബാധിക്കുന്ന വിഷയമാണ്. സുപ്രീംകോടതിയില്‍ നിന്ന് പുറത്താക്കപ്പെട്ട മൂന്നു ജീവനക്കാര്‍ ഒരുമിച്ചു കൂടിയോ എന്നത് അന്വേഷിക്കേണ്ട വിഷയമാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: