ന്യൂദല്‍ഹി: റഫാല്‍ കേസില്‍ ‘കാവല്ക്കാരന് കള്ളനാണെന്ന് സുപ്രീംകോടതി കണ്ടെത്തി’ എന്ന വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് സുപ്രീംകോടതി നോട്ടീസ്. പ്രധാനമന്ത്രിയെ കോടതി കള്ളനെന്ന് വിളിച്ചെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഖേദപ്രകടനം നടത്തിയെങ്കിലും കോടതിയലക്ഷ്യ കേസിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ സുപ്രീംകോടതി തയാറായില്ല. അടുത്ത ചൊവ്വാഴ്ച റഫാല്‍ കേസിലെ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം രാഹുലിനെതിരായ കോടതിയലക്ഷ്യ ഹര്‍ജിയും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
കോടതി ഉത്തരവില്‍ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളാണ് രാഹുല്‍ പ്രസംഗിച്ചതെന്ന് കോടതിയലക്ഷ്യ ഹര്‍ജി നല്കിയ ബിജെപി നേതാവ് മീനാക്ഷി ലേഖിയുടെ അഭിഭാഷകന് മുകുള്‍ രോഹ്തഗി കോടതിയെ അറിയിച്ചു. രാഹുല്‍ കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ക്ഷമ പറഞ്ഞിട്ടില്ല, ഖേദപ്രകടനം മാത്രമാണ് നടത്തിയിരിക്കുന്നതെന്നും രോഹ്തഗി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ചൂടില്‍ പറഞ്ഞുപോയതാണെന്നും അതില്‍ രാഹുല്‍ കോടതി മുമ്പാകെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും രാഹുലിന്റെ അഭിഭാഷകന് മനു അഭിഷേക് സിങ്വി പറഞ്ഞു. കാവല്ക്കാരന് കള്ളനെന്ന രാഹുലിന്റെ പരാമര്‍ശം ആരെയുദ്ദേശിച്ചാണെന്ന് കോടതി ചോദിച്ചെങ്കിലും രാഹുലിന്റെ അഭിഭാഷകന് മൗനം പാലിച്ചു.
രാഹുല്‍ നല്കിയ സത്യവാങ്മൂലത്തിന് മറുപടി സത്യവാങ്മൂലം നല്കാന് സമയം അനുവദിക്കണമെന്ന് ഹര്‍ജിക്കാരി മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. ഇതംഗീകരിച്ച കോടതി രണ്ടു ദിവസത്തിനകം മറുപടി സത്യവാങ്മൂലം നല്കാന് നിര്‍ദേശിച്ചു. മീനാക്ഷി ലേഖിയുടെ കോടതിയലക്ഷ്യ കേസ് റഫാല്‍ പുനഃപരിശോധനാ ഹര്‍ജിക്കൊപ്പം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. കോടതിയലക്ഷ്യ കേസില്‍ രാഹുല്‍ നേരിട്ട് ഹാജരാകേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: