ഇന്ത്യയുടെ നീതിന്യായപീഠത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കുന്ന ശൈലി വലിയ അപകടത്തെയാണ് സൂചിപ്പിക്കുന്നത്. തെറ്റുകള്‍ ചെയ്തവര്‍ക്കെതിരെ നിയമാനുസൃതമായ നടപടിക്ക് കോടതി മുതിരുമ്പോള്‍ ചീഫ് ജസ്റ്റീസിനെതിരെ ആരോപണങ്ങളുമായി ചിലര്‍ രംഗത്ത് വരുന്നു.
തീര്‍ച്ചയായും അപകടകരമായ നീക്കങ്ങളാണിത്. ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് ആരോപണത്തിനു വിധേയനായിരിക്കുന്നു. മുന്‍ ചീഫ് ജസ്റ്റീസ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരെ നടന്ന കരുനീക്കങ്ങള്‍ മറക്കാറായിട്ടില്ല. അന്ന് ആരാണ് അതൊക്കെ ചെയ്തത് എന്നും എന്തുകൊണ്ടാണ് അവര്‍ അതിനൊക്കെ മുതിര്‍ന്നത് എന്നതും പകല്‍ പോലെ വ്യക്തമാണ്… ജസ്റ്റീസ് ഗൊഗോയിക്ക് എതിരെയും അത് ആവര്‍ത്തിക്കുന്നു.
നീതിന്യായ വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയിലേക്കും അതിനു പിന്നിലെ കറുത്ത കരങ്ങളിലേക്കും കണ്ണോടിക്കാതെ വയ്യ. ചീഫ് ജസ്റ്റിസ് തന്നെ അതിനെക്കുറിച്ച് ഇന്നലെ വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടുണ്ട്; ”ജുഡീഷ്യറിയുടെ നിഷ്പക്ഷത വലിയ വെല്ലുവിളി നേരിടുന്നു, ജുഡീഷ്യറിയെ അട്ടിമറിക്കാനുള്ള ഒരു വലിയ പദ്ധതി” എന്നുമാണ് അദ്ദേഹം പറയുന്നത്.
‘ആരോപണം ഉന്നയിച്ചയാള്‍ക്ക് പിന്നില്‍ ഏതോ വലിയ ശക്തികളുണ്ട്’ എന്നും ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് പറയുന്നുണ്ട്. ‘അടുത്താഴ്ച താന്‍ പ്രധാനപ്പെട്ട ചില കേസുകള്‍ കേള്‍ക്കാനിരിക്കുകയാണ്. അവ കേള്‍ക്കുന്നതില്‍ നിന്നും തന്നെ പിന്തിരിപ്പിക്കാനാണ് ഈ ശ്രമങ്ങള്‍’. അത് തന്നെയാണ് പ്രധാനം, ‘അടുത്താഴ്ച ചില കേസുകള്‍ താന്‍ കേള്‍ക്കാന്‍ തീരുമാനിച്ചിരുന്നു എന്ന വാചകം തന്നെയാണ് പ്രധാനം.
‘ബദല്‍’ ചീഫ് ജസ്റ്റീസ് എന്ന തട്ടിപ്പ്
മുന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരെ ഇറങ്ങിപ്പുറപ്പെട്ടവരില്‍ ഇപ്പോഴത്തെ ചീഫ് ജസ്റ്റീസുമുണ്ടായിരുന്നു എന്നത് മറക്കാനാവില്ല. അത് പോട്ടെ. അന്ന് അദ്ദേഹം ഉള്‍പ്പടെ നാല് ജഡ്ജിമാര്‍ പരസ്യമായി കോടതി വിട്ടിറങ്ങി പത്രസമ്മേളനം നടത്തിയതും ചരിത്രമാണ്. അതിന് പിന്നാലെയാണ് കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ചേര്‍ന്ന് ജസ്റ്റീസ് ദീപക് മിശ്രയെ ഇമ്പീച്ച് ചെയ്യാന്‍ രാജ്യസഭയില്‍ നോട്ടീസ് കൊടുത്തത്. ദീപക് മിശ്രയെ മാറ്റി നിര്‍ത്തിക്കൊണ്ട് അടുത്തയാള്‍ക്ക് ചീഫ് ജസ്റ്റീസിന്റെ ചാര്‍ജ് കൊടുക്കാന്‍ അതുവഴി കഴിയുമെന്ന് കരുതിയ ചിലരുടെ കളികളായിരുന്നു അത്.
ആ ‘ബദല്‍’ ചീഫ് ജസ്റ്റീസിനെ ഉപയോഗിച്ച് ‘നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും നിലയ്ക്ക് നിര്‍ത്താന്‍’ കഴിയുമെന്ന് കണക്കാക്കിയവരും ഉണ്ടായിരുന്നുവല്ലോ. അന്ന് ആ വാര്‍ത്താസമ്മേളനം നടത്തിയ ഒരു മുതിര്‍ന്ന ജഡ്ജിക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ പിന്‍വാതിലിലൂടെ ചെന്നത് സിപിഐ നേതാവായിരുന്നു എന്നതുമോര്‍ക്കുക. കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും അന്ന് സ്വീകരിച്ച നിലപാടും മറക്കാവതല്ല. അന്ന് പരാജയപ്പെട്ട പദ്ധതിയാണ് ഇന്നിപ്പോള്‍ മറ്റൊരു രൂപത്തില്‍ പുറത്തുവരുന്നത് എന്നതാണ് കാണേണ്ടത്.
കമ്മ്യുണിസ്റ്റ് – കോണ്‍ഗ്രസ് മീഡിയ
ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരെ ആക്ഷേപമുന്നയിച്ച അതേ മാധ്യമങ്ങള്‍, നരേന്ദ്ര മോദി സര്‍ക്കാരിനെ അപായപ്പെടുത്താന്‍ ഉദ്ദേശിച്ച് കള്ളക്കഥകള്‍ മെനഞ്ഞ അതേ മാധ്യമങ്ങള്‍, അവ തന്നെയാണ് ഇപ്പോള്‍ രംഗത്തുള്ളതും. അവര്‍ക്കൊക്കെ ഉള്ള ആഭ്യന്തര-ആഗോള ബന്ധങ്ങള്‍ വ്യക്തമാണ്. ‘കമ്മ്യുണിസ്റ്റ്-കോണ്‍ഗ്രസ് മീഡിയ’ എന്നും അവയെ വിശേഷിപ്പിക്കാമെന്ന് അവയുടെ മുഖം പലപ്പോഴും കാണിച്ചുതന്നിട്ടുമുണ്ട്. ഇറ്റാലിയന്‍-വത്തിക്കാന്‍ കണക്ഷനുകള്‍ വേറെയും. ഇപ്പോള്‍ ചീഫ് ജസ്റ്റീസ് ചിലത് സൂചിപ്പിച്ചുവെന്ന് പറഞ്ഞുവല്ലോ.
ചില പ്രധാനപ്പെട്ട കേസുകള്‍ താന്‍ അടുത്താഴ്ച പരിഗണിക്കാനിരിക്കുകയാണ് എന്ന്. അതിലൊന്ന് കോണ്‍ഗ്രസ് പ്രസിഡന്റിനെതിരായ കോടതി അലക്ഷ്യ കേസ് ആണ്; മറ്റൊന്ന് ഒരു മുന്‍ മന്ത്രിക്കും മകനും ഭാര്യക്കും മാറ്റുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസും. അതിന് സമാനമായ ചിലതൊക്കെ വേറെയും അദ്ദേഹത്തിന്റെ ബെഞ്ചിലുണ്ട്. അപ്പോള്‍ ചീഫ് ജസ്റ്റീസ് മാറിനില്‍ക്കണം, എന്നാലേ തങ്ങള്‍ക്ക് രക്ഷയുള്ളൂ എന്ന് ചിലര്‍ ചിന്തിക്കുന്നു. സത്യസന്ധമായി നീതിനിര്‍വഹണം നടന്നാല്‍ കുടുങ്ങുമെന്ന് ചിലര്‍ ഭയപ്പെടുന്നു. ഇതേ അവസ്ഥ തന്നെയാണ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കും നേരിടേണ്ടിവന്നത്.
ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍ പിറന്ന, ഒരു മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ മകന് കൂടിയാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് എന്നത് സൂചിപ്പിക്കാതെയും വയ്യ. കോണ്‍ഗ്രസ് എത്രത്തോളം അധഃപതിക്കുന്നു എന്നതിന് വേറെയെന്ത് സാക്ഷ്യപത്രം വേണം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: