മിഥുനമാസത്തിലെ വെള്ളിയാഴ്ച.
മിഥുനം യുവമിഥുനങ്ങളുടെ രാശി. ഗദയും വീണാവാദ്യവും കയ്യിലേന്തിയ നരനാരികളാണ് സ്വരൂപം.
മൈഥുനത്തിന്റെ രാശി.
വെള്ളി ശുക്രന്റെ ദിവസം. ശുക്രന് സ്ത്രീ.
അതിനാല്‍ തന്റെ മുന്നിലിരിക്കുന്ന ദമ്പതികളില്‍ സ്ത്രീക്കാണ് പ്രശ്നമുള്ളതെന്ന് നാരായണപ്പണിക്കര്‍ നിരൂപിച്ചു. അങ്ങനെയൊരു നിരൂപണത്തിന് നിദാനം അത് ആ മാസത്തിലെ അവസാന വെള്ളിയും തിഥി കൃഷ്ണപക്ഷത്തിലെ ചതുര്ദ്ദശിയുമായതുകൊണ്ട്. ഏതാനും നാഴികകള്‍ കഴിഞ്ഞാല്‍ അമാവാസി എന്ന ബലക്ഷയത്തിലേക്ക് ചന്ദ്രന് മുഖം കുത്തി വീഴും. ചന്ദ്രനും സ്ത്രീഗ്രഹം.
ജാതകം കാണാതെ തന്നെ ജാതകനെ വായിക്കുന്ന പണിക്കരുടെ രീതി നാട്ടില്‍ പ്രസിദ്ധമായിരുന്നു.
ദിവസം, ദിവസത്തിന്റെ ഗ്രഹം, ഗ്രഹത്തിന്റെ കാരകത്വം, തിഥി, ചില നിമിത്തങ്ങള്‍, വരുന്നവരുടെ വസ്ത്രനിറം, ഇരിപ്പുരീതി ഇതെല്ലാം കൂട്ടിയിണക്കിയുള്ള പ്രവചനങ്ങള്‍ മിക്കവാറും കൃത്യമായിരുന്നു.
അന്ന് മുന്പില് വന്നിരുന്ന ദമ്പതികളുടെ ശരീരഭാഷയില്‍ കാര്യപ്പെട്ട എന്തോ അസ്വാരസ്യം പണിക്കര്‍ വായിച്ചു. അത് ശരിയുമായിരുന്നു.
കാരണങ്ങള്‍ എന്തുമാവട്ടെ. ബന്ധം ഇപ്പോള്‍ അറ്റുപോകുന്ന ചങ്ങലക്കണ്ണി പോലെ ദുര്‍ബ്ബലമായിരിക്കുന്നു.
”നന്നായി ചേരും എന്നുപറഞ്ഞ് ചേര്ത്തീതാണ് ഞങ്ങളെ…”, ജാതകന് മുനഞ്ഞു.
”നോക്കട്ടെ…”
പണിക്കര്‍ ഇരുജാതകങ്ങളും ഒന്നൊത്തുനോക്കി. സ്ത്രീയുടെ ഏഴില്‍ രവി, എട്ടില്‍ ചൊവ്വ, രണ്ടും ആഗ്നേയഗ്രഹങ്ങള്‍! ബലപ്പെട്ട ഈ ദോഷങ്ങളെ പ്രതിരോധിക്കാന്‍ തക്ക ദോഷകാഠിന്യം പുരുഷജാതകത്തിലില്ല.
”പാപസാമ്യം പോരല്ലോ…”
”നല്ല പൊരുത്തംണ്ട്ച്ച് ചേര്‍ത്തീതാ…”
പൊരുത്തസംഖ്യ മാത്രം നോക്കി തിരുമണം ചെയ്തവരുടെ ദുരന്തങ്ങള്‍ക്ക് ഏറ്റവും പുതിയ രക്തസാക്ഷികള്‍.
”പണിക്കരെ എന്തെങ്കിലും പരിഹാരങ്ങള്‍?”
”ജാതകച്ചേര്‍ച്ച മാത്രമാണ് ഈ ദോഷത്തിനുള്ള പരിഹാരം…” പണിക്കര്‍ ജാതകം തിരിച്ചുകൊടുത്തു. ”രോഗംവന്നിട്ട് ചികിത്സിക്കണോ, രോഗം വരാതെ സൂക്ഷിക്കണോ എന്നതുപോലൊരു പ്രശ്നമാണിത്… നല്ലത് വരട്ടെ…”
പണിക്കരുടെ അനുഗ്രഹം ഏശിയില്ല.
നിയമപരമായ കെട്ടഴിയലിന് നില്‍ക്കാതെ ദമ്പതികള്‍ രണ്ടുവഴിക്ക് വേര്‍പെട്ടു. സ്ത്രീ തയ്യല്‍ തൊഴില്‍ ചെയ്ത് ജീവിതം നീക്കി. അയാള്‍ ആരെയോ പിടിച്ച് ഗള്‍ഫില്‍ ചെറിയൊരു ജോലി തരപ്പെടുത്തി. കുട്ടി വളര്‍ന്നത് മുത്തശ്ശിയുടെ കൂടെ. അച്ഛനുമമ്മയുമുണ്ടായിട്ടും അവരില്ലാത്തതിന് സമമായി കുട്ടി വളര്‍ന്നു. അതിന്റെ തുമ്പങ്ങള്‍ അവനനുഭവിച്ചു.
എന്നാല്‍ പതിനാറു വര്‍ഷങ്ങള്‍ക്കുശേഷം നിനച്ചിരിക്കാതെ ഒരുനാള്‍ ദമ്പതികള്‍ കണ്ടുമുട്ടി. തെറ്റുകള്‍ തിരിച്ചറിഞ്ഞു. അത് പരസ്പരം ഏറ്റുപറഞ്ഞ് പുതിയ ഓടത്തില്‍ തുഴച്ചിലാരംഭിച്ചു.
”അതെന്തു കൊണ്ടാവാം സാര്‍?”, വിഷ്ണുവാണ് ചോദിച്ചത്.
”ഇരുജാതകങ്ങളിലും തുല്യദോഷങ്ങള്‍ ഇല്ലാത്തതുകൊണ്ടുള്ള പ്രശ്നങ്ങളുണ്ടെങ്കിലും അപ്പോള്‍ ആ നേരത്ത് പിരിയാനും പതിനാറ് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒന്നിക്കാനും ശക്തമായ കാരണമുണ്ടാവണം….”
രാമശേഷന് തൊണ്ടയിടറിയോ?
”അതെന്താണ് സാര്‍?”
”അവര്‍ക്ക് ഒരു മകനേയുള്ളൂ… മകന് കടന്നുപോയ ദശാകാലം… ആ കാലത്ത് അവന് അച്ഛനെ നഷ്ടപ്പെടണമായിരുന്നു… അവന്റെ പിതൃസ്ഥാനത്ത് രവിയും രാഹുവുമായിരുന്നു…”
പതിവിലും വിയര്‍ത്തു. പതിവിലും വേഗത്തില്‍ രണ്ടു ചാല് നടന്നു.
”പിതൃസ്ഥാനം ഏതാണ്? പറയൂ നോക്കട്ടെ…”
”ഒമ്പതല്ലേ സാര്‍…”
”ഒമ്പതില്‍ നില്ക്കുന്ന രാഹുവിന്റെ ദശാകാലത്താണ് അച്ഛന് വിട്ടുപോയത്… രാഹു കഴിഞ്ഞ് വ്യാഴംതുടങ്ങിയപ്പോള് അച്ഛനെ തിരിച്ചുകിട്ടി…”
കര്‍മ്മകാണ്ഡത്തിലെ തീര്‍പ്പുകള്‍.
ജീവിതത്തിലെ കൊടുമയായ കാലങ്ങള്‍…
ആരായിരുന്നു ആ കുട്ടി?
”വ്യാഴദശ തുടങ്ങിയതു മാത്രമാണോ സാര്‍ അതിന് കാരണം?”, സീതാലക്ഷ്മി.
”വ്യാഴം നില്‍ക്കുന്നത് പതിനൊന്നില്‍,” രാമശേഷന് സീതാലക്ഷ്മിയുടെ അരികെ വന്നു. ”പതിനൊന്ന്ച്ചാല് പുനഃസമാഗമം…”
ദശ നടത്തുന്ന ഗ്രഹം മാത്രമല്ല, അതുനില്‍ക്കുന്ന ഭാവവും പ്രധാനമാണെന്ന് കുട്ടികള്‍ തിരിച്ചറിഞ്ഞു.
”അപ്പോള്‍ അപഹാരങ്ങളുടെ പങ്ക് എന്താണ് സാര്‍?”
ഇതേ ചോദ്യം തഞ്ചാവൂരിലെ ക്ലാസ്സ് മുറിയില്‍ രാമശേഷന് ചോദിച്ചിരുന്നു, പണ്ട്.
”എന്ത് നടക്കും എന്ന് ദശ തീരുമാനിക്കും,” തിരുച്ചന്തൂരിലെ കടല്‍ തെളിവോടെ ഉണര്‍ന്നു. ”എപ്പോള്‍ നടക്കുമെന്ന് അപഹാരങ്ങളും…”
സീതാലക്ഷ്മി ഇരുന്നു.
ക്ലാസ്സ് നിശ്ശബ്ദമായി.
രാമശേഷന് ഗുരുനാഥനെ വീണ്ടും കാതുകളില്‍ വാങ്ങി.
”എന്ത് നടക്കുമെന്ന് ദശ തീരുമാനിക്കും… എപ്പോള്‍ നടക്കുമെന്ന് അപഹാരങ്ങളും…”
വളരെ പണ്ടൊരു കാലം.
പടിഞ്ഞാറെ ഇന്ത്യയില്‍ നല്ലസൊപ്പാര എന്നൊരു ഗ്രാമത്തില്‍ ജാലീഹാല് എന്നൊരു ദൈവജ്ഞന് കുട്ടികള്‍ക്ക് ജ്യോതിഷജ്ഞാനം പകരുകയായിരുന്നു. പ്രമാണത്തില്‍ മാത്രമല്ല പ്രായോഗികതയില്‍ ഊന്നിയുള്ള ഒരു പഠനശൈലി.
നേരത്തെ നാരായണപ്പണിക്കര്‍ക്ക് മുന്പിലെത്തിയപോലെ ഒരു ഭാര്യയും ഭര്‍ത്താവും കെട്ടഴിയലിന്റെ വക്കിലെത്തി എന്തു തീരുമാനമെടുക്കണമെന്നറിയാത്തൊരു ആശയക്കുഴപ്പത്തില്‍ ജാലിഹാലിന്റെ മുന്‍പിലെത്തി.
വലിയ മാന്തോപ്പും തെങ്ങുകളും ചുറ്റിനില്ക്കുന്ന തറവാട്. പൂമുഖം കഴിഞ്ഞാല്‍ മൈതാനത്തെ ഓര്‍മിപ്പിക്കുന്ന വലിയൊരു മുറി. ആ മുറി തന്നെയായിരുന്നു ക്ലാസും കൂടവും പഠനമുറിയും കിടപ്പറയും അടുക്കളയും എല്ലാം. ജാലിഹാല്‍ ക്ലാസ്സെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ അടുക്കളയില്‍ ശമയലീലായിരിക്കും. പെണ്‍കുട്ടികള്‍ മേശയ്ക്കു ചുറ്റുമിരുന്ന് പഠിക്കുന്നുണ്ടാവും. ആണ്‍കുട്ടികള്‍ അരപ്പുറത്ത് കളിക്കുന്നുണ്ടാവും. അടുക്കളയോട് ചേര്‍ന്നുള്ള കൊട്ടത്തളങ്ങളില്‍ പണിക്കാരി പാത്രം മോറുന്നുണ്ടാവും. ഇതിനിടയിലാണ് ക്ലാസ്സ്.
ദമ്പതികള്‍ വന്ന നേരം ജാലിഹാലിന്റെ ഭാര്യ അടുക്കളക്കിണറ്റില്‍ നിന്നും വെള്ളം കോരുകയായിരുന്നു.
ദമ്പതികള്‍ പാതി ചന്തിയില്‍ ഇരുന്നതും വെള്ളം നിറഞ്ഞ് മുകളിലേക്ക് പ്രയാണമാരംഭിച്ച ബക്കറ്റ് കയറില്‍നിന്ന് സന്ധിബന്ധമറ്റ് കിണറിലേക്ക് തന്നെ മുഖം കുത്തി വീണു.
കയര്‍ മുറിയുന്നു. വെള്ളം നിറഞ്ഞ ബക്കറ്റ് വലിയ ശബ്ദമുണ്ടാക്കി കിണറ്റിലേക്ക് തന്നെ മടങ്ങിപ്പോവുന്നു.
”ഇതൊരു നിമിത്തമാണ്,” ജാലിഹാല്‍ കുട്ടികളോട് പറഞ്ഞു. ”ദമ്പതികളുടെ ഇന്നത്തെ അവസ്ഥയെ ഈ നിമിത്തത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങളെങ്ങനെ വിലയിരുത്തും?”
കുട്ടികള്‍ക്ക് തെല്ലും സംശയമുണ്ടായിരുന്നില്ല. ബന്ധം പിരിയണോ തുടരണോ എന്ന ആശയക്കുഴപ്പവുമായി മുന്നിലിരിക്കുന്ന സ്ത്രീയും പുരുഷനും. കയര്‍ രണ്ടായി മുറിഞ്ഞ് ജലം ഉത്ഭവസ്ഥാനത്തേക്ക് തിരിച്ചുപോവുന്നു.
വേര്‍പാടിന്റെ ലക്ഷണം തന്നെയാണ് ഈ നിമിത്തം.
”അല്ല,” ജാലിഹാല്‍ കഴുത്തിലെ രുദ്രാക്ഷത്തില്‍ തെരുപ്പിടിച്ചു. ”അവര്‍ ഒന്നായിത്തീരും…”
കുട്ടികള്‍ അക്ഷരാര്‍ത്ഥത്തില്‍ അന്തംവിട്ടു.
”ഇവിടെ ദാമ്പത്യവും കുടുംബവുമാണ് ചിന്താവിഷയം… അതിനാല്‍ ദ്രവിച്ച് പൊട്ടാറായ കയറല്ല നിമിത്തവസ്തു…”
അദ്ദേഹം ഉറച്ച ആലോചനയില്‍ തുടര്‍ന്നു.
”ജലം… ജലമാണ് ഇവിടെ ചിന്തിക്കപ്പെടേണ്ടത്… കിണറില്‍നിന്നും പൊന്തി വന്ന ജലം കിണറ്റിലേക്ക് തന്നെ മടങ്ങിപ്പോവുന്നു….അവര്‍ അവരുടെ പഴയ ദാമ്പത്യസുഖത്തിലേക്കു തന്നെ മടങ്ങിപ്പോവും എന്നാണ് നിമിത്തം പറയുന്നത്…”
കുട്ടികള്‍ക്കു അതൊരു പുതിയ അറിവായിരുന്നു. മുഖഭാവം പക്ഷേ, അതെന്തോ അവര്‍ക്ക് ദഹിക്കാത്തതുപോലെ തോന്നിച്ചു. ഗുരുനാഥന്റെ നോക്കിക്കാണല്‍ എന്തേ ഈ വഴിക്ക് തിരിയാന്‍?
”ജ്യോതിഷം വ്യാഖ്യാനിക്കലിന്റെ ശാസ്ത്രം കൂടിയാണ്,” ജാലിഹാല്‍ തന്റെ അനുഭവം പങ്കുവച്ചു.” നിമിത്തങ്ങളെക്കുറിച്ചുള്ള കൃത്യമായ ബോധം വേണം… സാഹചര്യങ്ങളെ അതുമായി കൂട്ടിക്കെട്ടാന്‍ കഴിയണം… അതിന് ഉള്‍പ്രകാശവും ദൈവാനുഗ്രഹവും വേണം… ഇതെല്ലാമുണ്ടെങ്കില്‍ കാര്യം എത്ര ലളിതം… എളുപ്പം…”
”നിമിത്തം അത്ര പ്രധാനമാണോ സാര്‍?” സംശയങ്ങള്‍ ചോദിക്കുമ്പോള്‍ രാമന്‍കുട്ടിയുടെ കണ്ണുകളില്‍ എപ്പോഴും നിഷ്കളങ്കതയുടെ പ്രകാശമുണ്ട്.
രാമശേഷന് പ്രാരംഭക്ലാസ്സിലെ പാഠങ്ങളിലേക്ക് സഞ്ചരിച്ചു. സ്ലേറ്റും പെന്‍സിലും പിടിച്ച് ഇപ്പോള്‍ മനസ്സില്‍ ഒരു കുട്ടി ഇരുന്നു.
ജ്യോതിഷത്തിന് വേദാംഗ ജ്യോതിഷം എന്നാണ് പേര്. വേദത്തിന്റെ ആറംഗങ്ങളില്‍ സുപ്രധാന അംഗമായതുകൊണ്ട്.
കുട്ടി എഴുതിയെടുക്കുന്നു. മായ്ക്കുന്നു. വീണ്ടും എഴുതുന്നു.
ജ്യോതിശ്ശാസ്ത്രത്തിനും ആറംഗങ്ങള്‍.
അതില്‍ ഒരംഗം നിമിത്തം.
വെറും നിമിത്തം നോക്കി ഫലപ്രവചനം നടത്തുന്നവര്‍ ദിവ്യശക്തിയുള്ള ദൈവജ്ഞര്‍.
ഇന്ന് എന്തായിരുന്നു തന്റെ നിമിത്തം?
കാലത്ത് കുളിമുറിയില്‍ ഒരു പാമ്പ്. പാമ്പിനെത്തേടി ഒരു കീരി. തന്റെ പിന്നില്‍ ഒരു വേട്ടക്കാരനുള്ളതും താന്‍ ഇരയാണെന്നും പാമ്പ് അറിയുന്നില്ല. പാമ്പെത്തിയത് ഒരുവേട്ടക്കാരനായി. ഇര ഒരെലി. എലിയും ഒരു വേട്ടക്കാരന്. എലിയുടെ ഇരയാര്? ഏതോ, ഏതോ ഒരു ബിന്ദുവില്‍വച്ച് ഇര അവസാനിക്കുന്നു.
താന്‍ ആരുടെ ഇര?
അവസാന ഇര?
കുട്ടിയുടെ കയ്യില്‍നിന്നും സ്ലേറ്റ് താഴെ വീണ് പൊട്ടുന്നു.
ഈ നിമിത്തം തന്നെ പിന്തുടരാന് തുടങ്ങിയത് എന്നു മുതല്ക്കാണ്?
ആ ആലോചനയില്‍ ഇടറി വീഴുമ്പോള്‍ മൂന്നാമത്തെ പെഗ്ഗും അകത്തായിക്കഴിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: