മുന്‍പൊരു കാലത്ത് തമിഴകത്ത് ശിവമഹാമുനി എന്നറിയപ്പെട്ടിരുന്ന ഒരു മഹാമനുഷ്യനുണ്ടായിരുന്നു. ചുറ്റുമുള്ള ജീവജാലങ്ങളോടെല്ലാം സ്നേഹം വച്ചു പുലര്‍ത്തിയിരുന്ന ഒരുമഹാത്മാവ്.
ശിവമഹാമുനിയുടെ സംരക്ഷണത്തില്‍ വളര്‍ന്നു വന്ന ഒരു പേടമാനുണ്ടായിരുന്നു. ആ പേടമാനിന്റെ ഉദരത്തില്‍ മഹാലക്ഷ്മിയുടെ അംശമായി ഒരു പെണ്‍കുട്ടി വളര്‍ന്നു.
വേടസ്ത്രീകള് വള്ളിക്കിഴങ്ങുകള്‍ പറിക്കാനായി കുഴിച്ച ഒരു ചെറുകുഴിയില് പേടമാന് തന്റെ കുഞ്ഞിനെ പ്രസവിച്ചു. ഒരു വള്ളിഗുഹയ്ക്കരികില് ഒരു വള്ളിക്കിഴങ്ങിന്റെ തടത്തില്‍ ജനിച്ച കുഞ്ഞ് വള്ളി എന്ന പേരില്‍ തന്നെ അറിയപ്പെട്ടു.
ശ്രീമഹാലക്ഷ്മിയുടെ കാന്തി മുഴുവന്‍ പൂവണിഞ്ഞു നിന്ന ആ മുഖകാന്തി എല്ലാവരേയും ആകര്‍ഷിച്ചു. ശ്രീവല്ലഭന്റെ പക്വതയും ശാന്തിയുമെല്ലാം നിറഞ്ഞു നിന്ന അവളെ ശ്രീവല്ലഭയെപ്പോലെ തന്നെ എല്ലാവരും ഗണിച്ചു. അതിനാല്‍ ശ്രീവല്ലി എന്നും എല്ലാവരും വിളിച്ചു.
കാഞ്ചികാമാക്ഷിയുടെ അനുഗ്രഹാശിസ്സുകളോടെ പൂര്‍ണ ഐശ്വര്യവും ചാരുതയും. കന്യകയുടെ കണ്ണുകള്‍ ആരെയും ആകര്‍ഷിക്കാന്‍ പോന്നവ.
നമ്പിരാജന്റെ സംരക്ഷണത്തില്‍ വളരാനായിരുന്നു ആ ശിശുവിന്റെ യോഗം. മലവേടന്മാര് വള്ളിക്കുടിലിനരികിലെ കുഴിയില്‍ നിന്നു കണ്ടെടുത്ത ശിശുവിനെ വേടകന്യകമാര് നമ്പിരാജന്റെ മുന്നിലെത്തിച്ചു. നമ്പിരാജന് ഏറെ സന്തോഷമായി. ജ്ഞാനസ്കന്ദനെ സേവിച്ചു കഴിയുകയായിരുന്ന നമ്പിരാജന് ഈ കുഞ്ഞിനെ ഭഗവാന്റെ അനുഗ്രഹദാനമായിത്തന്നെ കരുതി.
വള്ളീദേവി കാഞ്ചികാമാക്ഷിയെ സേവിച്ചു കഴിഞ്ഞു. ശ്രീമഹാദേവി അവളുടെ കണ്ണുകളില്‍ കാമത്തിന്റെ കരവിരുതുകളൊരുക്കി. ആ കണ്ണുകളില്‍ രമണീയത നിറഞ്ഞുനിന്നു.
ഈ കാലഘട്ടത്തിലാണ് ശൂരപത്മാസുരനെ നിഗ്രഹിച്ചു വിജയിയായി വന്ന ശ്രീമുരുകനെക്കുറിച്ചുള്ള ഖ്യാതി വള്ളിയുടെ ചെവിയിലെത്തിയത്. മനസ്സറിയാതെ ഒരു ആരാധന തോന്നി. പതുക്കെ ആ ആരാധനയില്‍ വൈചിത്ര്യങ്ങള്‍ നിറഞ്ഞു വന്നു. പരസ്പരം കണ്ടിട്ടില്ലെങ്കിലും ഇരുവരിലും ഇത് ആകര്‍ഷണീയത പരത്തി.
തിരുത്തണിക്കുന്നില് മുരുകന് ചെന്നത് ഒറ്റയ്ക്കാണ്. ശ്രീനാരദന്റെ പ്രേരണയും അതിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: