ശബരിമലയെ കലാപഭൂമിയാക്കാനുള്ള എല്ലാ ഗൂഢാലോചനയും സര്‍ക്കാരും പോലീസും നടത്തിയിരുന്നു. ആയിരത്തഞ്ഞൂറോളം പോലീസുകാരെയാണ് ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിന് ഡ്യൂട്ടിക്ക് നിയോഗിച്ചത്. പോലീസ് വേഷത്തിലും സിവില്‍ വേഷത്തിലും, എന്തിന് അയ്യപ്പഭക്തരുടെ വേഷത്തില്‍ വരെ പോലീസ് തലങ്ങും വിലങ്ങും പാഞ്ഞു. അയ്യപ്പഭക്തരുടെ വേഷത്തിലെത്തി പ്രകോപനം സൃഷ്ടിക്കുന്ന പോലീസുകാരുടെ ചിത്രം സഹിതം ജന്മഭൂമി വാര്‍ത്ത നല്‍കുകയും ചെയ്തു.
നവംബര്‍ ആറിന് രാവിലെ ദര്‍ശനത്തിനെത്തിയ 52 വയസ്സുള്ള അമ്മയ്ക്ക് ഒപ്പം മറ്റൊരു യുവതി കൂടി ഉണ്ടെന്നുള്ള വ്യാജപ്രചാരണം ചില കേന്ദ്രങ്ങള്‍ അഴിച്ചുവിട്ടു. ഇതോടെ ഭക്തര്‍ സംഘടിച്ചു. സന്നിധാനത്തെ പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി. ഈ സമയമൊന്നും പോലീസ് ചിത്രത്തിലേ ഉണ്ടായിരുന്നില്ല എന്നത് ആ സമയത്തെ ചാനല്‍ ദൃശ്യങ്ങളും ചിത്രങ്ങളുമൊക്കെ വ്യക്തമാക്കുന്നുണ്ട്.
ഈ സമയമാണ് യുവതിയെ പോലീസ് പതിനെട്ടാംപടിയിലേക്ക് കൊണ്ടുവരുന്നു എന്ന് വീണ്ടും പ്രചാരണം ഉണ്ടായത്. ഇതോടെ പടികയറാനെത്തിയ ഭക്തര്‍ പതിനെട്ടാംപടിക്ക് താഴെയും പടിയിലുമായി നിലയുറപ്പിച്ചു. സന്നിധാനം, നടപ്പന്തല്‍, പതിനെട്ടാം പടി എന്നിങ്ങനെ ബ്ലോക്ക് തിരിച്ചായിരുന്നു പോലീസ് സുരക്ഷ ഒരുക്കിയിരുന്നത്. ആസമയം പടിക്കെട്ടില്‍ ഡ്യൂട്ടിയുള്ള പോലീസുകാരോ ചുമതലയിലുണ്ടായിരുന്ന ഡിവൈഎസ്പിയോ സിഐയോ പോയിട്ട് സന്നിധാനത്തെ പോലീസ് ഗാര്‍ഡ് പോലും സ്ഥലത്ത് ഉണ്ടായിരുന്നില്ല. ബഹളം ആരംഭിച്ചപ്പോള്‍ മുതല്‍ പോലീസ് സന്നിധാനത്ത് നിന്നും പിന്‍വാങ്ങി.
സംഘടിച്ച ഭക്തര്‍ അക്രമത്തിലേക്ക് തിരിയും എന്ന ഘട്ടം വന്നതോടെയാണ് ശബരിമല കര്‍മസമിതി നേതാക്കള്‍ ഇടപെടുന്നത്. പടിക്കെട്ടില്‍ നിന്ന ഭക്തരെ താഴെ ഇറക്കി മറ്റ് ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കി. അയ്യപ്പവേഷം ധരിച്ച പോലീസുകാരുടേയും പ്രശ്നം ഉണ്ടാക്കാനായി എത്തിയ വ്യാജ ഭക്തരുടെയും സാന്നിധ്യം അതിനകം ശബരിമല കര്‍മസമിതി നേതാക്കള്‍ തിരിച്ചറിഞ്ഞിരുന്നു. അപ്പോഴേക്കും ആരൊക്കെയോ ചേര്‍ന്ന് സന്നിധാനത്ത് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. സന്നിധാനത്തും പോലീസ് സ്റ്റേഷന് മുന്നിലും ഭക്തര്‍ പരസ്പരം തര്‍ക്കത്തിലേക്ക് പോയി. ഉപരോധസമരത്തിലേക്ക് തിരിയുന്ന സാഹചര്യം വരെ കൊണ്ടെത്തിച്ചു. ഈ സമയമെല്ലാം പോലീസ് നിശ്ശബ്ദരായി നോക്കി നിന്നു. കലാപം ഉണ്ടാക്കുക എന്നതായിരുന്നു ആ നിശ്ശബ്ദതയുടെ ലക്ഷ്യം.
ശബരിമല കര്‍മസമിതി നേതാക്കള്‍ ഇടപെട്ടതോടെ ഭക്തര്‍ ശാന്തരായി. അതോടെ അക്രമ ലക്ഷ്യവുമായി വന്നവര്‍ ഒറ്റപ്പെട്ടു. കര്‍മസമിതി പ്രവര്‍ത്തകരും അവരെ അനുകൂലിക്കുന്ന ഭക്തരും ഓരോ ചെറിയ സംഘങ്ങളായി നടപ്പന്തലിലും വാവര് സ്വാമി നടയ്ക്ക് മുന്നിലുമൊക്കെയായി നാമജപം ആരംഭിച്ചു. അക്രമലക്ഷ്യവുമായി വന്നവര്‍ പിന്‍വാങ്ങി. സന്നിധാനം ശാന്തമായി. ഒരുപക്ഷേ ശബരിമല കര്‍മസമതി പ്രവര്‍ത്തകര്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ വെടിവയ്പ് ഉള്‍പ്പെടെയുള്ള കലാപത്തിലേക്ക് പോലീസ് എത്തിയേനെ. അതിനുള്ള എല്ലാ ആസൂത്രണവും പോലീസും സര്‍ക്കാരും നടത്തിയിരുന്നു.
ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഭക്തര്‍തന്നെ ശബരിമലയുടെ സുരക്ഷാ നിയന്ത്രണം ഏറ്റെടുത്തു. പതിനെട്ടാം പടിയിലും എല്ലായിടത്തും ഭക്തര്‍ തന്നെ അയ്യപ്പന്മാരെ സഹായിക്കാനെത്തി. പോലീസിന്റെ പരാജയം വലിയ വാര്‍ത്തയായി. അതോടെ ശബരിമല കര്‍മസമിതി നേതാക്കള്‍ക്ക് നേരെ വാര്‍ത്തകള്‍ തിരിച്ചുവിട്ടു. കലാപം ഉണ്ടാകാതെ സന്നിധാനം കാത്തതിനെതിരെ വാര്‍ത്തകള്‍ പടച്ചു. വ്രതം എടുത്ത് നോമ്പുനോറ്റവര്‍ പടികയറിയത് വിവാദമാക്കി. എന്നാല്‍ ചക്കിന് വച്ചത് കൊക്കിനുകൊണ്ടു എന്നുപറഞ്ഞപോലെ പിന്നാലെ ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ ദാസ് ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറി ഇറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തായി. അതോടെ ആ വിവാദവും അവസാനിച്ചു. ചിത്തിര ആട്ട വിശേഷം അവസാനിച്ച് നട അടയ്ക്കുന്നത് വരെ നാമജപം സന്നിധാനത്ത് തുടര്‍ന്ന് കൊണ്ടിരുന്നു.
പോലീസും സര്‍ക്കാരും വിചാരിച്ചതുപോലെ കലാപം ഉണ്ടാക്കാനാകാതെ വന്നതോടെ സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു, പോലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി, കലാപത്തിന് ലക്ഷ്യമിട്ടു തുടങ്ങിയ വകുപ്പുകള്‍ ഇട്ട് കേസെടുത്തു പിണറായി പോലീസ്. മാധ്യമങ്ങള്‍ അതിന് ഒത്താശപാടുകയും ചെയ്തു. അവര്‍ വിചാരിച്ചപോലെ ആയില്ലെങ്കിലും ശബരിമല പ്രശ്നബാധിതപ്രദേശമെന്ന് വരുത്തി തീര്‍ത്തു പിണറായി സര്‍ക്കാരും പോലീസും… പക്ഷെ അത് മാത്രമായിരുന്നില്ല ലക്ഷ്യം… അതിന് കാരണം ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളാണ്…
ആയിരത്തഞ്ഞൂറ് പോലീസുകാരും കമാന്‍ഡോകളും എന്ത് ചെയ്യുകയായിരുന്നു?
ഐജി എം.ആര് അജിത് കുമാറിന്റെ നേതൃത്വത്തില്‍ മാത്രം 75 പേരുള്ള സ്പെഷ്യല്‍ പോലീസ് വിങ് എവിടെ പോയി?
ശബരിമലയില്‍ ആ സമയം ഉണ്ടായിരുന്ന അയ്യായിരത്തോളം പേരെ നിയന്ത്രിക്കാന്‍ എന്തുകൊണ്ട് പോലീസിനായില്ല?
എന്തുകൊണ്ടാണ് പോലീസ് സ്റ്റേഷന് മുന്നില്‍ ഭക്തര്‍ സംഘടിച്ചിട്ടും പോലീസ് മാറിനിന്നത്.
പതിനെട്ടാംപടിയിലെയും സന്നിധാനത്തെയും ഡ്യൂട്ടി പോലീസിനെ ആസമയം പിന്‍വലിച്ചത് ആര്? എന്തിന്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: