ഇടുക്കി: നീലക്കുറിഞ്ഞി ഉദ്യാനത്തില്‍ വീണ്ടും കാട്ടുതീ, 15 ഹെക്ടറോളം സ്ഥലം കത്തി നശിച്ചു. വിഷു ദിനത്തില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് കൊട്ടാക്കമ്പൂരിലെ തലക്കവല ഭാഗത്ത് കാട്ടുതീ ആദ്യം കണ്ടത്. ഇവിടെ സ്വകാര്യ ഗ്രാന്റീസ് തോട്ടത്തില്‍ നിന്നാണ് ആദ്യം തീ പടരുന്നത്. കുറിഞ്ഞി ഉദ്യാനത്തില്‍പ്പെട്ട ബ്ലോക്ക് 58 ഉള്‍പ്പെടുന്ന ഭാഗമാണ്. ഇതിന് സമീപത്ത് തന്നെയാണ് ജോയ്സ് ജോര്‍ജ് എംപിയുടെ വിവാദഭൂമി. തീ നിയന്ത്രണ വിധേയമായതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കുറച്ച് നാള് മുമ്പ് കൊട്ടാക്കമ്പൂരില്‍ നിന്ന് 2.5 കിലോമീറ്റര്‍ അകലെയുള്ള കടവരിയില്‍ സമാനമായി തീ പടര്‍ന്നിരുന്നു. അന്ന് 100 ഏക്കറോളം ഭൂമിയാണ് അഗ്നി വിഴുങ്ങിയത്. അഞ്ചുനാട്ടില്‍ വ്യാപകമായി പടര്‍ന്ന കാട്ടുതീയില്‍ ആയിരം ഹെക്ടറിലധികം ഭൂമിയാണ് കത്തിനശിച്ചത്.
കുറിഞ്ഞി ഉദ്യാനത്തില്‍ കുറിഞ്ഞി ഇല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ആസൂത്രിക നീക്കമാണ് ഇതിന് പിന്നിലെന്നാണ് വിവരം. സെറ്റില്‍മെന്റ് നടപടികള്‍ പൂര്‍ത്തിയാകാത്തതും തിരിച്ചടിയാണ്. ഇതുവരെ മൂന്ന് സ്വകാര്യ തോട്ടം ഉടമകള്‍ക്കെതിരെ തീയിട്ടതിന് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല.
അഞ്ചുനാട്ടിലെ വട്ടവട, കൊട്ടാക്കമ്പൂര്‍ മേഖലകളില്‍ നിന്ന് ഗ്രാന്റീസ്, യൂക്കാലി മരം മുറിക്കുന്നതിന് സബ്കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യഥാര്‍ഥ രേഖയില്ലാത്തതിനാല്‍ ഈ മരം മുറിക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് തീയിടല്‍ അരങ്ങേറുന്നതെന്നാണ് വിവരം. അതേസമയം ഇത്തരത്തില്‍ തീയിടുന്നതോടെ മണ്ണില്‍ കിടക്കുന്ന കുറിഞ്ഞിയുടെ വിത്തുകള്‍ നശിക്കുമെന്നും ഇത് മേഖലയിലെ കുറിഞ്ഞിയുടെ സാന്നിദ്ധ്യം തന്നെ ഇല്ലാതാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മേഖലയില്‍ തീ പൂര്‍ണമായും അണഞ്ഞിട്ടില്ലെന്ന് വട്ടവട പഞ്ചായത്തംഗം വി.ആര്. അളകര്‍ രാജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: