പത്തനാപുരം: രണ്ടാംവരവിലും സിപിഎമ്മിനെ കരുതലോടെ സംരക്ഷിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍. ലോക്സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ താരപ്രചാരകനായ കോണ്‍ഗ്രസ് പ്രസിഡന്റ്സിപിഎമ്മിനെതിരെ ഒരക്ഷരം പോലും ഉരിയാടിയില്ല. പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണത്തിനെത്തിയ അദ്ദേഹം പ്രസംഗത്തിലുടനീളം ബിജെപിയേയും ആര്‍എസ്എസിനേയും മാത്രമാണ് പരാമര്‍ശിച്ചത്. വയനാട്ടില്‍ സ്ഥാനാര്‍ഥികൂടിയായ രാഹുല്‍ എല്‍ഡിഎഫിനെതിരെ മിണ്ടിയില്ലെന്നു മാത്രമല്ല ഇടതു സര്‍ക്കാരിന്റെ ഭരണപരാജയത്തെപ്പറ്റിയും പരാമര്‍ശിച്ചില്ല.
കേരളം ചര്‍ച്ചചെയ്യുന്ന പ്രളയദുരന്തമോ വിശ്വാസിസമൂഹത്തോടുള്ള സര്‍ക്കാരിന്റെ ക്രൂരതകളെപ്പറ്റിയോ മിണ്ടാതെ രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ പ്രതീക്ഷയോടെ കാത്തുനിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും നിരാശരായി.
വയനാട്ടിലെ തന്റെ സ്ഥാനാര്‍ഥിത്വം രാജ്യത്തിന് ഒരു സന്ദേശം നല്‍കാനാണെന്നാണ് രാഹുലിന്റെ ഭാഷ്യം. മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരളം നല്കുന്ന മര്യാദ, കേരളത്തിന്റെ ചരിത്രം, സംസ്കാരം എന്നിവയാണ് ഈ സംസ്ഥാനം തെരഞ്ഞെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും രാഹുല്‍ പറയുന്നു.
സിപിഎമ്മിനെതിരെ നിശ്ശബ്ദത പാലിക്കുമ്പോഴും ബിജെപിയും ആര്‍എസ്എസ്സും മറ്റെല്ലാ ശബ്ദങ്ങളെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു എന്ന പരാതി രാഹുലിനുണ്ട്. വയനാട്ടില്‍ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ എത്രയൊക്കെ അപമാനിച്ചാലും സിപിഎമ്മിനെതിരെ ഒന്നും പറയില്ലെന്നാണ് രാഹുല്‍ പറഞ്ഞത്.
ഇത് രാഷ്ട്രീയപാപ്പരത്തമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇതിനെപ്പറ്റി പ്രതികരിച്ചത്. രാഹുല്‍ സിപിഎമ്മിനെതിരെ ഒന്നും പറഞ്ഞില്ലെങ്കിലും സിപിഎം കോണ്‍ഗ്രസിനെയും യുഡിഎഫിനേയും തുറന്നു കാട്ടുമെന്നും കോടിയേരി പറഞ്ഞിരുന്നു. സിപിഎം നിലപാട് ഇതായിട്ടും രാഹുല്‍ സിപിഎമ്മിനെ രാഷ്ട്രീയമായി എതിര്‍ക്കാതിരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തേയും ഘടകകക്ഷി നേതാക്കളേയും വെട്ടിലാക്കുന്നു.
ലോക്സഭാ തെരെഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിനെ എതിര്‍ക്കാതെ ബിജെപിക്കുനേരെ മാത്രം വിമര്‍ശനം ഉന്നയിക്കുന്നത് കേരളത്തില്‍ ഇടതുപക്ഷവുമായി രഹസ്യബാന്ധവത്തിനുള്ള മുന്നൊരുക്കമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: