ജനാധിപത്യ പ്രക്രിയയില്‍ തെരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് മഹോത്സവമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടമായ ഏപ്രില്‍ 23 നാണ് കേരളത്തിലെ വോട്ടെടുപ്പ്. അതിനു എട്ടുദിവസം ശേഷിക്കെയാണ് വിഷു ആഘോഷവും.
സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഈ ആഘോഷവേള വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. രാഷ്ട്രീയവും പ്രകടനപത്രികയും വിവരിച്ച് ജനങ്ങളെ ബോധവാന്മാരാക്കി വോട്ടുറപ്പിക്കുന്നതിനുപകരം കലുഷിതമായ അന്തരീക്ഷമാണ് ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്. ബിജെപി എന്തുപറഞ്ഞാലും അത് വിവാദത്തിലാക്കാനാണ് ഇടത്-വലതു നേതാക്കള്‍ ബോധപൂര്‍വം ശ്രമിക്കുന്നത്. വിഷുദിനത്തില്‍പോലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധമുള്ള പ്രചാരണത്തിന്റെ കെട്ടഴിച്ചുവിട്ട് മനസ്സമാധാനം ഇല്ലാതാക്കുകയാണ്.
കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെത്തുംവരെ ഒരു വിവാദവും ഇല്ലായിരുന്നു. ദേശീയതലത്തിലും അതിനപ്പുറവും വയനാട് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് രാഹുലിന്റെ സാന്നിധ്യമാണ്. പുലിയിറങ്ങിയതുപോലെ രാഹുല്‍ വയനാട്ടില്‍ ഇറങ്ങിയപ്പോള്‍ കോണ്‍ഗ്രസിനേക്കാള്‍ ഒരുപടി മുന്നിലായിരുന്നു മുസ്ലീം ലീഗിന്റെ ആവേശം. കോണ്‍ഗ്രസ് കൊടിയേക്കാള്‍ എണ്ണത്തിലും വലുപ്പത്തിലും ലീഗ് കൊടിയാണ് ഉയര്‍ന്നുപൊങ്ങിയത്. ലീഗിന്റെ കൊടിയാകട്ടെ പാകിസ്ഥാന് പതാകയ്ക്ക് സമാനവുമാണ്.
രാഹുലിനെ വിമര്‍ശിക്കുന്നതിന്റെ ഭാഗമായി വയനാട്ടിലെ കൊടിമേളം കണ്ടപ്പോള്‍ ഇത് പാകിസ്ഥാനിലെ പ്രചാരണമെന്ന് തോന്നിപ്പിക്കുന്നു എന്ന് അമിത്ഷാ പറഞ്ഞതിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനും ലീഗിനും ഇല്ലാത്ത വാശിയിലാണ് മുഖ്യമന്ത്രി രംഗത്തുവന്നത്. അതോടൊപ്പം സിപിഎം സെക്രട്ടറിയും. അമിത്ഷാ മാപ്പുപറയണമെന്നുവരെ ആവശ്യപ്പെട്ട് അലറിവിളിക്കുന്ന കാഴ്ചയാണ് കാണാനായത്. തമിഴ്നാട്ടില്‍ സഖ്യകക്ഷികളായ കോണ്‍ഗ്രസിനെയും ലീഗിനേയും സന്തോഷിപ്പിക്കാനുള്ള ശ്രമമാണിതെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം അറിയാം.
പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട്ട് നടത്തിയ പ്രസംഗവും വിവാദത്തിലാക്കാന്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയും കോണ്‍ഗ്രസും ശ്രമിക്കുകയാണ്. ആചാര മര്യാദകളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ ബിജെപി മുന്നിലുണ്ടാകുമെന്ന് പറഞ്ഞത് വര്‍ഗീയ പ്രചാരണമാണെന്നാണ് മുഖ്യമന്ത്രിയുടെയും മറ്റും വിമര്‍ശനം. ഏതെങ്കിലും മതത്തിന്റെ വിശ്വാസം സംരക്ഷിക്കുമെന്നല്ല നരേന്ദ്രമോദി പറഞ്ഞത്. എന്തുകൊണ്ട് കോഴിക്കോട്ട് ശബരിമലയുടെ പേര് പ്രധാനമന്ത്രി പറഞ്ഞില്ലെന്ന ചോദ്യവും വിമര്‍ശകര്‍ക്കുണ്ട്.
അയ്യപ്പന്റെ പേരുപറയാന്‍ പറ്റാത്ത സാഹചര്യം കേരളത്തിലുണ്ടെന്ന മോദിയുടെ പ്രസ്താവന കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കുള്ള മറുപടിയാണ്. ശബരിമലയുടെ പേരില്‍ കലാപമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുകയാണുണ്ടായതെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടി നല്കാന് ബിജെപിക്കും അവകാശമുണ്ട്. ശബരിമല പ്രശ്നത്തില്‍ ആയിരക്കണക്കിനാളുകളെ കള്ളക്കേസില്‍ കുരുക്കി ജയിലിലടച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടിയ തെമ്മാടിത്തങ്ങള്‍ തുറന്നുകാണിക്കുക തന്നെ ചെയ്യും. അതിന് ഏതെങ്കിലും ചട്ടങ്ങള്‍ വിലങ്ങുതടിയാകുമെന്ന് തോന്നുന്നില്ല. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെല്ലാം ആര്‍എസ്എസുകാരാണെന്നാണ് സിപിഎമ്മിന്റെ ന്യായം.
ശബരിമല കര്‍മ്മസമിതി ആര്‍എസ്എസിന്റെ കര്‍മസമിതിയാണ്. ചിദാനന്ദപുരി സന്ന്യാസിയല്ല. വേഷം കെട്ടിയ ആര്‍എസ്എസുകാരനാണെന്നാണ് കോടിയേരി ബാലകൃഷ്ണന് കണ്ടെത്തിയിരിക്കുന്നത്. വിഷലിപ്തമായ വര്‍ഗീയ പ്രചാരണമാണ് ഈ സ്വാമി കേരളത്തിലുടനീളം നടത്തിക്കൊണ്ടിരിക്കുന്നതത്രെ. ചിദാനന്ദപുരി കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ആധ്യാത്മിക ആചാര്യനാണ്. ആര്എസ്എസുകാരന് സന്ന്യാസിയാകുന്നതിനും സന്ന്യാസി ആര്‍എസ്എസ് ആകുന്നതിനും ഇവിടെ ഒരു വിലക്കുമില്ല. സിപിഎം സെക്രട്ടറിയുടെ ഈ ഉമ്മാക്കി കൊണ്ടൊന്നും സര്‍ക്കാരിനെതിരായ വിമര്‍ശനം തടയാമെന്ന് നോക്കേണ്ട. ആഘോഷവേളയില്‍ വിഷം കലക്കി സന്തോഷിക്കുന്നവര്‍ക്ക് വോട്ടെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: