പെരുമ്പാവൂര്‍ : മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. ഡി. ബാബുപോളിന്റെ ഭൗതിക ശരീരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. പെരുമ്പാവൂരിലെ കുറുംപ്പുപടി സെന്റ്‌മേരീസ് കത്തീഡ്രലിലാണ് ബാബുപോള്‍ അന്ത്യ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത്.
ബസേലിയസ് തോമസ് പ്രഥമന്‍ കാത്തോലിക ബാവയുടെ കാര്‍മികത്വത്തിലാണ് സംസ്‌കാരചടങ്ങുകള്‍ നടന്നത്. അമ്മയെ സംസ്‌കരിച്ചിട്ടുള്ള കുടുംബ കല്ലറയില്‍ തന്നെയാണ് ബാബുപോളും ഇനി അന്ത്യവിശ്രമം കൊള്ളുക. കലാ-സാംസ്‌കാരിക-സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖരും നാട്ടുകാരും ബാബുപോളിന് അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തിയിരുന്നു.
ഹൃദ്രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ബാബുപോള്‍ അന്തരിച്ചത്. 78 വയസായിരുന്നു. അഡീഷനല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തില്‍ പി.എ. പൗലോസ് കോറെപ്പിസ്‌കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ലാണ് ബാബു പോള്‍ ജനിക്കുന്നത്. 21-ാം വയസ്സില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ബാബുപോള്‍ 59-ാം വയസ്സില്‍ ഐഎഎസില്‍നിന്നു സ്വമേധയാ വിരമിച്ച് ഓംബുഡ്‌സ്മാന്‍ സ്ഥാനം സ്വീകരിച്ചു. 2001 സെപ്റ്റംബറില്‍ ഉദ്യോഗത്തില്‍ നിന്നും വിരമിച്ചു. 4000 ടൈറ്റിലുകളും ആറുലക്ഷം വാക്കുകളും ഉള്‍ക്കൊള്ളുന്ന വേദശബ്ദ രത്‌നാകരമെന്ന ബൈബിള്‍ നിഘണ്ടു ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 2000-ല്‍ ഇതിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
പരേതയായ അന്ന ബാബു പോള്‍ (നിര്‍മല) ആണ് ഭാര്യ. മക്കള്‍: മറിയം ജോസഫ് (നീബ), ചെറിയാന്‍ സി പോള്‍ (നിബു). മരുമക്കള്‍: മുന്‍ ഡിജിപി എം.കെ. ജോസഫിന്റെ മകന്‍ സതീഷ് ജോസഫ്, മുന്‍ ഡിജിപി സി.എ.ചാലിയുടെ മകള്‍ ദീപ. മുന്‍ വ്യോമയാന സെക്രട്ടറിയും യുപിഎസ്സി അംഗവും ആയിരുന്ന കെ. റോയ് പോള്‍ സഹോദരനാണ്.
















