ന്യൂദല്‍ഹി: വിശാലമായ മൈതാനത്തിന്റെ അങ്ങേത്തലയ്ക്കലെ ചുവരുകളില്‍ വെടിയുണ്ടകള്‍ തുളച്ചു കയറിയ പാടുകള്‍ ഇപ്പോഴുമുണ്ട്. അവിടേക്ക് കാതോര്‍ത്താല്‍ നമുക്ക് കേള്‍ക്കാം കേണല്‍ ഡയറിന്റെ ആക്രോശവും പാഞ്ഞുവരുന്ന വെടിയുണ്ടകളുടെ ഭീതിപ്പെടുത്തുന്ന ശബ്ദവും.
കണ്ണുകളടച്ച് ശ്വാസമിറുക്കിപ്പിടിച്ച് ശ്രദ്ധിച്ചാല്‍ ഭാരത് മാതാ കീ ജയ് വിളിച്ച് പിടഞ്ഞു വീണ നൂറുകണക്കിന് സ്വാതന്ത്ര്യസമരഭടന്മാരുടെ ശബ്ദം നമുക്കവിടെ കേള്‍ക്കാം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സമാനതകളില്ലാത്ത ക്രൂരത അരങ്ങേറിയിട്ട് ഇന്ന് നൂറാണ്ട് തികയുന്നു. ഓരോ ദേശസ്നേഹിയുടേയും നെഞ്ചിലെ മാറാത്ത മുറിവാണ് ഒരു നൂറ്റാണ്ടിനിപ്പുറവും ജാലിയന്‍ വാലാബാഗ്.
1919 ഏപ്രില്‍ 13; സ്വാതന്ത്ര്യസമര നേതാക്കളായിരുന്ന സത്യപാലിന്റെയും സൈഫുദ്ദീന് കിച്ലിയുടേയും അറസ്റ്റില്‍ പ്രതിഷേധിക്കാന്‍ അമൃതസറിലെ സുവര്‍ണക്ഷേത്രത്തിന് തൊട്ടടുത്തുള്ള ജാലിയന്‍ വാലാബാഗ് എന്ന മൈതാനിയില്‍ ആയിരക്കണക്കിന് സ്വാതന്ത്രസമരഭടന്മാര്‍ തിങ്ങിക്കൂടിയിരുന്നു. സമാധാനപരമായ പ്രതിഷേധമായിരുന്നു നിരായുധരായ അവരുടെ ലക്ഷ്യം. എന്നാല്‍ തൊട്ടുതലേദിവസം പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ ലംഘനം ആരോപിച്ച് കേണല്‍ റെജിനാള്‍ഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം ഇവിടേക്ക് കുതിച്ചെത്തുന്നു.
ഇടുങ്ങിയ പ്രവേശന കവാടമുള്ള നാലുപാടും ഉയര്‍ന്ന കെട്ടിടങ്ങളും പത്തടിയിലേറെ ഉയരമുള്ള മതിലുകളും നിറഞ്ഞ മൈതാനത്തിലെ ഏക പ്രവേശന കവാടത്തിലൂടെ അകത്തേക്ക് കയറിയ സൈന്യം യാതൊരു മുന്നറിയിപ്പും നല്‍കാതെ വെടിവെയ്പ്പ് ആരംഭിച്ചു. സമരഭടന്മാരോട് പിരിഞ്ഞുപോകണമെന്ന് പോലും ആവശ്യപ്പെടാതെയായിരുന്നു വെടിവെയ്പ്പ്.
പത്തു മിനിറ്റ് നീണ്ട നടപടിയില്‍ 1650 റൗണ്ട് വെടിയുതിര്‍ത്തെന്നാണ് ബ്രിട്ടീഷ് സൈനിക രേഖകള്‍ വ്യക്തമാക്കുന്നത്. അനുസരണയില്ലാത്ത ഇന്ത്യക്കാരെ ശിക്ഷിക്കുകയായിരുന്നു തന്റെ ഉദ്ദേശ്യമെന്നാണ് പിന്നീട് ഹണ്ടര്‍ കമ്മീഷന് നല്കിയ മൊഴിയില്‍ കേണല്‍ ഡയര്‍ പറഞ്ഞത്. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചുതന്നെയാണ് ഡയറിനെ ബ്രിട്ടീഷ് സൈന്യം അവിടേക്ക് അയച്ചതെന്ന് വ്യക്തം.
സൈനിക നടപടിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ ഒരിക്കലും വ്യക്തത ഉണ്ടായിട്ടില്ലെങ്കിലും ആയിരത്തിയഞ്ഞൂറു പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. പതിനായിരത്തോളം പേര് മൈതാനത്തുണ്ടായിരുന്നു. ഏഴു മാസം പ്രായമായ കുട്ടി അടക്കം 42 കുട്ടികള്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടെന്ന് മദന്‍ മോഹന്‍ മാളവ്യ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
മൈതാനത്തിന്റെ അകത്തുള്ള കിണറ്റില്‍ നിന്ന് 120 മൃതശരീരങ്ങളാണ് കണ്ടെത്തിയത്. വെടിവെയ്പ്പില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രാണരക്ഷാര്‍ഥം കിണറ്റില്‍ ചാടിയവരില്‍ ബഹുഭൂരിപക്ഷവും കൊല്ലപ്പെട്ടു. ബ്രിട്ടീഷ് ഭരണത്തിന്റെ എല്ലാ ക്രൂരതകളും ലോകത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെട്ട സംഭവമായിരുന്നിട്ടും നൂറുവര്‍ഷം വേണ്ടിവന്നു ബ്രിട്ടന് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിക്കാന്‍,
പ്രതികരിക്കാൻ ഇവിടെ എഴുതുക: