തിരുവനന്തപുരം: നഗരപ്രദേശത്തെ എല്ലാവര്ക്കും വീട് എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര പദ്ധതി പ്രധാന്‍മന്ത്രി ആവാസ് യോജനയും സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു ലക്ഷത്തിലധികം (1,07,306) വീടുകള്‍ നിര്‍മിക്കാന്‍ കേരളത്തിന് അനുമതി നല്‍കിയെങ്കിലും ഇതേവരെ നിര്‍മിച്ചത് പന്ത്രണ്ടായിരം (12,079)മാത്രം. ആകെ 3,475 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. കേന്ദ്രവിഹിതമായി മാത്രം 1,610 കോടി കേരളത്തിന് ലഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരും നഗരസഭകളും ചേര്‍ന്ന് ചെലവഴിക്കുന്ന തരത്തിലാണ് പദ്ധതി.
പദ്ധതി പത്ത് ശതമാനമേ പൂര്‍ത്തിയായുള്ളൂ എങ്കിലും കേന്ദ്രവിഹിതത്തിന്റെ 50 ശതമാനവും (819.13 കോടി) കേരളത്തിന് കൈമാറിക്കഴിഞ്ഞു. എന്നാല്‍ സംസ്ഥാന വിഹിതമായി 113 കോടി മാത്രമാണ് ഇതേവരെ അനുവദിച്ചത്. ഈ തുകയും നഗരസഭകള്‍ക്ക് കൈമാറിയിട്ടില്ല.
പദ്ധതി അനുവദിച്ചിട്ട് മൂന്ന് വര്‍ഷമായെങ്കിലും അംഗീകാരം ലഭിച്ചതിന്റെ പകുതി വീടുകളുടെ പോലും നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. പൂര്‍ത്തിയായതുള്‍പ്പെടെ 48,387 വീടുകളുടെ മാത്രം നിര്‍മാണം തുടങ്ങാനായത് ചേരി വികസനം, ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി, അഫോര്‍ഡബിള്‍ ഹൗസിങ് സ്കീം, വ്യക്തിഗത നിര്‍മാണം എന്നീ നാല് വ്യത്യസ്ത ഘടകങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടാണ് വിഭാവനം ചെയ്തത്. കേന്ദ്രപദ്ധതിയെ സംസ്ഥാന പദ്ധതിയായി അവതരിപ്പിക്കാനുള്ള നീക്കമാണ് പദ്ധതി വൈകാന്‍ കാരണം. ലൈഫ് എന്ന് പേരുമാറ്റി കൊണ്ടുവന്ന പദ്ധതിയില്‍ ഉപഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനടക്കം താമസമുണ്ടായി. സംസ്ഥാനത്തെ 93 നഗരസഭകളിലും പദ്ധതി നടപ്പിലാക്കി വരുന്നു.
കാല് ലക്ഷത്തോളം വീടുകള്‍ നിര്‍മിക്കാനുള്ള അനുവാദം അടുത്തിടെയാണ് നല്‍കിയത്. 82,487 വീടുകള്‍ക്ക് കേന്ദ്രം നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷകരില്‍ 64,446 പേര്‍ക്ക് മാത്രമേ അര്‍ഹതയുള്ളൂ എന്ന് പരിശോധനയില്‍ തെളിഞ്ഞു. 18.041 പേര് ഒഴിവാക്കപ്പെട്ടു. സ്വന്തമായി വീടുള്ളവര്‍, മരിച്ചുപോയവര്‍, സ്ഥലമില്ലാത്തവര്‍ ഒക്കെ ലിസ്റ്റിലുണ്ടായിരുന്നു. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കല്‍ ഉള്‍പ്പെടെ കര്‍ശന പരിശോധന നടത്തിയപ്പോള്‍ അനര്‍ഹരെ ഒഴിവാക്കി പുതിയ പട്ടിക നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയാറാകുകയായിരുന്നു.
ഗ്രേറ്റര്‍ കൊച്ചിന് ഡെവലപ്മെന്റ് അതോറിറ്റി (ജിസിഡിഎ), ഗോശ്രീ ഐലന്‍ഡ് ഡവലപ്മെന്റ് അതോറിറ്റി (ജിഡ), ട്രിവാന്‍ഡ്രം ഡവലപ്മെന്റ് അതോറിറ്റി (ട്രിഡ) എന്നിവയുടെ പ്ലാനിംഗ് ഏരിയയുടെ പരിധിയില്‍ വരുന്ന 32 പഞ്ചായത്തുകളില്‍ 3551 വീടുകള്‍ നിര്‍മിക്കുന്നതിന് 53.27 കോടി രൂപയുടെ പദ്ധതി, പെരിന്തല്‍മണ്ണ നഗരസഭയുടെ 44 കോടി രൂപയുടെ (400 ഗുണഭോക്താക്കള്‍ക്ക്) പാര്‍പ്പിട സമുച്ചയ പദ്ധതി, ഗ്രേറ്റര്‍ കൊച്ചിന് ഡവലപ്മെന്റ് അതോറിട്ടിയുടെ 12.32 കോടി രൂപയുടെ (88 ഗുണഭോക്താക്കള്‍ക്ക്) സമുച്ചയ പദ്ധതി എന്നിവയും പ്രധാനമന്ത്രി ആവാസ് യോജനയില്പ്പെടുത്തിയിട്ടുണ്ട്. എല്ലാംകൂടി ചേരുമ്പോഴാണ് ആകെ വീടുകള്‍ 1,07,306 ആകുന്നത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: