കാക്കനാട്: ഫ്ളാറ്റുകളിലെ വോട്ടര്‍മാരെ കുറിച്ചുള്ള കണക്ക് പിടികിട്ടാതെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും. ജില്ലാ ആസ്ഥാനമായ തൃക്കാക്കരയിലും മറ്റു പ്രദേശങ്ങളിലും നൂറു കണക്കിനു ഫ്ളാറ്റുകളിലായി നിരവധി കുടുംബങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പുതുതായി താമസമാക്കിയിട്ടുള്ളത്. ഇവരില്‍ പലരും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തിട്ടുണ്ട്.
ഇവരെ നേരില്‍ കണ്ടു വോട്ട് അഭ്യര്‍ഥിക്കുന്നതിനു പ്രവര്‍ത്തകര്‍ക്കു പോലും കഴിയാത്തതിനാല്‍ ഇവരില്‍ ആരൊക്കെ വോട്ടു ചെയ്യുമെന്നും ആര്‍ക്കൊക്കെ വോട്ടു ചെയ്യുമെന്നുമുള്ള അശങ്കയിലാണ് പ്രവര്‍ത്തകര്‍. ഒന്നിലധികം സമുച്ചയങ്ങളിലായി നാനൂറോളം ഫ്ളാറ്റുകള്‍ തൃക്കാക്കരയിലുണ്ട്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും വോട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ചില ഫളാറ്റുകളില്‍ പ്രചാരണത്തിനു നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം ഫ്ലാറ്റുകളിലും സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും കയറി ചെല്ലുന്നതിനു അനുവാദം നല്‍കിയിട്ടുണ്ട്.
ചുരുക്കം ചില ഫ്ലാറ്റുകളില്‍ നേരത്തെ അസോസിയേഷന് മുന്‍കയ്യെടുത്ത് താമസക്കാരുടെ യോഗം വിളിച്ചു കൂട്ടി എല്ലാ സ്ഥാനാര്‍ഥികളെയും ക്ഷണിച്ചു മുഖാമുഖ പരിപാടി സംഘടിപ്പിച്ചിരുന്നു.
പ്രവര്‍ത്തകരുടെ വലിയ അകമ്പടിയില്ലാതെ സ്ഥാനാര്‍ഥികള്‍ നേരിട്ടെത്തി വോട്ടഭ്യര്‍ഥിച്ചു മടങ്ങാമെന്നതായിരുന്നു ഇതിന്റെ പ്രത്യേകത. നാട്ടിലെ വീടുകളില്‍ ഒന്നിലധികം പ്രാവശ്യം കയറി ഇറങ്ങി വോട്ടഭ്യര്‍ഥിക്കുന്നതു പോലെ ഫ്ളാറ്റുകളിലെത്താന് പ്രവര്‍ത്തകര്‍ക്കു കഴിയുന്നില്ല. അസോസിയേഷന്റെ ഡയറക്ടറി സംഘടിപ്പിച്ചു ഫ്ളാറ്റിലെ വോട്ടര്‍മാരോടു ഫോണിലൂടെ വോട്ട് അഭ്യര്‍ഥിക്കുന്ന നടപടിയാണ് ഇരുകൂട്ടുര്ക്കും പ്രായോഗികമായിട്ടുള്ളത്.
ഫ്ളാറ്റിലെ താമസക്കാരില്‍ ചിലര്‍ സ്ഥലത്തില്ലാതാകുമ്പോള്‍ അവരുടെ പേരില്‍ മറ്റാരെങ്കിലും കള്ള വോട്ടു ചെയ്യുമോയെന്ന ഭയവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്. അവസാന റൗണ്ടില്‍ സ്ഥാനാര്‍ഥിയുടെ സ്ലിപ്പ് നല്കുമ്പോള് സെക്യൂരിറ്റിക്കാര്‍ വാങ്ങിവച്ചു വോട്ടര്‍മാര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: