കണ്ണൂര്‍: നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് എന്ത് നടപ്പാക്കി, സര്‍ക്കാരിന്റെ കാലത്ത് തൊഴിലവസരങ്ങള്‍ കുറഞ്ഞു തുടങ്ങിയ ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്ക്കുമുളള ശക്തമായ മറുപടിയാണ് കണ്ണൂരിലെ അഴീക്കോട്ടുകാരനായ പൊയില്‍ സിജേഷും അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ അഴീക്കോട് വന്‍കുളത്തുവയലില്‍ പ്രവര്‍ത്തിക്കുന്ന ശാന്തീസ് എന്റര്‍പ്രൈസസും അവിടെ ഉല്‍പ്പാദിപ്പിക്കുന്ന ശാന്തീസ് ഉമിക്കരിയെന്ന ഉല്‍പ്പന്നവും.
ഗള്‍ഫിലെ ജോലി ഉപേക്ഷിച്ചു നാട്ടില്‍ എത്തിയ സിജേഷ് ഇനിയെന്ത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ തൊഴില്‍രഹിതര്‍ക്കായി നവസംരംഭങ്ങള്‍ ആരംഭിക്കാന്‍ നല്കുന്ന പലിശരഹിത മുദ്രാ വായ്പയെ കുറിച്ച് സുഹൃത്തുക്കളില്‍ നിന്ന് അറിഞ്ഞത്. ഗ്രാമീണ ബാങ്കിന്റെ അഴീക്കോട് വന്‍കുളത്ത് വയല്‍ ശാഖയില്‍ നിന്നും എട്ടര ലക്ഷം രൂപ മുദ്രാവായ്പയെടുത്താണ് സംരംഭത്തിന് തുടക്കമിട്ടത്. ഇന്ന് നിരവധിപേര്‍ക്ക് ജോലി നല്കുന്നു സിജേഷിന്റെ സ്ഥാപനം.
മുദ്രാവായ്പ ഉപയോഗിച്ച് എന്ത് ആരംഭിക്കുമെന്ന ചിന്തയ്ക്കിടയിലാണ് പല്ലു തേക്കാന്‍ പഴയ കാലത്ത് ഗ്രാമങ്ങളില്‍ ഉപയോഗിച്ച നാടന്‍ ഉല്‍പ്പന്നമായ ഉമിക്കരിയെ കുറിച്ച് സിജേഷ് ഓര്‍മിച്ചത്. പണ്ട് ഏറെ സുലഭമായിരുന്ന ഉമിക്കരി ഇപ്പോള്‍ ലഭ്യമല്ല എന്ന് തിരിച്ചറിഞ്ഞ സിജേഷ്, ബാങ്ക് വഴിയുള്ള മോദി സര്‍ക്കാരിന്റെ മുദ്രാവായ്പ സംഘടിപ്പിച്ച് ഉമിക്കരി നിര്‍മാണം നടത്തി വിപണനം ചെയ്യാന്‍ സ്ഥാപനം ആരംഭിക്കാന്‍ തീരുമാനമെടുക്കുന്നത്. ഉപ്പും കുരുമുളകും ഒക്കെ ചേര്‍ത്തുള്ള ഉമിക്കരി സാമ്പിള്‍ ഉണ്ടാക്കി. വിചാരിച്ചതിനേക്കാള്‍ മികച്ച പ്രതികരണമാണ് ഉല്‍പ്പന്നത്തിന് വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും ലഭിച്ചതെന്ന് സിജേഷ് സാക്ഷ്യപ്പെടുത്തുന്നു.
എന്നാല്‍, ബിസിനസ് ആയി ഇത് മുന്നോട്ട് കൊണ്ടുപോകാനുള്ള തീരുമാനത്തിന് വിചാരിച്ച കൈയടി ഒന്നും കിട്ടിയില്ല. വിജയിക്കുമോ എന്ന ആശങ്കയായിരുന്നു ചുറ്റും. എന്നാല്‍ തന്റെ ആഗ്രഹവുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു സിജേഷിന്റെ തീരുമാനം. സംരംഭങ്ങള്‍ക്ക് വേണ്ട സാങ്കേതിക നിര്‍ദേശങ്ങള്‍ നല്കി കൂടെ നില്ക്കുന്ന കണ്ണൂരിലെ സംരംഭകരുടെ വാട്സാപ്പ് കൂട്ടായ്മയില്‍ സിജേഷ് കാര്യം അവതരിപ്പിച്ചു. പോസറ്റിവ് കമ്യൂണ്‍ എന്ന ആ വാട്സാപ്പ് കൂട്ടായ്മയാണ് സിജേഷിന് വഴികാട്ടിയായത്. എന്തൊക്കെ ലൈസന്‍സ് വേണം ഈ സ്ഥാപനത്തിന്, അത് എവിടെ നിന്നു ലഭിക്കും, മൂലധനം എത്ര വേണം, ലോണിന് എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു തന്നത് പോസറ്റിവ് കമ്യൂണ്‍ എന്ന ഈ കൂട്ടായ്മയാണ്.
ഇത് പ്രകാരമാണ് ബാങ്കില്‍ നിന്ന് മുദ്രാവായ്പയെടുത്തത്. സിജേഷിനൊപ്പം സഹോദരന് ധനേഷും ഉമിക്കരി ബിസിനസിന്റെ ഭാഗമായി. ലൈസന്‍സിന് അപേക്ഷിക്കുന്നതിനു മുന്നോടിയായി ശാന്തീസ് എന്ന പേര് സ്വീകരിച്ചു. എട്ടു ജോലിക്കാരാണ് സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്. ആദ്യം പാര്‍ട്ട്ടൈം സംരംഭം ആയിട്ടാണ് തുടങ്ങിയത്. എന്നാല്‍ ഇപ്പോഴിത് മുഴുവന്‍ സമയ സംരംഭമായി നല്ല രീതിയില്‍ മുന്നോട്ടു പോവുകയാണെന്ന് സിജേഷ് പറഞ്ഞു. കേരളത്തിനകത്തും പുറത്തും ഉല്‍പ്പന്നം വിപണി കണ്ടെത്തി കഴിഞ്ഞതായും രാജ്യത്തെ പ്രധാന നഗരങ്ങളിലടക്കം വിപണി വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ദന്തസംരക്ഷണത്തിന് ഭാരതത്തിന്റെ പരമ്പരാഗതമായ മാര്‍ഗമാണ് ഉമിക്കരി. ഗുണങ്ങളുള്ള ഉമിക്കരി ഉപേക്ഷിച്ചു കെമിക്കല്‍ കലര്‍ന്ന ടൂത്ത് പേസ്റ്റുകള്‍ക്ക് പുറകെ പോകുന്ന പുതുതലമുറയുടെ അവസ്ഥയ്ക്ക് ഒരു മാറ്റം എന്ന നിലയ്ക്കാണ് ഉമിക്കരി ബ്രാന്‍ഡ് ചെയ്തു വിപണിയില്‍ എത്തിക്കാന്‍ തീരുമാനിച്ചതെന്നും സിജേഷ് ജന്മഭൂമിയോട് പറഞ്ഞു.
മോദി സര്‍ക്കാര്‍ എന്തു ചെയ്തുവെന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയായി മാറുകയാണ് മുദ്രാവായ്പ എടുത്ത് സ്വന്തമായി സംരംഭം ആരംഭിച്ച് ഉപജീവനവും ഒപ്പം നിരവധി പേര്‍ക്ക് തൊഴിലും നല്കി വിജയക്കൊടി പാറിച്ച സിജേഷ്്. കണ്ണൂരില്‍ മാത്രമായിരുന്നു പ്രാഥമിക വിപണി. ഇതിലൂടെ മികച്ച വരുമാനം ലഭിക്കുന്നുമുണ്ട്. വിപണി വിപുലീകരണത്തിനും ശാന്തീസ് ശ്രമിക്കുന്നുണ്ട്. മുദ്രാവായ്പ എടുത്ത് വിജയിച്ച തെരെഞ്ഞെടുത്ത 110 സംരംഭകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹത്തില്‍ നിന്നും നേരിട്ട് പ്രശംസ ഏറ്റുവാങ്ങാനുളള ഭാഗ്യവും സിജേഷിനുണ്ടായി. പ്രധാനമന്ത്രിയുടെ അടുത്ത് ഉമിക്കരിയുമായി പോകാനും പ്രധാനമന്ത്രി സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രം സഹിതം ഉല്‍പ്പന്നത്തെക്കുറിച്ചും സംരംഭത്തെക്കുറിച്ചു പങ്കുവെച്ചതും ബിസിനസിന്റെ മുന്നോട്ടുളള പ്രയാണത്തിന് കുതിപ്പേകി, മുപ്പത്തിനാലുകാരനായ സിജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: