കൊല്‍ക്കത്ത: ബംഗാളിലെ മൂന്നരപ്പതിറ്റാണ്ടു കാലത്തെ ഇടതുഭരണത്തിന് അന്ത്യംകുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സിനെ അധികാരത്തിലെത്തിച്ച സിംഗൂരിലും നന്ദിഗ്രാമിലും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ കര്‍ഷകരോഷം. വ്യവസായികള്‍ ഉപേക്ഷിച്ചുപോയ സ്ഥലങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ ഏഴ് വര്‍ഷത്തെ ഭരണത്തിനിടെ മമത സര്‍ക്കാര്‍ യാതൊന്നും ചെയ്യാത്തതാണ് കര്‍ഷകരോഷത്തിന് കാരണം.
ഇടതുപക്ഷ ഭരണകാലത്ത് സിംഗൂരില്‍ ടാറ്റയുടെ ചെറുകാര്‍ നിര്‍മാണശാല തുടങ്ങാന്‍ കൃഷിഭൂമി ഏറ്റെടുത്തതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന മമതയ്ക്കായിരുന്നു ഇതിന്റെ നേതൃത്വം. പ്രതിഷേധത്തെത്തുടര്‍ന്ന് സ്ഥലം ഉപേക്ഷിച്ചുപോയ ടാറ്റ ഗുജറാത്തിലെ സാനന്ദില്‍ കാര്‍ ഫാക്ടറി ആരംഭിക്കുകയും ചെയ്തു.
അധികാരത്തിലെത്തിയപ്പോള്‍ സിംഗൂരിലെ കര്‍ഷകരെ മമത മറന്നു. തിരികെ ലഭിച്ച ഭൂമിയില്‍ കര്‍ഷകര്‍ക്ക് വര്‍ഷങ്ങളായി കൃഷി ചെയ്യാനാവുന്നില്ല. ഫാക്ടറിയുടെ അവശിഷ്ടങ്ങള്‍ വളരെ ആഴത്തില്‍ കിടക്കുകയാണ്. ഭൂമി കൃഷി യോഗ്യമാക്കാന്‍ മമത സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ കര്‍ഷകര്‍ കടുത്ത നിരാശയിലും രോഷത്തിലുമാണ്.
കാര്‍ ഫാക്ടറി വന്നാല്‍ മതിയായിരുന്നു എന്നാണ് ഇപ്പോള്‍ പല കര്‍ഷകരും പറയുന്നത്. അങ്ങനെയെങ്കില്‍ തങ്ങളുടെ മക്കള്‍ക്കെങ്കിലും അതില്‍ ജോലി കിട്ടുമായിരുന്നുവെന്നും, സുഖമായി ജീവിക്കാനാവുമായിരുന്നുവെന്നും കര്‍ഷകര്‍ കരുതുന്നു. ഫാക്ടറിക്കായി ഏറ്റെടുത്ത സ്വന്തം സ്ഥലത്ത് കൃഷി ചെയ്യാനാവാതെ പല കര്‍ഷകരും മറ്റുള്ളവരുടെ ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കുകയാണ്. വളരെ കുറച്ച് വരുമാനമാണ് ഇതില്‍നിന്ന് ലഭിക്കുന്നത്. ഇതുകൊണ്ട് ജീവിക്കാനാവില്ലെന്ന് അവര്‍ പരാതിപ്പെടുന്നു.
ഇതുതന്നെയാണ് സിംഗൂരില്‍നിന്ന് 144 കി.മീ. അകലെയുള്ള നന്ദിഗ്രാമിലെയും സ്ഥിതി. ഇന്തോനേഷ്യയിലെ സാലിം ഗ്രൂപ്പ് രാസനിര്‍മാണശാല ആരംഭിക്കുന്നതിന് കൃഷിഭൂമി ഏറ്റെടുത്തതിനെതിരെ നടന്ന പ്രക്ഷോഭം വെടിവെപ്പില്‍ കലാശിക്കുകയും, 14 പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു. പോലീസിനൊപ്പം ചേര്‍ന്ന് സിപിഎമ്മുകാരും കര്‍ഷകര്‍ക്കുനേരെ നിറയൊഴിച്ചു. ഇതേ തുടര്‍ന്ന് സാലിം ഗ്രൂപ്പ് പദ്ധതി ഉപേക്ഷിച്ചുപോവുകയായിരുന്നു.
ഒരിക്കല്‍ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന നന്ദിഗ്രാമം കര്‍ഷക പ്രക്ഷോഭത്തെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ സ്വാധീനമേഖലയായി മാറി. എന്നാല്‍ മമത മുഖ്യമന്ത്രിയായശേഷം തൃണമൂലിന്റെ ഒരു നേതാവും നന്ദിഗ്രാമിലേക്ക് തിരിഞ്ഞുനോക്കിയില്ല. ഇതില്‍ കടുത്ത അമര്‍ഷമാണ് കര്‍ഷകര്‍ പ്രകടിപ്പിക്കുന്നത്. തങ്ങളുയര്‍ത്തിയ പ്രതിഷേധത്തിന്റെ ചെലവിലാണ് മമത അധികാരത്തില്‍ വന്നതെന്ന് അവര്‍ ഓര്‍മിപ്പിക്കുന്നു.
നന്ദിഗ്രാമില്‍ ഫാക്ടറി വരാതിരുന്നത് തൃണമൂല്‍ നേതാക്കളുടെ സ്വാര്‍ഥത കൊണ്ടാണെന്നും, അവര്‍ കര്‍ഷകരെ ഇരകളാക്കുകയായിരുന്നുവെന്നും കര്‍ഷകനായ ഷേയ്ഖ് ആലംഗീര്‍ തുള്ള പറയുന്നു. ”എല്ലാവരും തങ്ങളെ ഉപേക്ഷിച്ചു. കൃഷിക്കായി ചെലവഴിക്കുന്ന തുക തിരിച്ചുകിട്ടിയില്ലെങ്കില്‍ ആര് ഞങ്ങളെ സഹായിക്കും” ആലംഗീര്‍ ചോദിക്കുന്നു.
തുഗ്ലി, താംലുക്ക് ലോക്സഭാ മണ്ഡലങ്ങളിലാണ് യഥാക്രമം സിംഗൂരും നന്ദിഗ്രാമും വരുന്നത്. രണ്ടിടങ്ങളിലും ബിജെപിക്ക് ഇക്കുറി സ്ഥാനാര്‍ഥികളുണ്ട്. ശക്തമായ ത്രികോണമത്സരം നടക്കുന്ന ഹൂഗ്ലിയില്‍ അട്ടിമറി വിജയം നേടാനാണ് ബിജെപി ശ്രമിക്കുന്നത്. സിപിഎമ്മിന്റെയും തൃണമൂലിന്റെയും വോട്ടുകള്‍ ബിജെപി നേടുമെന്ന് സിംഗൂര്‍ നിവാസിയായ നരേന്ദ്രനാഥ് പഖിര പറയുന്നു. ബംഗാളി നടി ലോക്കറ്റ് ചാറ്റര്‍ജിയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി. സിദ്ധാര്‍ഥ നസ്കറാണ് താംലുക്കിലെ ബിജെപി സ്ഥാനാര്‍ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: