ന്യൂദല്‍ഹി: അമേഠിയില്‍ പത്രികാ സമര്‍പ്പണത്തിനെത്തിയ രാഹുലിന് നേര്‍ക്ക് വധശ്രമം ഉണ്ടായെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നാണം കെട്ടു. രാഹുലിന്റെ വലതു നെറ്റിക്ക് താഴെ ലേസര്‍ രശ്മികള്‍ പതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് കേന്ദ്രത്തെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് രംഗത്തെത്തിയത്. എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും രാഹുലിന്റെ സുരക്ഷാ ചുമതലയുള്ള എസ്പിജി സംഘവും നടത്തിയ പരിശോധനയില്‍ ലേസര്‍ രശ്മി ക്യാമറയുടെ ഫ്ളാഷിനൊപ്പമുള്ള സംവിധാനമാണെന്ന് കണ്ടെത്തി.
എഐസിസി നിയോഗിച്ച ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍ നിന്നാണ് ലേസര്‍ രശ്മി രാഹുലിന്റെ മേല്‍ പതിച്ചതെന്നും എസ്പിജി കണ്ടെത്തി. ഇതോടെ വ്യാജ ആരോപണം ഉന്നയിച്ച് നാണംകെട്ട കോണ്‍ഗ്രസ് നേതൃത്വം, ഇത്തരത്തിലൊരു പരാതിയേ പാര്‍ട്ടി നല്‍കിയിട്ടില്ലെന്ന് വിശദീകരിച്ചെങ്കിലും പത്രസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാനാവാതെ പരിഹാസ്യരായി.
കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് രാഹുലിന് നേര്‍ക്ക് വധശ്രമം ഉണ്ടായെന്ന് ആരോപിച്ച് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചത്. രാഹുലിന്റെ സുരക്ഷ മോദി സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അതില്‍ വീഴ്ച വരുത്തരുതെന്നും ആരോപിച്ച് വിവാദമുണ്ടാക്കാനായിരുന്നു ശ്രമം. എന്നാല്‍ കത്തു ലഭിച്ചയുടന്‍ രാജ്നാഥ് സിങ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
എസ്പിജി (സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സംരക്ഷണയിലാണ് രാഹുലും സോണിയയും പ്രിയങ്കയും. അതിനാല്‍ കോണ്‍ഗ്രസിന്റെ ആരോപണം ഗൗരവത്തോടെയാണ് കേന്ദ്രം പരിശോധിച്ചത്. അമേഠിയിലെ കളക്ടറേറ്റില്‍ രാഹുല്‍ മാധ്യമങ്ങളുമായി സംസാരിക്കുന്ന ദൃശ്യം പകര്‍ത്താനുള്ള എഐസിസി ഫോട്ടോഗ്രാഫറുടെ ശ്രമത്തിനിടെയാണ് ക്യാമറയിലെ ലേസര്‍ രശ്മികള്‍ രാഹുലിന്റെ മുഖത്ത് വീണതെന്ന് എസ്പിജി ഡയറക്ടര്‍, ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്കി. ദൃശ്യങ്ങള്‍ മുഴുവന്‍ പരിശോധിച്ച ശേഷമായിരുന്നു ഈ കണ്ടെത്തല്‍.
ഫോട്ടോ എടുക്കുന്ന വസ്തുവില്‍ എത്രത്തോളം പ്രകാശം ഉണ്ടെന്ന് തിരിച്ചറിയുന്നതിനായി പുതിയ ക്യാമറകളില്‍ ഉപയോഗിക്കുന്നതാണ് ലേസര്‍ രശ്മികള്‍. ക്യാമറയിലും ഫ്ളാഷിലും ഇത് ലഭ്യമാണ്. ഇത്തരം രശ്മിയാണ് രാഹുലിന്റെ മുഖത്ത് പതിച്ചത്. വധശ്രമമെന്ന് ആരോപിച്ച് വലിയ ബഹളമുണ്ടാക്കിയ കോണ്‍ഗ്രസ് സത്യാവസ്ഥ പുറത്തുവന്നതോടെ പ്രതിരോധത്തിലായി. കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് മനു അഭിഷേക് സിങ്വി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ഒഴിഞ്ഞുമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: