സൂത്രം – മധ്വാദിഷ്വസംഭവാദനധികാരം ജൈമിനിഃ
(മധു ആദിഷു അസംഭവാത് അനധികാരം ജൈമിനിഃ)
മധുവിദ്യ മുതലായവയില്‍ സംഭവിക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ ദേവന്മാര്ക്കധികാരമില്ലെന്ന് ജൈമിനി പറയുന്നു. മധുവിദ്യയിലും മറ്റും ദേവന്മാര്ക്ക് അധികാരമില്ല എന്ന് ജൈമിനി പറയാന്‍ കാരണം അത് സംഭവിക്കാത്തതിനാലാണ്.
ഛാന്ദോഗ്യോപനിഷത്തിലെ മധുവിദ്യാ പ്രകരണത്തില്‍ ആദിത്യനെ മധുവായി സങ്കല്‍പ്പിച്ച് ഉപാസിക്കുന്നു. ആദിത്യന് ദേവന്മാര്ക്ക് സ്വയം മധു കൊടുക്കുന്നതായി പറയുന്നു. മനുഷ്യര്‍ക്ക് സാധനാനുഷ്ഠാനം കൊണ്ട് മാത്രം കിട്ടുന്നത് ദേവന്മാര്ക്ക് ഒന്നും ചെയ്യാതെ കിട്ടും. അതിനാല്‍ ദേവന്മാര്ക്ക് മധുവിദ്യയുടെ ആവശ്യം വരുന്നില്ല. അതുകൊണ്ടാണ് ദേവന്മാര്ക്ക് മധുവിദ്യയില് അധികാരമില്ല എന്ന് പറഞ്ഞത്.
ദേവന്മാരെ വേദവിധി പ്രകാരമുള്ള യജ്ഞങ്ങളിലൂടെ ഉപാസിച്ച് സ്വര്‍ഗം തുടങ്ങിയ ലോകങ്ങളില്‍ പോകാനും സുഖഭോഗങ്ങള്‍ അനുഭവിക്കാനും ശാന്തിയും സമാധാനവും നേടാനും മനുഷ്യര്‍ക്ക് കഴിയും. ദേവന്മാര്ക്ക് ഇത് വേണ്ട. യജ്ഞാദികള്‍ക്ക് മനുഷ്യരാണ് അധികാരികള്‍.
ദേവന്മാര് ഉപാസ്യരായതിനാല് അവര്‍ക്ക് വേറെ ഏതെങ്കിലും ദേവനെ ഉപാസിക്കാന്‍ കഴിയുമോ? ആദിത്യന് മറ്റൊരു ആദിത്യനെ എങ്ങനെ ഉപാസിക്കും. അതിനാല്‍, ഉപാസ്യന്മാരായ ദേവന്മാര്ക്ക് മധുവിദ്യയെ പോലെ ഉപാസനയെ പ്രതിപാദിക്കുന്ന വേദവാക്യങ്ങളില്‍ അധികാരമില്ലെന്ന് പൂര്വ്വമീമാംസാകാരനായ ജൈമിനി വ്യക്തമാക്കുന്നു.
വേദം നിര്ദേശിക്കുന്നതായ കര്‍മ്മയോഗത്തിനും ഉപാസനയ്ക്കും ദേവന്മാര്ക്ക് അധികാരമില്ലാത്തതു പോലെ ജ്ഞാന യോഗത്തിനും അധികാരമില്ല എന്നറിയണം.അതിനാല്‍ ബ്രഹ്മജ്ഞാനത്തിന് അവര്‍ അര്‍ഹരല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
സൂത്രം – ജ്യോതിഷി ഭാവാച്ച
ജ്യോതിര്‍മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്നതിനാലും സൂര്യന് ആകാശത്തില്‍ ജ്യോതിര്മണ്ഡലത്തിലിരിക്കുന്നതു പോലെ ദേവന്മാര് വസിക്കുന്നതായി കരുതുന്നു. പ്രകാശസ്വരൂപന്മാരായ
തിനാല്‍ ദേവന്മാര്ക്ക് ശരീരം ഉണ്ടെന്നതിന് പ്രമാണമില്ല. അവര്‍ക്ക് കര്‍മ്മയോ ഉപാസനയോ ആവശ്യമില്ല. ദേവന്മാര്ക്ക് ശരീരമുണ്ടെന്നതിന് ശ്രുതിയില്‍ പ്രമാണവാക്യങ്ങളില്ല. സ്മൃതിയും പുരാണങ്ങളും മനുഷ്യനിര്‍മ്മിതമായതിനാല്‍ അവയ്ക്ക് പ്രാമാണ്യവുമില്ല.
സൂത്രം – ഭാവം തു ബാദരായണോളസ്തി ഹി
എന്നാല്‍ അധികാരം ഉണ്ടെന്ന് ബാദരായണന്‍ പറയുന്നു. അതിന് പ്രമാണം ഉണ്ടല്ലോ. ദേവന്മാര്ക്ക് ബ്രഹ്മവിദ്യയില്‍ അധികാരം ഉണ്ടെന്ന് ബാദരായണന്‍ പറയുന്നു. അതിന് ശ്രുതിയില്‍ തന്നെ പ്രമാണമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ദേവന്മാര്ക്ക് ഈശ്വരധ്യാനത്തിനും ജ്ഞാനപ്രാപ്തിക്കും അധികാരമുണ്ടോ എന്നതിനെപ്പറ്റി പല ആചാര്യന്മാരുടേയും അഭിപ്രായങ്ങള്‍ പറഞ്ഞു. ഇനി ബാദരായണന്റെ അഭിപ്രായത്തെ പറഞ്ഞ് ദേവതാധികരണം ഉപസംഹരിക്കുന്നു.
ജ്യോതിര്‍മണ്ഡലത്തില്‍ വസിക്കുന്നവരാണെങ്കിലും ഇഷ്ടം പോലെ രൂപമെടുക്കാന്‍ കഴിയുന്നതിനാല്‍ ദേവന്മാര്ക്ക് വേദാധികാരമുണ്ട്. ഉപാസനയ്ക്ക് അധികാരമില്ലെങ്കിലും വേദാര്‍ത്ഥത്തെ അറിയുന്നതില്‍ അധികാരമില്ല എന്ന് പറഞ്ഞിട്ടില്ല. ദേവേന്ദ്രനും അസുരരാജന് വിരോചനനും പ്രജാപതിയുടെ അടുത്ത് ബ്രഹ്മവിദ്യ നേടാന്‍ പോയത് ഉപനിഷത്തിലുണ്ട്.
ഇന്ദ്രിയ അധിപന്മാരായ ദേവന്മാര് പരസ്പരം മത്സരിച്ച് പ്രാണന് മുന്നില്‍ പരാജയപ്പെട്ടതും ദേവന്മാര്ക്ക് മുന്നില്‍ യക്ഷന് പ്രത്യക്ഷമായതും ഉമാ ഹൈമവതി ബ്രഹ്മത്തെപ്പറ്റി ഇന്ദ്രന് ഉപദേശിക്കുന്നതും ഉപനിഷത്തിലുണ്ട്. ഇത്തരം ശ്രുതി പ്രമാണങ്ങള്‍ ഉള്ളതിനാല്‍ ദേവന്മാര്ക്ക് ബ്രഹ്മവിദ്യയ്ക്ക് അധികാരമില്ല എന്ന് പറയുന്നത് ശരിയല്ല എന്ന് ഈ സൂത്രം ഉറപ്പിച്ച് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: