റഫാല്‍ യുദ്ധവിമാന ഇടപാടില്‍ ഇന്നലെ ഉണ്ടായ സുപ്രീം കോടതി ഉത്തരവോടെ എന്തൊക്കെയോ സംഭവിച്ചിരിക്കുന്നു എന്നാണ് നമ്മുടെ മാധ്യമങ്ങള്‍ കരുതുന്നതെന്ന് തോന്നുന്നു. നരേന്ദ്ര മോദിയും സര്‍ക്കാരും വലിയ പ്രതിസന്ധിയിലായി എന്നാണ് പലരും വിളിച്ചുകൂവുന്നത്. അവരോട് സഹതപിക്കാനേ നിവൃത്തിയുള്ളൂ എന്ന് ആദ്യമേ സൂചിപ്പിക്കട്ടെ. ഇവിടെ ആകെ സംഭവിച്ചത് ഒന്നുമാത്രമാണ്; ‘മോഷ്ടിക്കപ്പെട്ട രേഖകള്‍ തെളിവായോ മറ്റെന്തെങ്കിലുമായോ കോടതി കണക്കിലെടുക്കണോ’ എന്ന പ്രശ്നം. അവിടെ സര്‍ക്കാര്‍ ഒരു ധാര്‍മിക നിലപാടെടുത്തു; അവ മോഷ്ടിച്ചതാണ്; അത് കോടതി കണക്കിലെടുക്കുന്നത് ശരിയല്ല. എന്നാല്‍ കോടതി അത് അംഗീകരിച്ചില്ല; പരിഗണിക്കുന്നതില്‍ തെറ്റില്ല. ശരി, കോടതി വിധി സര്‍ക്കാര്‍ അംഗീകരിക്കുന്നു.
ഇവിടെ സര്‍ക്കാരിന് യാതൊന്നും മറച്ചുവെക്കാനില്ല. അത് നരേന്ദ്ര മോദിയും സര്‍ക്കാരും നേരത്തെ വ്യക്തമാക്കിയതാണ്. റഫാല്‍ യുദ്ധവിമാനത്തിന്റേത് രണ്ട് സര്‍ക്കാരുകള്‍ തമ്മിലെ ഇടപാടാണ്; ഇതില്‍ ‘ക്വത്തറോക്കി അങ്കിളോ മിഷേല്‍ അങ്കിളോ’ ഇടനിലക്കാരായില്ല. നേരിട്ടുള്ള ഇടപാട്. യുപിഎ നിശ്ചയിച്ചതിനേക്കാള്‍ വിലക്കുറവും, മികച്ച സാങ്കേതിക വിദ്യയും. മടിയില്‍ കനമില്ലാത്തവര്‍ക്ക് ആരെ, എന്തിന് പേടിക്കണം. സിഎജി ഇതിനകം അത് പരിശോധിച്ചതാണ്. അതിന് മുന്‍പ് സുപ്രീം കോടതിയും വിലയിരുത്തി. അന്ന് കോടതി ചോദിച്ച രേഖകളൊക്കെ സര്‍ക്കാര്‍ കൊണ്ടുപോയി കൊടുത്തു; അതിനുശേഷമാണ് ആക്ഷേപത്തില്‍ കഴമ്പില്ല എന്ന് വിധി പ്രസ്താവിച്ചത്. ആ വിധി നിലനില്‍ക്കുകയാണ് എന്നതോര്‍ക്കുക. റിവ്യൂ ഹര്ജിയാണിപ്പോഴുള്ളത്. പിന്നെ സര്‍ക്കാരിനെന്ത് തിരിച്ചടിയാണ്? റിവ്യൂ ഹര്‍ജി കോടതി പരിഗണിക്കട്ടെ.
ആ കടലാസുകള്‍, കൂടിയാലോചനാ സമിതിയിലെ കുറിപ്പുകള്‍
ഇനി ഇവര്‍ പറയുന്ന സുപ്രധാന രേഖകള്‍ എന്ന പുതിയ ‘മോഷ്ടിച്ച കടലാസുകള്‍ ‘എന്തൊക്കെയാണ്? അത് ഇന്ത്യയുടെ കൂടിയാലോചനാ സമിതി ( കിറശമി ചലഴീശേമശേീി ഠലമാ, കചഠ) അംഗങ്ങള്‍ തയാറാക്കിയ കുറിപ്പുകളാണ്. അങ്ങനെ ചില കുറിപ്പുകള്‍ ഇതുസംബന്ധിച്ച് ഉടലെടുത്തിരുന്നു. ആ കൂടിയാലോചനാ സമിതിയില്‍ എല്ലാ വശവും കണക്കിലെടുക്കാനായി വിവിധ ഉപസമിതികള്‍ ഉണ്ടാക്കിയിരുന്നു. ഓരോ സംഘമായി ഓരോ കാര്യവും അവര്‍ സമഗ്രമായി വിലയിരുത്തി. അതൊക്കെ രേഖാമൂലമാവണം എന്ന് തീരുമാനിച്ചിരുന്നു.
ഓരോ സബ് ഗ്രൂപ്പും കുറിപ്പുകള്‍ തയാറാക്കി, ആ സമിതിയുടെ ചെയര്മാന് സമര്‍പ്പിച്ചു. ഒരു പ്രശ്നത്തെ വിവിധ ദൃഷ്ടികളില് നോക്കിക്കാണുന്ന രീതിയെയാണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചത്. ഓരോ സമിതി അംഗത്തിനും മനസ്സില്‍ തോന്നുന്നതൊക്കെ പറയാം, രേഖപ്പെടുത്താം എന്നര്‍ത്ഥം. ഐഎന്‍ടി അംഗങ്ങള്‍ ഒന്നിച്ചിരുന്നാണ് ആ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിശോധിച്ചത്. സമിതികള്‍ തുറന്ന പുസ്തകമാവട്ടെ എന്നതായിരുന്നു സര്‍ക്കാരിന്റെ കാഴ്ചപ്പാട്. അങ്ങനെ ഐഎന്ടിയിലെ ചിലര്‍ തയാറാക്കിയ കുറിപ്പാണ് വലിയ എന്തോ കണ്ടെത്തല്‍ എന്ന മട്ടില്‍ ചിലര്‍ പുറത്തുവിട്ടത്; കോടതിയിലെത്തിച്ചത്. അത് ചോര്‍ന്നു എന്നത് ശരിയാണ്; അതിന് വേണ്ടുന്ന നടപടി ഉണ്ടാവുമല്ലോ.
ആ നിലപാടുകള്‍ ഐഎന്‍ടി പരിശോധിച്ച് ഒരു തീരുമാനത്തില്‍ എത്തിയിരുന്നു. സമിതികളിലെ ഓരോ അംഗവും അവരുടെ അഭിപ്രായം വ്യക്തമായി പറയുകയും രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഐഎന്‍ടിയുടെ റിപ്പോര്‍ട്ട് ഏകകണ്ഠമായിരുന്നു. ഐഎന്‍ടി അധ്യക്ഷനായിരുന്ന എയര്‍ മാര്‍ഷല്‍ ആര്.കെ.എസ് ബദൗറിയ അത് വ്യക്തമാക്കിയതാണ്. ‘ആ നിരീക്ഷണങ്ങള്‍ സമിതിയിലെ അംഗങ്ങള്‍ എനിക്ക് നല്കിയ കുറിപ്പാണ്. അത് എതിരഭിപ്രായമല്ല. എല്ലാം ഐഎന്‍ടി യോഗം ചര്‍ച്ച ചെയ്തിരുന്നു. അതിനു ശേഷമാണ് ഏകകണ്ഠമായ റിപ്പോര്‍ട്ട് തയാറാക്കിയത്. ആ റിപ്പോര്‍ട്ടിന്റെ മുഖവുരയില്‍ ഈ വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്ന കാര്യം സൂചിപ്പിച്ചിട്ടുമുണ്ട്. അവിടെ ഉയര്‍ന്ന വിവിധ നിര്‍ദ്ദേശങ്ങള്‍ യുദ്ധവിമാനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സഹായകരമായിട്ടുമുണ്ട്’, എന്നാണ് ആര്‍കെഎസ് ബദൗറിയ പറഞ്ഞത്.
അതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനമുണ്ടായത്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ ഈ ഏകകണ്ഠമായ ഐഎന്‍ടി ശുപാര്‍ശ കണ്ടിട്ടില്ല എന്നതാണ് ഏറ്റവും രസകരം. ഇക്കാര്യം തിരിച്ചറിഞ്ഞാല്‍ ഇപ്പോള്‍ പുറത്തു പറന്നുനടക്കുന്ന കടലാസുകള്‍ക്ക് വിലയില്ലാതായില്ലേ? കഴിഞ്ഞ ചൊവ്വാഴ്ച ഒരു പത്രം ഏതാണ്ട് ഒരു പേജ് റഫാല്‍ കഥകള്‍ പ്രസിദ്ധീകരിച്ചിരുന്നു. അന്ന് വൈകിട്ട് തന്നെ അതിനുള്ള വ്യക്തമായ മറുപടി കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. അതിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
കുടുങ്ങുന്നത് കോണ്‍ഗ്രസോ
മോഷ്ടിച്ച കടലാസുകളാണ്, പരിശോധന വേണ്ട എന്നൊരു വാദം അറ്റോര്‍ണി ജനറലിന് ഒഴിവാക്കാമായിരുന്നില്ലേ എന്നും ചിലര്‍ ചോദിച്ചേക്കാം. മോഷ്ടിച്ച രേഖയ്ക്ക് കോടതി പവിത്രത കല്പിക്കണോ എന്നതൊരു ധാര്‍മ്മിക പ്രശ്നമാണ്. റിവ്യൂ ഹര്‍ജി പരിഗണിക്കുമ്പോള്‍ തുറന്ന കോടതിയില്‍ കേള്ക്കാറില്ലന്നതും പുതിയ രേഖകള്‍ പരിഗണിക്കാറില്ലെന്നതും ഇങ്ങനെ ഒരു വാദഗതി ഉന്നയിക്കാന്‍ പ്രേരിപ്പിച്ചിരിക്കണം. പക്ഷെ കോടതി മറ്റൊരു നിലപാടാണ് എടുത്തത്. അത് സര്‍ക്കാര്‍ ശരിവെക്കണം, സ്വാഗതം ചെയ്യണം. ഈ വിധി മോദി സര്‍ക്കാരിനെയല്ല നാളെ അലട്ടാന്‍ പോകുന്നത്, മറിച്ച് ഈ ഹര്‍ജിയുമായി നടക്കുന്നവരെയാവും. വരും നാളുകളില്‍ പലരും കൂടുതല്‍ വിഷമവൃത്തത്തില്‍ അകപ്പെടുന്നത് കാണാന്‍ നമുക്ക് കഴിയും. ഒരര്‍ഥത്തില്‍ ബിജെപി ഈ കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടില്‍ കയറ്റുകയായിരുന്നോ എന്ന് പോലും തോന്നുന്നുണ്ട്.
2 ജി കേസില്‍ പ്രതിയായ യൂണിടെക് എന്ന കമ്പനിയുമായി രാഹുല്‍ ഗാന്ധി നടത്തിയ ഒരു തട്ടിപ്പ് ഇടപാട് അടുത്തിടെ ചര്‍ച്ചയായതാണ്. 2010 ഒക്ടോബറിലായിരുന്നു അത്. 2ജി കേസില്‍ ജെപിസി, സിബിഐ അന്വേഷണങ്ങള്‍ നടക്കുന്ന കാലത്ത്. ഒരു തട്ടിപ്പ് അതില്‍ ഒന്ന് 1. 44 കോടി രൂപയ്ക്കും മറ്റൊന്ന് 5. 36 കോടിക്കും. 2010- 11 മുതല്‍ 2014- 15 നിക്ഷേപത്തിന്മേലുള്ള പലിശ എന്ന നിലയ്ക്ക് യൂണിടെക്കില്‍ നിന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് പണവും പറ്റിയിട്ടുണ്ട്. അദ്ദേഹം അത് തന്റെ ആസ്തിബാധ്യതയില്‍ ചേര്‍ത്തിരുന്നില്ല. ഇപ്പോള്‍ മറ്റൊരാളെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്ന രേഖകളാണ് ഇത് വെളിച്ചത്ത് കൊണ്ടുവന്നത്. അതോടെ വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ ഇതും ചേര്‍ത്തു. 2010 മുതല്‍ ഒന്‍പത് വര്‍ഷം മറച്ചുവെച്ച കാര്യം.
2 ജി കേസില്‍ രാഹുല്‍ പ്രതിയല്ലായിരുന്നു. എന്നാല്‍ എന്താണ് ആ തട്ടിപ്പ് കേസിലെ പ്രതിയുമായി രാഹുലിനുള്ള ബന്ധം എന്നത് അന്വേഷിക്കാതെ പറ്റുമോ? എന്ത് രേഖയും എപ്പോഴും കോടതി സ്വീകരിക്കണം എന്ന ഇന്നലത്തെ വിധിയുടെ ഒരു ബലിയാട് രാഹുല്‍ ഗാന്ധി തന്നെയാവും. 2 ജി കേസില്‍ എ. രാജയും കനിമൊഴിയുമൊക്കെ എത്രനാള്‍ ജയിലില്‍ കിടന്നു? ഇത് രാഹുലിനും ബാധകമല്ലേ? ഭോപ്പാല്‍ ദുരന്തത്തിലെ ഉത്തരവാദിയെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിമാനത്തില്‍ കയറ്റി രക്ഷപ്പെടുത്തയിത് കഴിഞ്ഞ ദിവസം മോദി പറഞ്ഞത് വെറുതയല്ല. അക്കാര്യത്തിലും പലതും പുറത്തു വരാനുണ്ട്. ബൊഫോഴ്സ് കേസിലോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: