കോട്ടയം: അരനൂറ്റാണ്ടിലേറെ കേരളത്തിന്റെ രാഷ്ടീയമണ്ഡലത്തില്‍ നിറഞ്ഞുനിന്ന കെ.എം. മാണിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. മാണിയെ അവസാനമായി കാണാന്‍ തിരുനക്കര മൈതാനത്തേക്ക് നാടിന്റെ നാനാഭാഗത്ത് നിന്നും ആളുകള്‍ പ്രവഹിച്ചു.
തിരുനക്കരയില്‍ നിന്ന് ഭൗതികദേഹം പാലായിലെ കരിങ്ങോഴയ്ക്കല്‍ വീട്ടിലെത്തിച്ചു. ഇതിന് മുമ്പ് ജന്മദേശമായ മരങ്ങാട്ടുപിള്ളിയിലും പാലാ മുന്‍സിപ്പല്‍ ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വച്ചു. നാളെ ഉച്ചകഴിഞ്ഞ് 2.30ന് വീട്ടില്‍ നടക്കുന്ന സംസ്ക്കാര ശുശ്രൂഷകള്‍ക്ക് ശേഷം വൈകിട്ട് 4.30ന് പാലാ സെന്റ്തോമസ് കത്തീഡ്രലില്‍ മൃതദേഹം സംസ്ക്കരിക്കും.
ചൊവ്വാഴ്ച വൈകിട്ട് എറണാകുളത്ത് അന്തരിച്ച മാണിയുടെ മൃതദേഹം വിലാപയാത്രയായിട്ടാണ് കര്‍മഭൂമിയായ കോട്ടയത്തേക്ക് കൊണ്ടുവന്നത്. വഴിയിലുടനീളം ജനക്കൂട്ടം അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനിന്നതിനാല്‍ കോട്ടയത്ത് പറഞ്ഞ സമയത്തിനും മണിക്കൂറുകള്‍ വൈകിയാണ് എത്തിയത്. പ്രത്യേകം തയാറാക്കിയ പുഷ്പാലംകൃത വാഹനത്തിലാണ് മൃതദേഹം കോട്ടയത്ത് എത്തിച്ചത്.
തിരുനക്കര മൈതാനത്തും പിന്നീട് വയ്സ്ക്കര കുന്നിലെ കേരള കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനത്തും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. ഭാര്യ കുട്ടിയമ്മ, മകന് ജോസ് കെ. മാണി എം.പി, മറ്റ് മക്കള്‍, മരുമക്കള്‍ യുഡിഎഫ് നേതാക്കള്‍ തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് കടുത്തുരുത്തിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: