യഥാര്‍ഥത്തില്‍ എന്താവും ഒരു വയനാട് എഫക്ട്? വയനാട്ടിലേക്ക് രാഹുല്‍ ഗാന്ധി വന്നത് എങ്ങിനെയും ലോക്സഭയില്‍ കയറിക്കൂടാന്‍ വേണ്ടി തന്നെയാണ് എന്നതോര്‍ക്കുക. വയനാട് ഒരു ന്യൂനപക്ഷ വിഭാഗത്തിന് ആധിപത്യമുള്ള മണ്ഡലമാണ് എന്നും, കോണ്‍ഗ്രസ് അധ്യക്ഷന്‍ അവിടെ അഭയം തേടിയത് മുസ്ലിം ലീഗ് നല്കിയ ഉറപ്പ് കൊണ്ടാണെന്നും സര്‍വര്‍ക്കും അറിയാം. കോണ്‍ഗ്രസുകാര്‍ അത് തുറന്ന് സമ്മതിച്ചില്ലെങ്കിലും ലീഗുകാര്‍ അത് പറയുന്നുണ്ട്. എന്നാല്‍ ദേശീയ തലത്തില്‍ അത് ആരെയാണ് ഏറെ വിഷമിപ്പിച്ചത്…? കോണ്‍ഗ്രസിനെയോ അതോ മുസ്ലിം ലീഗിനെയോ? രണ്ടുപേരെയും എന്ന് പറയാമെന്ന് തോന്നുന്നു. പക്ഷെ, പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പോയത് ലീഗ് നേതാക്കളാണ്.
യഥാര്‍ഥത്തില്‍ ലീഗിന് കേരളത്തില്‍ ഒരു സ്ഥാനമൊക്കെയുണ്ട്; അത് ദേശീയ തലത്തില്‍ അവര്‍ക്കില്ലതാനും. സ്വാഭാവികമാണ്, മുസ്ലിം ലീഗിനോടുള്ള ഇന്ത്യയുടെ ഒരു പൊതുമനോഭാവമുണ്ടല്ലോ. പാക്കിസ്ഥാന് ജന്മം നല്‍കിയത് മുസ്ലിം ലീഗാണ് എന്ന ചിന്ത… അത് ഒരു സാധാരണ ഇന്ത്യക്കാരന് മറക്കാന്‍ കഴിയുന്നതല്ല. ഇന്ത്യയെ വെട്ടിമുറിച്ചു എന്നത് മാത്രമല്ല, പാകിസ്ഥാനില്‍ ഉള്‍പ്പെട്ടിരുന്ന ഹിന്ദുക്കളെ ആട്ടിയോടിച്ചതുമുണ്ട്. കയ്യില്‍ കിട്ടിയതുമായി, ജീവനും കൊണ്ട്, ഇന്ത്യയിലേക്ക് ഓടിയെത്തിയ ആയിരങ്ങളുടെ അവകാശികള്‍ ഇന്നും വടക്കേ ഇന്ത്യയിലുണ്ടല്ലോ. കാലുകുത്താന്‍ കിട്ടിയ സ്ഥലത്ത് താമസമാരംഭിച്ചവരാണ് അവര്‍. ഇസ്ലാമിക മതത്തില്‍ വിശ്വസിക്കുന്നവര്‍ അവരെ ഒരര്‍ഥത്തില്‍ ആട്ടിപ്പായിക്കുകയായിരുന്നു. ജീവനും കൊണ്ട് ഓടുകയായിരുന്നു ഹിന്ദുക്കള്‍. അവര്‍ക്കൊക്കെ ഈ പച്ചക്കൊടി മറക്കാന്‍ പറ്റുമോ?
അന്ന് പണ്ഡിറ്റ് നെഹ്റുവിന് അധികാരം നല്‍കാനായി കോണ്‍ഗ്രസ് ആ വിഭജനത്തെ പിന്തുണച്ചു; ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ ഭാവിയെക്കുറിച്ച് അവര്‍ ചിന്തിച്ചതുമില്ല. കാരണം നെഹ്റുവിന് വേണ്ടത് പ്രധാനമന്ത്രിക്കസേര മാത്രമായിരുന്നുവല്ലോ. അത്തരമൊരു പാര്‍ട്ടിയുമായി ചങ്ങാത്തമുണ്ടാക്കുന്നത്, അത് ആരായാലും, ഇന്ത്യ സഹിക്കില്ല എന്നത് രാഹുല്‍ ഗാന്ധി മറന്നു.
വയനാട്ടില്‍ രാഹുല്‍ വന്നിറങ്ങുമ്പോള്‍ ലീഗിന്റെ കൊടി കണ്ടുപോകരുത് എന്നൊക്കെ ഒരു നിര്‍ദേശമുണ്ടായിരുന്നു എന്നതോര്‍ക്കുക. യുഡിഎഫിന്റെ പേരില്‍ കോണ്‍ഗ്രസുകാര്‍ ആ നിര്‍ദ്ദേശം സൗഹൃദ ഭാഷയിലുള്ള അഭ്യര്‍ത്ഥനയായി പുറപ്പെടുവിച്ചു. പക്ഷെ അന്ന് കല്‍പ്പറ്റയില്‍ നിറഞ്ഞുനിന്നത് അതേ പച്ചക്കൊടി തന്നെ… കോണ്‍ഗ്രസ് കൊടിയേക്കാള്‍ കൂടുതല്‍ പച്ചക്കൊടി കണ്ടു എന്നതാണ് വസ്തുത. പച്ചയ്ക്കിടയില്‍ നിറഞ്ഞുനിന്ന രാഹുലിന്റെ ചിത്രവും വീഡിയോ ക്ലിപ്പുകളും കേരളം വിട്ട് വ്യാപിക്കുകയും ചെയ്തു. അത് പ്രതീക്ഷിച്ചത് പോലെ വടക്കേ ഇന്ത്യയില്‍ ചലനങ്ങളുണ്ടാക്കി. അത് കോണ്‍ഗ്രസിന് വലിയ തലവേദന ഉണ്ടാക്കുമെന്ന് തീര്‍ച്ച.
അതിനപ്പുറമാണ് ഇപ്പോള്‍ ലീഗ് നേരിടുന്ന പ്രശ്നം. വയനാട്ടില്‍ നിന്ന് ചിത്രങ്ങള്‍ ഉത്തരേന്ത്യയിലൊക്കെ എത്തിയപ്പോള്‍ അത് ചര്‍ച്ചാവിഷയമായി. പറഞ്ഞുവന്നത്, രാഹുലിനെ രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട മുസ്ലിം ലീഗ് ഇപ്പോള്‍ വലിയ പ്രതിസന്ധിയിലായി എന്നാണ്. അവര്‍ക്ക് പറഞ്ഞുനില്ക്കാന് കഴിയാത്ത അവസ്ഥയായിരിക്കുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ചില ചുവടുകള്‍ ഉറപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടിയും കൂട്ടരും ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് ഇത് സംഭവിച്ചത്. ഇനി ആര്‍ക്കെങ്കിലും ലീഗിനെ വടികൊണ്ടെങ്കിലും വടക്കേ ഇന്ത്യയില്‍ തൊടാന്‍ കഴിയുമോ, സംശയമാണ്. രാഹുല്‍ ആവട്ടെ, അതിനേക്കാള്‍ അപകടകരമായ നിലയിലും. ലീഗിന്റെ കാലില്‍തൊട്ട് നമസ്കരിക്കുന്ന രാഷ്ട്രീയക്കാരന് എന്ന നിലയിലേക്ക് രാഹുല്‍ തുറന്നുകാട്ടപ്പെടുന്നു. എനിക്ക് തോന്നുന്നു, അത് ഈ അടുത്ത ദിനങ്ങളില്‍ കൂടുതല്‍ വ്യക്തമാവും.
ഒരു ചരിത്രം ഇവിടെ രാഹുലും കോണ്‍ഗ്രസും ഓര്‍ക്കുന്നത് നല്ലതാണ്. 1960- ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജവാഹര്‍ലാല്‍ നെഹ്റു വന്നപ്പോള്‍ ലീഗിന്റെ കോടി അഴിച്ചുമാറ്റാന്‍ നിര്‍ദ്ദേശിച്ച സംഭവമാണ് ഓര്‍മ്മിപ്പിക്കുന്നത്. അന്ന് കോണ്‍ഗ്രസ്- പിഎസ്പി – ലീഗ് സഖ്യമാണ് ഉണ്ടായിരുന്നത്. സ്വാഭാവികമായും മലബാറില്‍ ലീഗിന് അവരുടെ ശക്തി കാണിക്കേണ്ടിയുമിരുന്നു… അതുകൊണ്ട് നെഹ്റു പ്രസംഗിക്കുന്നിടത്ത് നിറയെ പച്ചക്കൊടി കെട്ടി. ആ കൊടികള്‍ അഴിപ്പിച്ചുമാറ്റിയ ശേഷമാണ് നെഹ്റു പ്രസംഗിച്ചത്. പാക്കിസ്ഥാന് രൂപീകരണത്തിന് അനുകൂല നിലപാടെടുത്ത നെഹ്റുവിന് പോലും ആ പച്ചക്കൊടി ഒരു പ്രശ്നമായിരുന്നു. അന്ന് ആ സഖ്യം അധികാരത്തില്‍ വന്നുവെങ്കിലും ലീഗിന് മന്ത്രി പദവി നല്‍കിയില്ല; മാത്രമല്ല സീതി സാഹിബിന് സ്പീക്കര്‍ പദവി കൊടുത്തത് ലീഗില്‍ നിന്ന് ഔപചാരികമായി രാജിവെപ്പിച്ചതിന് ശേഷവുമാണ്. സീതി സാഹിബ് മരിച്ചപ്പോള്‍ ആ സ്ഥാനത്തേക്ക് വന്നത് സിഎച്ച് മുഹമ്മദ് കോയയാണ്. അദ്ദേഹത്തിന് ലീഗില്‍ നിന്ന് രാജിവെച്ചാല്‍ മാത്രം പോരായിരുന്നു, തൊപ്പിയും അഴിച്ചുമാറ്റേണ്ടി വന്നു. എന്തുകൊണ്ടാണ്…? കോണ്‍ഗ്രസുകാര്‍ വിശദീകരിച്ചാല്‍ മതി. അതൊക്കെ കോണ്‍ഗ്രസുകാരുടെ നിര്‍ബന്ധമായിരുന്നല്ലോ.
ഇന്നിപ്പോള്‍ ‘വൈറസ്’ എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലീഗിനെ വിളിച്ചതാണ് പ്രശ്നമായത്. യഥാര്‍ഥത്തില്‍ ആദ്യമേ വൈറസായി കണ്ട് ലീഗിനോട് പെരുമാറിയത് കോണ്‍ഗ്രസ് അല്ലേ? അത് ആദിത്യനാഥ് ചൂണ്ടിക്കാണിക്കുകയല്ലേ ചെയ്തുള്ളൂ. യഥാര്‍ഥത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പോകുന്ന മുസ്ലിം ലീഗ് കൂടുതല്‍ തുറന്നുകാട്ടപ്പെടുകയല്ലേ ഉണ്ടാവുക?
പ്രതികരിക്കാൻ ഇവിടെ എഴുതുക: