കൊച്ചി: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും പോക്സോ പ്രകാരമെടുത്ത കേസുകളിലെ നടപടികള്‍ ഇഴയുന്നു. അക്രമികള്‍ക്ക് കടുത്ത ശിക്ഷ വാങ്ങി നല്കാന് സര്‍ക്കാര്‍ സംവിധാനങ്ങളിലെ മെല്ലെപ്പോക്ക് തടസമാകുന്നു.
പോക്സോ പ്രകാരം രജിസ്റ്റര്‍ ചെയ്ത 1370 കേസുകളില്‍ ഒന്നില്‍ പോലും ഫോറന്‍സിക് റിപ്പോര്‍ട്ട് ഇതുവരെ ലഭ്യമായിട്ടില്ല. ഇതോടെ കേസിലെ തുടര്‍ നടപടികള്‍ പ്രതിസന്ധിയിലായി. നിയമം നിലവില്‍വന്ന 2012ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പോലും കേരളത്തിലെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്നു. പലപ്പോഴും രാസപരിശോധനാ ഫലം വൈകുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ക്ക് കാലതാമസം സൃഷ്ടിക്കുന്നത്. ഇത് കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നുവെന്ന് പരാതിയുയരുന്നെങ്കിലും നടപടി വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ശ്രമമില്ല.
ഏറ്റവും കൂടുതല്‍ കേസുകളുള്ള തിരുവനന്തപുരം ജില്ലയില്‍ 463 കേസുകളാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ കെട്ടിക്കിടക്കുന്നത്. ഇതില്‍ നൂറിലേറെ കേസുകളില്‍ ഒരു വര്‍ഷത്തിലധികമായി തുടര്‍ നടപടിയില്ല. കൊല്ലത്ത് 216 കേസുകളിലും ഒരു വര്‍ഷത്തിലേറെയായി റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ല. പത്തനംതിട്ടയില്‍ 128 കേസുകളുണ്ട് ഇത്തരത്തില്‍. കേസുകളില്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പ് ഉണ്ടാകണമെന്ന പോക്സോ നിയമമാണ് ഇവിടെ കാറ്റില്‍പ്പറത്തുന്നത്.
2008 മുതല്‍ 2018 വരെയുള്ള കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങള്‍ ഏറെ വര്‍ധിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2008ല്‍ 549 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം 2018ല്‍ 4008 കേസുകളായി. പീഡനക്കേസുകള്‍ 215 എണ്ണം മാത്രമാണ് 2008ല്‍ ഉണ്ടായതെങ്കില്‍ 2018 ആയപ്പോഴേക്കും അത് 1204 ആയി ഉയര്‍ന്നു. 22 കുട്ടികള്‍ക്കാണ് കഴിഞ്ഞ വര്‍ഷം വിവിധ സംഭവങ്ങളിലായി ജീവന് നഷ്ടമായത്.
പോക്സോ കേസുകളുടെ കാര്യത്തില്‍ സംസ്ഥാനത്തെ സാഹചര്യം ആശങ്കപ്പെടുത്തുന്നെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തിറക്കിയ റിപ്പോര്‍ട്ടിലും പറയുന്നു. ഈ വര്‍ഷം ജനുവരിയില്‍ മാത്രം 269 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: