മലപ്പുറം: ബിജെപിയെ പ്രതിരോധിക്കാനെന്ന പേരില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്യമായി വെളിച്ചത്തുവന്ന കോമാലി സംഖ്യത്തോട് പടപൊരുതുകയാണ് ഇത്തവണ മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി വി. ഉണ്ണികൃഷ്ണന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോ-മാ-ലി സഖ്യം ശക്തമായിരുന്ന കോട്ടക്കല്‍ മണ്ഡലത്തിലും ഉണ്ണികൃഷ്ണന് തന്നെയായിരുന്നു എന്‍ഡിഎക്ക് വേണ്ടി കളത്തിലിറങ്ങിയത്. അന്ന് അവിശുദ്ധ കൂട്ടുകെട്ടുകളെ ഞെട്ടിച്ചുകൊണ്ട് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായി.
വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്തെത്തിയ വി. ഉണ്ണികൃഷ്ണന് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് സുപരിചിതനാണ്. രാഷ്ട്രീയത്തിന് അതീതമായി വ്യക്തിബന്ധങ്ങളുള്ള സൗമ്യനായ പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ പ്രചാരണത്തില്‍ മറ്റ് മുന്നണികള്‍ക്കൊപ്പം തന്നെ എന്‍ഡിഎയുമുണ്ട്. മുസ്ലീംലീഗിന്റെ കുത്തകയായി അറിയപ്പെടുന്ന മണ്ഡലമാണ് മലപ്പുറം. പക്ഷേ ഈ തെരഞ്ഞെടുപ്പുകാലം മലപ്പുറവും മാറുന്നതിന്റെ വ്യക്തമായ സൂചനകളാണ് കാണുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ഓരോ കേന്ദ്രങ്ങളിലും ലഭിക്കുന്ന സ്വീകരണമാണ് ഇതിന് ഉദാഹരണം. മോദി സര്‍ക്കാരിനെതിരെ ഇടതുവലത് മുന്നണികള്‍ നടത്തുന്ന കള്ളപ്രചാരണങ്ങള്‍ക്ക് ജനങ്ങളില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മലപ്പുറവും മാറ്റത്തിന്റെ പാതയിലാണെന്നും വി. ഉണ്ണികൃഷ്ണന് പറയുന്നു.
കുഞ്ഞാലിക്കുട്ടിക്ക് അടിയറവ് പറഞ്ഞ് സിപിഎം
മലപ്പുറത്ത് മുസ്ലീംലീഗിന്റെ ബി ടീമായാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. മണ്ഡലത്തില്‍ കാലങ്ങളായുള്ള ലീഗിന്റെ അപ്രമാദിത്വം നിലനിര്‍ത്താന്‍ എന്നും സഹായം നല്‍കിയത് കോണ്‍ഗ്രസും സിപിഎമ്മും ഒറ്റക്കെട്ടായാണ്. ഏകദേശം ഏഴുപതിറ്റാണ്ടത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇടതുപക്ഷം ജയിച്ചത്. അതാകട്ടെ സിപിഎമ്മന്റെ മുതിര്‍ന്ന നേതാവ് ടി.കെ. ഹംസക്ക് വേണ്ടി മുസ്ലീംലീഗ് സ്വയം തോറ്റുകൊടുക്കുകയായിരുന്നു എന്നത് പരസ്യമായ രഹസ്യവും. പിന്നീട് ആറ് തവണയും മുസ്ലീംലീഗിന്റെ ഇ. അഹമ്മദായിരുന്നു വിജയി. അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് 2017ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടി അഞ്ചുലക്ഷത്തിലേറെ വോട്ടുനേടി റെക്കോഡ് ഭൂരിപക്ഷത്തില്‍ ആധിപത്യമുറപ്പിച്ചു. ലീഗ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് പിണറായി വിജയനടക്കമുള്ളവര്‍. അതിനാല്‍ മലപ്പുറം ലീഗിന് തീറെഴുതി നല്കുന്ന നടപടിയാണ് സിപിഎം സ്വീകരിക്കുന്നത്.
പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പതിവുപോലെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി പേരിന് മത്സരരംഗത്തുണ്ടെങ്കിലും ലീഗിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഹാദിയ കേസില്‍ ഹൈക്കോടതിയിലേക്ക് എസ്ഡിപിഐ നടത്തിയ മാര്‍ച്ചിനെ മുസ്ലീം ലീഗും കുഞ്ഞാലിക്കുട്ടിയും പിന്തുണച്ചിരുന്നു. ഇതിന് പ്രത്യുപകാരമായാണ് എസ്ഡിപിഐ കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കുന്ന നിലപാട് സ്വീകരിക്കുന്നത്. ഇരുപാര്‍ട്ടികളുടെയും രസഹ്യചര്ച്ച പുറത്തായതിന്റെ പശ്ചാത്തലത്തില്‍ വോട്ടര്‍മാരുടെ കണ്ണില്‍ പൊടിയിടാനുള്ള എസ്ഡിപിഐയുടെ തന്ത്രമായും സ്ഥാനാര്‍ഥിത്വം വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: