ഇതെഴുതുമ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള നാമനിര്‍ദ്ദേശപത്രിക ജില്ലാ കളക്ടര്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടാകും. പത്രികയോടൊപ്പം തന്റെ പേരില്‍ കോടതികളില്‍ നിലവിലുള്ള കേസുകളുടെ വിവരങ്ങളും സ്വാഭാവികമായും സമര്‍പ്പിച്ചിരിക്കും. അവയിലേറെയും സാമ്പത്തിക കുറ്റകൃത്യങ്ങളാണ്. ചിലവയില്‍ അദ്ദേഹം ജാമ്യത്തിലാണുതാനും. അദ്ദേഹം മാത്രമല്ല, അമ്മയും സഹോദരിയും സ്യാലനുമൊക്കെ കൂട്ടുപ്രതികളാണുതാനും. കേസുകളുടെ വിചാരണതന്നെ വേണ്ടെന്നുവയ്ക്കാനുള്ള തത്രപ്പാടില്‍ അദ്ദേഹത്തിന്റെ വക്കീലന്മാര് കഴിയുകയാണ്. കോടിക്കണക്കിന് ഫീസ് വാങ്ങുന്ന വക്കീലന്മാര് അദ്ദേഹത്തിനുവേണ്ടി സൗജന്യമായി ഹാജരാകുന്നുവെന്നു സങ്കല്പിച്ചാലും, കേസില്‍ ഉള്‍പ്പെട്ട സമ്പത്തിന്റെ വലിപ്പം അവര്‍ക്കും ഗുണകരമായിരിക്കുമല്ലോ. അതിനു പുറമേ മഹാരാഷ്ട്രയിലെ ഒരു സ്ഥലത്തു ചെയ്ത പ്രസംഗത്തില്‍ മഹാത്മാഗാന്ധിയെ വധിച്ചത് ആര്‍എസ്എസുകാരനാണെന്ന് പറഞ്ഞതിനെതിരെ നല്കിയ കേസു വിചാരണഘട്ടത്തിലാണ്. പ്രതി കോടതിയില്‍ ഹാജരായാലേ ചോദ്യം ചെയ്യാനാവൂ. എങ്കില്‍ മാത്രമേ വിചാരണ പൂര്‍ത്തിയാക്കി സ്വന്തം നിരപരാധിത്വം തെളിയിക്കുകയോ, അല്ലെങ്കില്‍ ശിക്ഷയ്ക്ക് വിധേയനാകുകയോ ചെയ്യാനാവൂ. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോദിയെ മാറ്റി പകരം പ്രതിപക്ഷ കക്ഷികളെല്ലാം കൂടി മനസ്സില്‍ കാണുന്ന മഹത്തായ നെഹ്റു-ഗാന്ധി കുടുംബത്തിന്റെ അനന്തരാവകാശിയുടെ യോഗ്യതയുടെ ഒരംശം മാത്രമാണ് ചൂണ്ടിക്കാട്ടിയത്.
നെഹ്റു കുടുംബം ജവഹര്‍ലാല്‍ നെഹ്റുവിന്റെ ദേഹവിയോഗത്തോടെ അന്യംനിന്നുപോയി. അദ്ദേഹത്തിന്റെ ഏകപുത്രി ഇന്ദിരാ പ്രിയദര്‍ശിനി പാഴ്സി യുവാവ് ഫിറോസ് ഗണ്ഡിയെ സ്വന്തം പിതാവിന്റെയും മഹാത്മാഗാന്ധിയുടെയും ഉപദേശങ്ങളെ ധിക്കരിച്ച് ഭര്‍ത്താവായി സ്വീകരിച്ചു. ഫിറോസ് ഗണ്ഡി പരമ്പരാഗതമായി പഞ്ചസാര വ്യാപാരം നടത്തി വന്ന കുടുംബത്തിലെ പ്രജയായിരുന്നതിനാല്‍ ആ ഉപസര്‍ഗം സ്വീകരിച്ചതായിരുന്നു. ഏമിറശ എന്നതിനോട് ഒരു വ കൂട്ടിച്ചേര്‍ത്ത് ഏമിറവശ യാക്കി അദ്ദേഹം ഗാന്ധി പട്ടം സമ്പാദിച്ചു. ഒന്നാന്തരം പത്രക്കാരനും പാര്‍ലമെന്റേറിയനുമാണ് താനെന്നു തെളിയിച്ച ഫിറോസ്, നെഹ്റു മന്ത്രിസഭയിലെ പല അംഗങ്ങളും നടത്തി വന്ന അഴിമതികളെ സഭയിലുന്നയിച്ച് പ്രധാനമന്ത്രിയുടെയും ഇന്ദിരാഗാന്ധിയുടെയും തിരുവുള്ളക്കേട് സമ്പാദിച്ചു. അദ്ദേഹം മരണശയ്യയില്‍ കിടക്കുമ്പോള്‍ രാഷ്ട്രപതിയായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ നിര്‍ബന്ധപ്രകാരമായിരുന്നു ഇന്ദിരാഗാന്ധി മക്കളെയും കൂട്ടി കാണാന്‍ പോയതെന്ന് പത്രറിപ്പോര്‍ട്ടുകള്‍ മാത്രമല്ല നെഹ്റു യുഗത്തിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍, എം.ഒ. മത്തായി എഴുതിയിട്ടുമുണ്ട്.
ഇന്ദിരാഗാന്ധിയുടെ പൗത്രനാണല്ലോ വയനാട്ടിലെ സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി. നെഹ്റുഗാന്ധി കുടുംബത്തിന്റെ നേരവകാശിയായി സ്വയം ചമയുകയും, സില്‍ബന്ധികളെയും ശേവുകപ്പണി ചെയ്യുന്ന മാധ്യമങ്ങളെയുംകൊണ്ട് നിരന്തരം ഉദ്ഘോഷിക്കുകയും ചെയ്തുകൊണ്ട് ഗീബത്സിനെപ്പോലും അതിശയിപ്പിക്കുന്നവിധത്തിലുള്ള പരിവേഷം സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു.
തന്റെ പരമ്പരാഗത പ്രാപ്തമായ അമേഠിയില്‍ നാമനിര്‍ദ്ദേശം നല്കിയപ്പോള്, അവിടം അത്ര സുരക്ഷിതമല്ല എന്ന ആശയങ്കയാലാണ് ദക്ഷിണ ഭാരതത്തില്‍ ഒരു സ്ഥലത്തുകൂടി മത്സരിക്കണമെന്ന നിര്‍ദ്ദേശം വരികയും, അതിന് കേരളത്തിലെ വയനാട് മണ്ഡലത്തെ തെരഞ്ഞെടുക്കുകയും ചെയ്തത്. വയനാട് എന്ന പേരു തന്നെ ഒരു കബളിപ്പാണ്. കാരണം മണ്ഡലത്തിലെ ഏഴു നിയമസഭാ ഖണ്ഡങ്ങളില്‍ മൂന്നെണ്ണമേ വയനാട്ടിലുള്ളൂ. മൂന്നെണ്ണം മലപ്പുറം ജില്ലയിലാണ്. ഒരു മണ്ഡലം കോഴിക്കോട്ടും. എല്ലാം മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങള്‍ തന്നെ. മുസ്ലിംലീഗിന്റെ കുത്തകകള്‍. വയനാട്ടിലെ ഒരു മണ്ഡലം പട്ടികവര്‍ഗത്തിനും ഒന്ന് പട്ടികജാതിക്കും സംവരണം ചെയ്യപ്പെട്ടവ. നല്ല ശതമാനം ക്രിസ്ത്യന്‍ കുടിയേറ്റ വോട്ടുകളും അവിടെയുണ്ട്. എല്ലാ സഭകളുടെയും രൂപതകളും അവിടെ ആസ്ഥാനം സ്ഥാപിച്ചിരിക്കുന്നു. ഹിന്ദുക്കള്‍ ന്യൂനപക്ഷവും മുസ്ലിങ്ങള്‍ പ്രായോഗിക ഭൂരിപക്ഷവുമായ ആ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയെ ഏറ്റവും ആഹ്ലാദത്തോടെ സ്വാഗതം ചെയ്തത് മുസ്ലിംലീഗായിരുന്നു. രാഹുലിന്റെ തീരുമാന പ്രഖ്യാപനം വൈകിയപ്പോള്‍ അസ്വസ്ഥരായതും അവര്‍ തന്നെ. അദ്ദേഹത്തെ ജയിപ്പിക്കേണ്ട ചുമതല ഞങ്ങള്‍ക്കാണെന്ന മട്ടിലാണ് ലീഗു നേതാക്കളെല്ലാം ഭാവിക്കുന്നത്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ എന്‍ഡിഎ ഘടകമായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അദ്ദേഹത്തിനെതിരെ വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വാസ്തവത്തില്‍ കോണ്‍ഗ്രസ്സിന്റെ ചിഹ്നത്തിലാണെങ്കിലും കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തെ ജയിപ്പിക്കാന്‍ കരാര്‍ എടുത്തത് മുസ്ലിംലീഗും. രാഹുലിനെ പ്രധാനമന്ത്രിയാക്കി മോദിയെ പുറത്താക്കാന്‍ കച്ചകെട്ടിയ മാര്‍ക്സിസ്റ്റുകള്‍ ‘അണ്ടികളഞ്ഞ അണ്ണാന്മാരാ’യിക്കഴിയുകയാണ്.
മുസ്ലിംലീഗ്-കോണ്‍ഗ്രസ്സ് സഖ്യം പുതിയതൊന്നുമല്ലല്ലോ. 1959-ല്‍ കമ്യൂണിസ്റ്റ് ഭരണത്തെ പുറത്താക്കാനായി നടന്ന വിമോചന സമരം നയിക്കാന്‍ കേരളത്തില്‍ ഇന്ദിരാഗാന്ധി തന്നെ ഒരു മാസം താമസിച്ച് തന്ത്രങ്ങള്‍ മെനഞ്ഞിരുന്നു. ആ വിമോചന സമരമായിരുന്നു മുസ്ലിംലീഗിന് ഭാരതവിഭജനത്തിനുശേഷം മലബാറില്‍ നവജീവന്‍ വെപ്പിച്ചത്. ലീഗാകട്ടെ സൗകര്യംപോലെ ഇടതിനോടും കോണ്‍ഗ്രസ്സിനോടും മാറി മാറി കൂട്ടുകൂടി തങ്ങളുടെ നില മെച്ചപ്പെടുത്തി. മറ്റാരുമായി കൂട്ടില്ലാതെ ഒറ്റയ്ക്കുമത്സരിച്ചാല്‍ എട്ട് നിയമസഭാ സീറ്റുകളിലേറെ ജയിക്കാന്‍ സാധ്യതയില്ലാത്ത ലീഗിനെ കേരള രാഷ്ട്രീയത്തിലെ ഏറ്റവും നിര്‍ണായക ഘടകമാക്കി വളര്‍ത്താന്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷവും മത്സരിച്ചു. ഹിന്ദുക്കളുടെ ഏറ്റവും പവിത്രസ്ഥാനങ്ങളായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രവും ഗുരുവായൂരമ്പലവും സ്ഥിതിചെയ്യുന്ന മണ്ഡലങ്ങള്‍ ഹിന്ദുക്കള്‍ വിജയിക്കുന്നവയാകാതിരിക്കണമെന്ന നിര്‍ബന്ധം ഇരുമുന്നണികളും നിലനിര്‍ത്തിയതായി ചരിത്രം നോക്കിയാല്‍ മനസ്സിലാവും. ലീഗ് കോണ്‍ഗ്രസ്സിന്റെ രക്ഷയ്ക്കെത്തിയ അവസരമായിരുന്നല്ലോ തിരൂരങ്ങാടിയില്‍ എ.കെ. ആന്റണിയെ ജയിപ്പിച്ചത്.
കോണ്‍ഗ്രസ്സും ലീഗും ഖിലാഫത്ത് കാലംതൊട്ട് കൂട്ടുകെട്ടിലായിരുന്നു. ആ കൂട്ടുകെട്ട് ഖിലാഫത്തല്ല ‘അഖിലആപത്താ’യിത്തീരുമെന്നു പ്രവചിച്ചത് ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവബലിറാം ഹെഡ്ഗേവാര്‍ ആയിരുന്നു. 1920-കളില്‍ ഖിലാഫത്ത് സമിതികളിലെ സ്ഥിരം ക്ഷണിതാക്കളായിരുന്നു മലബാറിലെ (മുഴുവന്‍ ഭാരതത്തിലെയും) കോണ്‍ഗ്രസ്സ് നേതാക്കള്‍. ഖിലാഫത്ത് യോഗങ്ങളിലെ സ്ഥിരം പ്രഭാഷകരുമായിരുന്നു. അതിന്റെ മറപിടിച്ചായിരുന്നു മുസ്ലിം മുല്ലാ മൗലവി, തങ്ങന്മാരുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് വിരുദ്ധ കലാപത്തിനു വട്ടംകൂട്ടിയതും, ഭാരതം കണ്ട ഏറ്റവും ക്രൂരവും പൈശാചികവുമായ നരസംഹാര താണ്ഡവം മലബാറില്‍ അരങ്ങേറിയതും. 1947-ലും ‘പത്തണയ്ക്കു കത്തിവാങ്ങികുത്തിവാങ്ങും പാക്കിസ്ഥാന്’ എന്ന പോര്‍വിളി മുഴങ്ങിയിരുന്നു. സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്ത് മലബാറില്‍ മാപ്പിളസ്ഥാന് രൂപീകരിക്കണമെന്ന പ്രമേയം മദിരാശി നിയമസഭയില്‍ ലീഗ് നേതാവ് അവതരിപ്പിച്ചിരുന്ന വിവരം അവിടത്തെ സഭാ രേഖകളിലുണ്ട്.
മലബാര്‍ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരിക്കെ പ്രധാനമന്ത്രി നെഹ്റു കോഴിക്കോട് സന്ദര്‍ശിച്ചപ്പോള്‍ രൂപീകരിച്ച സ്വാഗത സംഘത്തില്‍ ലീഗു നേതാവ് ബാഫക്കി തങ്ങളായിരുന്നു അധ്യക്ഷന്‍. നഗരത്തിലും യോഗസ്ഥലത്തും പലയിടത്തും ഉയര്‍ത്തപ്പെട്ട മുസ്ലിംലീഗ് പതാകകള്‍ പാക് പതാകയാണെന്ന് തെറ്റിദ്ധരിച്ച് എടുത്തുമാറ്റാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പൊതു സ്വീകരണത്തില്‍ അദ്ദേഹത്തെ ആദ്യം മാലയിട്ടത് ലീഗ് നേതാവ് ബാഫാക്കിത്തങ്ങളായിരുന്നുവെന്ന വാര്‍ത്ത പ്രാധാന്യത്തോടെ പത്രങ്ങളില്‍ വായിച്ചതോര്‍ക്കുന്നു.
ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരെല്ലാം ലീഗിന്റെ കൈത്താങ്ങിലാണ് കേരളത്തില്‍ കോണ്‍ഗ്രസ്സിനെ ഇടറാതെ നിലനിര്‍ത്തിയത് എന്ന ചരിത്രം മറന്നുകൂടാ. ഇപ്പോള്‍ ഏറ്റവുംപുതിയ തലമുറയിലെ നേതാവിനും താങ്ങായിവരുന്നത് മുസ്ലിംലീഗു തന്നെ. അമേഠിയുടെ കാര്യം അമിട്ടായി പൊട്ടിയാല്‍ വയനാട്ടില്‍ പിടിച്ചുകയറാമെന്ന മോഹത്തിലാണ് വരവ്. ഇതിന്റെ അങ്കഗണിതവും ബീജഗണിതവും കാലഗണിതവും ഉമ്മന്ചാണ്ടിയുടേതാണത്രേ. കരുണാകരനെയും ആന്റണിയെയും ഒന്നുമല്ലാതാക്കിയ മാസ്റ്റര്‍ സ്ട്രാറ്റജിസ്റ്റ് രാഹുലിനെ ഉയരത്തിലെത്തിക്കുമോ? മുസ്ലിംലീഗ് സഹായിച്ച്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: