തൊടുപുഴ: ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകള്‍ ബാക്കിയാക്കി വേദനയില്ലാത്ത ലോകത്തേക്ക്, രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ ഏഴ് വയസുകാരന് മറഞ്ഞു. ഇന്നലെ രാവിലെ എത്തിയ വാര്‍ത്ത കണ്ണീരോടെയാണ് നാട്ടുകാര്‍ ഏറ്റുവാങ്ങിയത്. പ്രാര്‍ത്ഥനയുമായി മനസിലെ നന്മ വറ്റാത്ത വലിയൊരു സമൂഹം കുരുന്നിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 27ന് അര്‍ദ്ധരാത്രിയിലാണ് ക്രൂരമര്‍ദ്ദനം നടന്നത്. രാത്രി 12ന് ശേഷം അരുണും കുട്ടികളുടെ അമ്മയും മടങ്ങിവന്നപ്പോള്‍ ഇളയകുട്ടി കിടക്കയില്‍ മൂത്രം ഒഴിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് കുട്ടിയെ നോക്കിയില്ലെന്നു പറഞ്ഞായിരുന്നു മൂത്തകുട്ടിയെ മര്‍ദ്ദിച്ചത്.
കിടക്കയില്‍ നിന്ന് ചവിട്ടി വീഴ്ത്തിയ കുട്ടി വീണ്ടും എഴുന്നേറ്റപ്പോള്‍ എടുത്ത് എറിയുകയും ചവിട്ടി തെറിപ്പിക്കുകയും ചെയ്തു. അലമാരക്കിടയില്‍ വച്ച് അമര്‍ത്തി. ഈ സമയം അലമാരയില്‍ തലയിടിച്ചു. കുട്ടിയെ നിലത്തിട്ടും ചവിട്ടി. ഗുരുതരമായി പരിക്കേറ്റ കുട്ടിയേയും കൊണ്ട് തൊടുപുഴയിലെ ആശുപത്രിയിലേക്ക് ഇരുവരും പോയെങ്കിലും രണ്ട് മണിക്കൂറിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്.
നില അതീവ ഗുരുതരമായതിനാല്‍ കോലഞ്ചേരിയിലെ മെഡിക്കല്‍ മിഷന് ആശുപത്രിയിലേക്ക് 28ന് പുലര്‍ച്ചെ ആറ് മണിയോടെ മാറ്റി. തലയോട്ടിയുടെ പിന്നിലായി രണ്ട് സ്ഥലം പൊട്ടി തലച്ചോര്‍ പുറത്തുവന്ന നിലയിലായിരുന്നു. വീണ് പരിക്കേറ്റുവെന്നാണ് ഇരുവരും ഡോക്ടര്‍മാരോട് പറഞ്ഞത്.
കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്ന് വായു ചോര്‍ന്നിരുന്നു.തലയില്‍ കട്ടപിടിച്ച രക്തം നീക്കാനുമായില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ട്യൂബ് വഴി ഭക്ഷണം നല്‍കിയെങ്കിലും ഇതും ഫലം കണ്ടില്ല.
തലച്ചോറിലേക്കുള്ള രക്തയോട്ടം 10 ശതമാനമായി കൂടിയെങ്കിലും ഹൃദയം, ശ്വാസകോശം, വന്‍കുടല്‍ എന്നിവയുടെ പ്രവര്‍ത്തനം ക്രമം തെറ്റി. പഴയ ജീവിതത്തിലേക്ക് കുട്ടി ഒരിക്കലും മടങ്ങിയെത്തില്ലെന്ന് വിധിയെഴുതിയിരുന്നെങ്കിലും ജീവന് രക്ഷിക്കാനുള്ള അവസാന ശ്രമത്തിലായിരുന്നു ഡോക്ടര്‍മാര്‍.
ഹൈക്കോടതി കേസെടുത്തു
തൊടുപുഴയില്‍ ഏഴു വയസുകാരനെയും സഹോദരനെയും അമ്മയുടെ കാമുകന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാദ്ധ്യമങ്ങളിലും മറ്റും ഇതു സംബന്ധിച്ചു വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചീഫ് ജസ്റ്റിസിനെഴുതിയ കത്തിന്റെയടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്. തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആനന്ദ് കുട്ടികളെ മനുഷ്യത്വരഹിതമായ രീതിയിലാണ് കൈകാര്യം ചെയ്തതെന്നും കുട്ടികളെ അതിക്രൂരമായി പീഡിപ്പിച്ച സംഭവം ഗൗരവമേറിയ വിഷയമാണെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് കത്തില്‍ വ്യക്തമാക്കിയിരുന്നു. ഏഴു വയസുകാരന് ആശുപത്രിയില്‍ മരണത്തോടു മല്ലടിക്കുകയാണ്. ഈ സംഭവത്തില്‍ കേവലമൊരു നിയമനടപടി എന്നതിനപ്പുറം കുട്ടികള്‍ക്കെതിരായ ക്രൂരതയും അതിക്രമവും തടയാന്‍ ഫലപ്രദമായ നടപടികള്‍ വേണമെന്നും ഇതിനായി കത്ത് സ്വമേധയാ ഹര്‍ജിയായി പരിഗണിക്കണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതു പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് വിഷയത്തില്‍ സ്വമേധയാ കേസെടുക്കാന്‍ അനുമതി നല്‍കിയത്.
സത്യം പുറത്തുവന്നത് ഇളയകുട്ടിയിലൂടെ
ചേട്ടനെ എടുത്തെറിഞ്ഞു, ചേട്ടന് ചത്തു എന്ന് മൂന്നര വയസുള്ള അനുജന് പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. തലയ്ക്കും മുഖത്തും പരിക്കേറ്റു. രക്തം വന്നു, ഇത് താനാണ് തുടച്ച് കളഞ്ഞതെന്നും അനുജന് പറഞ്ഞു. ഇത് കേസില്‍ നിര്‍ണായകമായി. ഇളയകുട്ടിക്കും മര്‍ദ്ദനത്തില്‍ പരിക്കേറ്റിരുന്നു. ഇളയകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് പ്രതിക്കെതിരെ പോക്സോ കേസും പോലീസ് ചുമത്തി. ഉടുമ്പന്നൂര്‍ സ്വദേശിനിയായ യുവതിയെ തിരുവനന്തപുരത്തിന് 10 വര്‍ഷം മുമ്പ് വിവാഹം കഴിച്ച് അയച്ചതായിരുന്നു.
വര്‍ക്ക്ഷോപ്പ് നടത്തുകയായിരുന്ന ഭര്‍ത്താവ് മരിച്ചതോടെ യുവതി അരുണിനൊപ്പം നാടുവിട്ടു. പിന്നീട് കേസ് കോടതിയില്‍ എത്തുകയും തനിക്ക് അരുണിനൊപ്പം പോയാല്‍ മതിയെന്ന് യുവതി പറയുകയും ചെയ്തു. മുമ്പ് ഏറെക്കാലം ഉടുമ്പന്നൂരില്‍ ഇവര്‍ താമസിച്ചിരുന്നു.
ക്രൂരതയുടെ മുഖം
കൊലപാതകം അടക്കം ആറ് കേസുകളിലെ പ്രതിയാണ് തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആനന്ദ്. നിസ്സാര കാരണത്തിന് 2008ല്‍ സുഹൃത്തിനെ ബിയര്‍കുപ്പിക്ക് തലക്കടിച്ച് കൊന്ന കേസില്‍ പ്രതിയായിരുന്നു. തെളിവിന്റെ അഭാവത്തില്‍ ശിക്ഷയില്‍ നിന്ന് ഒഴിവായി.
മയക്കുമരുന്ന്, അടിപിടി, പിടിച്ചുപറി കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഒരു മാസം മുമ്പ് മാത്രം തൊടുപുഴയില്‍ വാടകയ്ക്കെത്തിയ കുടുംബത്തിന് നാട്ടുകാരുമായി അടുപ്പമില്ലായിരുന്നു. ബിടെക് ബിരുദധാരിയായ അരുണ്‍ സാമാന്യം സാമ്പത്തികഭദ്രതയുള്ള വീട്ടിലാണ് ജനിച്ചത്. അതിനാല്‍ ജോലിക്ക് പോകാതെ ധൂര്‍ത്തടിച്ച് ജീവിക്കുകയായിരുന്നു. ആദ്യ ഭാര്യയില്‍ നിന്ന് അരുണ്‍ വിവാഹമോചനം നേടിയിരുന്നു. പിന്നീട് കഴിഞ്ഞ മേയില്‍ ബിജു മരിച്ചതിന് പിന്നാലെ തിരുവനന്തപുരത്തെ വീട്ടിലെത്തുകയും യുവതിയെ സ്നേഹിച്ച് കുട്ടികള്‍ക്കൊപ്പം നാടുവിടുകയുമായിരുന്നു. നാട്ടില്‍ വന്ന ശേഷം യാത്രകള്‍ കാറിലായിരുന്നു. അതികം ആരുമായും ബന്ധമില്ല. ഇതിനിടെ ഭാര്യയുടെ പേരിലുള്ള പണവും മക്കളുടെ പേരില്‍ ബിജു നിക്ഷേപിച്ച പണവും ഭീഷണിപ്പെടുത്തി ഇയാള്‍ കൈക്കലാക്കി.
വര്‍ക്ക്ഷോപ്പ് നടത്തിയിരുന്ന ബിജു ഹൃദയാഘാതത്തെത്തുടര്‍ന്ന് ഭാര്യയുടെവീട്ടില്‍ വച്ചാണ് മരിച്ചത്. ഇതില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇന്നലെ രാവിലെയാണ് കസ്റ്റഡിയില്‍ കഴിഞ്ഞ പ്രതിയെ മുട്ടത്തെ ജില്ലാ കോടതിയില്‍ ഹാജാരാക്കിയത്. മുട്ടം ജയിലിലാണ് അരുണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: