കൊച്ചി: പിണറായി വിജയനെ അഴിമതിക്കുരുക്കിലാക്കിയ കാനഡയിലെ എസ്എന്‍സി ലാവ്ലിന് കമ്പനി കേരളത്തില്‍ രണ്ടായിരം കോടിയിലേറെ രൂപ നിക്ഷേപിച്ചു. പിണറായി തന്നെ ഇടനിലക്കാരനായ, അങ്ങേയറ്റം ദുരൂഹമായ ഈ ഇടപാടും വന്‍ വിവാദത്തിലേക്ക്. സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്താന്‍ തീരുമാനിച്ച ലാവ്ലിന് കമ്പനി നേരിട്ടല്ല നിക്ഷേപം നടത്തിയതെന്നു മാത്രം.
സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി ധനസമാഹരണ സംവിധാനം വഴി 2150 കോടി രൂപ നിക്ഷേപിച്ചത് ലാവ്ലിന്റെ പ്രമുഖ ഓഹരി ഉടമകളായ സിഡിപിക്യൂ എന്ന സ്ഥാപനമാണ്. പിണറായി വിജയന് തന്നെയാണ് ഇടനിലക്കാരനെന്നും വിശദാംശങ്ങള്‍ ഒളിച്ചുവച്ച് സര്‍ക്കാര്‍ തന്നെയാണ് നിക്ഷേപ വിവരം പുറത്തുവിട്ടതെന്നും യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി സന്ദീപ് ജി. വാര്യര്‍ വെളിപ്പെടുത്തി. ഇതില്‍ ഇരുന്നൂറ് കോടിയുടെ ക്രമക്കേട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ധനമന്ത്രി തോമസ് ഐസക്, ബജറ്റിലാണ് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ കിഫ്ബി സംവിധാനം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയാണ് ചെയര്മാന്. വൈസ് ചെയര്മാന് ധനമന്ത്രിയും. കിഫ്ബി നേട്ടമുണ്ടാക്കിയില്ലെന്നു മാത്രമല്ല പ്രവാസി ചിട്ടി നടത്തി പൊട്ടി. അതിനിടെയാണ് മസാലാ ബോണ്ടെന്ന പേരില്‍ വിദേശരാജ്യങ്ങളില്‍നിന്ന് നിക്ഷേപത്തിന് അനുമതി നേടിയത്. ഇതും കാര്യമായ പ്രതികരണമുണ്ടാക്കിയില്ല.
എന്നാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് തൊട്ടു മുമ്പ്, മാര്‍ച്ച് 29ന്, മുഖ്യമന്ത്രി പിണറായിയും ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയിലേക്ക് 2150 കോടി രൂപ മസാല ബോണ്ടിലൂടെ ലഭിച്ചെന്ന് പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍, പണം നിക്ഷേപിച്ച കമ്പനിയുടെ പേര്, ഉടമസ്ഥത, ആര് ചര്‍ച്ച നടത്തി തുടങ്ങി ഒരുകാര്യവും വെളിപ്പെടുത്തിയില്ല. നിക്ഷേപത്തിന്റെ വിവരങ്ങള്‍ തേടിയപ്പോഴാണ് കാനഡയിലെ ക്യുബക് ഡെപ്പോസിറ്റ് ആന്‍ഡ് ഇന്‍െവസ്റ്റ്മെന്റ് ഫണ്ട് (സിഡിപിക്യു) എന്ന പെന്ഷന് ഫണ്ട് സ്ഥാപനമാണ് 2150 കോടി നിക്ഷേപിച്ചതെന്നു കണ്ടെത്തിയത്. പലിശ നിരക്ക് 9.733 ശതമാനം. ഈ കമ്പനിക്ക് എസ്എന്‍സി ലാവ്ലിനില് 20% ഓഹരി പങ്കാളിത്തമുണ്ട്.
കിഫ്ബി മസാല ബോണ്ടില്‍ മറ്റ് കമ്പനികളൊന്നും നിക്ഷേപിച്ചിട്ടില്ല. ലാവ്ലിന്- സിഡിപിക്യു ബന്ധം ലാവ്ലിന്റെ സിഇഒയും പ്രസിഡന്റുമായ മിഖായേല്‍ സാബിയ വെളിപ്പെടുത്തിയിട്ടുണ്ട്.
ദുരൂഹതകള്‍ ധാരാളം
കേനഡിയന്‍ കമ്പനിയുടെ കിഫ്ബിയിലെ നിക്ഷേപം ദുരൂഹതകള്‍ നിറഞ്ഞതാണെന്ന് സന്ദീപ് ജി. വാര്യര്‍ ചൂണ്ടിക്കാട്ടി.
ആരാണ് ചര്‍ച്ചകള്‍ നടത്തിയത്? എവിടെ വച്ചായിരുന്നു ചര്‍ച്ചകള്‍? എന്തുകൊണ്ട് കമ്പനിക്ക് എസ്എന്‍സി ലാവ്ലിന് കമ്പനിയുമായുള്ള ബന്ധം സര്‍ക്കാര്‍ മറച്ചുവച്ചു? കൊച്ചി മെട്രോയ്ക്ക് ഫ്രഞ്ച് കമ്പനി 1350 കോടി രൂപ വായ്പ കൊടുത്തത് 1.35% പലിശയിലാണ്. പിന്നെ എന്തിന് ലാവ്ലിന് കമ്പനിക്ക് 9.72% പലിശ കൊടുക്കുന്നു? വര്‍ഷം 40 കോടി രൂപവച്ച് അഞ്ചു വര്‍ഷത്തേക്ക് 200 കോടി രുപയുടെ അഴിമതിയിടപാടാണ് പലിശയിനത്തില്‍ മാത്രം, സന്ദീപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: