ഒറീസയിലെ ഗഹിര്‍മാത കടല്‍ തീരം. ആഞ്ഞടിക്കുന്ന കടല്‍ക്കാറ്റ്. സമയം അര്‍ദ്ധരാത്രി കഴിഞ്ഞു. മണല്‍ത്തീരത്തിന്റെ ആളനക്കമില്ലാത്ത കോണില്‍ ഒരുപറ്റം യുവാക്കള്‍ പതിയിരിക്കുകയാണ്. ആരെയോ കാത്ത്, അക്ഷമരായി. അനക്കമില്ലാതെ, പെട്ടെന്നാണ് ആര്‍ത്തലയ്‌ക്കുന്ന കടലലകളില്‍ നിന്ന് രണ്ട് ആമകള്‍ അവതരിച്ചത്. അവ മണലിലൂടെ കരയിലേക്ക് നടന്നടുത്തു. പിന്നാലെ നൂറ് നൂറ് കടലാമകള്‍. ഇരുളില്‍ പതുങ്ങിനിന്ന ഗ്രാമീണരുടെ കണ്ണുകളില്‍ പ്രത്യാശയുടെ വെളിച്ചം മിന്നിമറഞ്ഞു. അവര്‍ മന്ത്രിച്ചു. ”അതിഥികള്‍ വന്നു. അവര്‍ക്ക് സ്വാഗതം.”
‘അരുത് ആരും ശബ്ദിക്കരുത്’ ടോര്‍ച്ചില്‍ അറിയാതെപോലും വിരലമര്‍ത്തരുത്.’ രാബി ഭായ് മന്ത്രിച്ചു. പരാണബന്ത ഗ്രാമത്തിലെ പാവപ്പെട്ട മുക്കുവര്‍ക്ക് അതനുസരിക്കാനേ അറിയാവൂ. അവര്‍ ശ്വാസമടക്കിനിന്നു. മുന്നില്‍ കാണുന്നത് കൂര്‍മ്മമാണ്. ആയിരക്കണക്കിന് കൂര്‍മ്മങ്ങള്‍. സാക്ഷാല്‍ മഹാവിഷ്ണുവിന്റെ അവതാരം. ഗഹിര്‍മാതയിലെത്തിയത് ഒലിവ് റിഡ്‌ലി വര്‍ഗത്തില്‍പ്പെട്ട കടലാമകളാണ്. അവയെ സംരക്ഷിക്കുന്നതിന് നേതൃത്വം നല്‍കുന്നത് രാബി ഭായ് എന്ന രവീന്ദ്രനാഥ് സാഹു. മാധ്യമങ്ങളുടെ ഭാഷയില്‍ ‘ടര്‍ട്ടില്‍ മാന്‍’ അഥവാ ആമ മനുഷ്യന്‍. രാബിഭായിക്ക് പ്രായം കേവലം 25 വയസ്സ്. ആമകള്‍ക്കായി വിവാഹംപോലും വേണ്ടെന്ന് തീരുമാനിച്ചുറച്ച ഗ്രാമീണന്‍. ആമമുട്ട വിരിയുന്ന നാള്‍ കണക്കാക്കി ഗ്രാമത്തിലെ ഇളമുറക്കാര്‍ക്ക് ജന്മദിന മധുരം വിതരണം ചെയ്യുന്ന ജന്തു സ്‌നേഹി.
കടലാമകളുടെ ലോകത്തെ ഏറ്റവും വലിയ മുട്ടയിടല്‍ കേന്ദ്രമാണ് ഒറീസയിലെ ഗഹിര്‍മാത കടല്‍ത്തീരം. അവിടെ ഋഷികുല്യദേവി നദികളുടെ മുഖത്തെ കടലാണ് ലക്ഷക്കണക്കിന് കടലാമകള്‍ ഇണചേരാന്‍ തെരഞ്ഞെടുക്കുക. പിന്നെ കാലമെത്തുമ്പോള്‍ പഞ്ചസാരമണലില്‍ ഡസന്‍ കണക്കിന് മുട്ടയിട്ട് അവ മടങ്ങുന്നു. ഏകദേശ കണക്ക് പ്രകാരം അപ്രകാരമെത്തുന്നത് ഏഴ് ലക്ഷത്തോളം ആമകള്‍. ഭൂമിയില്‍ ജീവിതമാരംഭിച്ച ഉരഗജീവികളില്‍ ഏറ്റവും സീനിയര്‍ എന്ന പദവിയും അവയ്‌ക്കാണ്. ആയുസ്സ് ശരാശരി നൂറ് വര്‍ഷം. ഇപ്പോള്‍ വംശനാശത്തെ അഭിമുഖീകരിക്കുന്നു…
കടലിലെ പോഷകങ്ങളുടെ പുനഃചംക്രമണം ഉറപ്പാക്കുന്നതില്‍ അപാരമായ പങ്കാണ് കടലാമകളുടേത്. കടലോര ജൈവവ്യവസ്ഥയെ അവ സംപുഷ്ടമാക്കുന്നു. ആമത്തോടുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന എപ്പി ബയോണ്ടുകളും അവയെ കൊത്തിത്തിന്നുന്ന കടല്‍പക്ഷികളും ചേര്‍ന്നൊരു ജൈവവ്യവസ്ഥയുമുണ്ട്. കടല്‍പുല്ലുകളും കടല്‍ മീനുകളും തിന്നൊടുക്കുന്ന ജെല്ലിഫിഷുകളാണ് ഒലിവ് റിഡ്‌ലിയുടെ മുഖ്യ ആഹാരം. മീനുകളെ വാരിവലിച്ച് അകത്താക്കുന്ന ജെല്ലിഫിഷുകളെ നിയന്ത്രിക്കുന്നതിലൂടെ ആമകള്‍ മത്സ്യത്തൊഴിലാളികളുടെ ചങ്ങാതിയുമാവുന്നു. കടലിലെ സ്‌പോഞ്ചുകളെയും അവ തിന്നൊടുക്കും. അങ്ങനെ അവ പവിഴപ്പുറ്റുകളുടെ ചങ്ങാതിയുമാവുന്നു…
പക്ഷേ വ്യത്യസ്തനായൊരീ കടലാമയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല എന്നതത്രെ സത്യം. മത്സ്യത്തൊഴിലാളികളും ഗ്രാമീണരും മാംസത്തിനായി അവയെ വേട്ടയാടി. കടലോര മണലില്‍ ഒളിഞ്ഞുകിടന്ന മുട്ടകള്‍ തട്ടിയെടുത്ത് ചുട്ടുതിന്നു. പരസ്പരം മുട്ടയെറിഞ്ഞ് കളിച്ചു. കടല്‍ക്ഷോഭം ചെറുക്കാന്‍ കടലോരത്ത് നട്ടുപിടിപ്പിച്ച കാഷുറൈന മരങ്ങളും ആസൂത്രണമില്ലാതെ പെറ്റുപെരുകിയ കടലോര സുഖവാസ കേന്ദ്രങ്ങളും കടലാമകളെ കാലയവനികയിലേക്ക് തുരത്തി. കടലിലൊഴുകിയ ബഹുവര്‍ണ പ്ലാസ്റ്റിക് സഞ്ചികള്‍ അവയെ ശ്വാസംമുട്ടിച്ചു കൊന്നു. കടലാമകള്‍ മീനുകളെ തിന്നൊടുക്കുമെന്ന ഗ്രാമീണരുടെ മൂഢവിശ്വാസവും ആമകളെ നശിപ്പിച്ചു.
ഈയൊരവസ്ഥയിലാണ് സാമൂഹ്യസേവകരും സന്നദ്ധസംഘടനകളും ആമകളെ സംരക്ഷിക്കാന്‍ മുന്നോട്ടുവരുന്നത്. സംസ്ഥാന പരിസ്ഥിതിയിലെ അമൂല്യ ഘടകമാണെന്നും മത്സ്യത്തൊഴിലാളികളുടെ ചങ്ങാതിയാണെന്നും അവര്‍ ഗ്രാമീണരെ പഠിപ്പിച്ചു. ആമകളുടെ വര്‍ദ്ധന മത്സ്യവര്‍ധനയ്‌ക്ക് വഴിയൊരുക്കുമെന്ന് പറഞ്ഞുകൊടുത്തു. നിരക്ഷരര്‍ക്കു മുന്നില്‍ മഹാവിഷ്ണുവിന്റെ അവതാരമായി ആമയെ അവതരിപ്പിച്ചു. അവയുടെ പ്രജനനകാലത്ത് മത്സ്യബന്ധനവും ട്രോളറുകളുടെ കടന്നുകയറ്റവും നിരോധിച്ചു. ആ കാലത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ അരിവിതരണവും ഉറപ്പാക്കി.
രാബിഭായിക്കു പുറമെ നിരവധി പ്രവര്‍ത്തകരാണ് ഇന്ന് കടലാമയുടെ സംരക്ഷണത്തിനായി അണിചേര്‍ന്നിട്ടുള്ളത്. രാത്രിയുടെ അവസാന യാമങ്ങളിലും അവര്‍ കടല്‍ത്തീരത്ത് ചുറ്റിത്തിരിയുന്നത് കാണാം. കരിമണലില്‍ ഒളിപാര്‍ക്കുന്ന ഞണ്ടുകള്‍ ഇറുക്കുന്നതും മരം കോച്ചുന്ന മഞ്ഞ് പെയ്യുന്നതും അവര്‍ വകവയ്‌ക്കാറില്ല. ആമകളെ സംരക്ഷിക്കുക മാത്രമാണവരുടെ ലക്ഷ്യം. അവയുടെ മുട്ട പക്ഷികളില്‍നിന്നും പട്ടികളില്‍നിന്നും സുരക്ഷിതമാക്കും. താല്‍ക്കാലിക കേന്ദ്രങ്ങളിലെത്തിച്ച് വിരിയിക്കും. മുട്ട വിരിഞ്ഞെത്തുന്ന ആമക്കുഞ്ഞുങ്ങളെ കടലില്‍ എത്തിക്കുകയും ചെയ്യും.
തമിഴ്‌നാട്-ആന്ധ്ര കടലോരങ്ങളില്‍ ആമകളെ സംരക്ഷിക്കുന്ന ഡോ. ശുപ്പു രാജധരണിയും പെരിയ നീലന്‍ഗരെ ഗ്രാമത്തിലെ പുകഴരശന്‍ എന്ന മുക്കുവയുവാവും ഒക്കെ ഒലിവ് റിഡ്‌ലികള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ജീവിതങ്ങളാണ്. കണ്ണിവലകളില്‍ കുരുങ്ങി മുറിവേല്‍ക്കുന്ന ആമകളെ കരയിലെത്തിച്ച് ചികിത്സിക്കുന്നതും രാജധരണിയുടെ ദൗത്യമാണ്. സമുദ്രത്തിന്റെ ആരോഗ്യസൂചികയാണ് മുട്ടയിടാനെത്തുന്ന ആമകളുടെ എണ്ണത്തിലെ വര്‍ധന കാണിക്കുന്നതെന്ന് അവര്‍ പറയുന്നു. തങ്ങള്‍ക്ക് ജന്മം നല്‍കിയ കടല്‍ക്കരയില്‍ത്തന്നെ ആമകള്‍ മുട്ടയിടാനെത്തുമത്രെ.
ചെന്നൈയിലെ ‘ആമ മനുഷ്യന്‍’ എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന പുകഴരശന്‍ തൂത്തുക്കുടി കേന്ദ്രീകരിച്ച് പതിനായിരക്കണക്കിന് കടലാമകളെയാണ് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.
ഗംഗാനദിയിലെ ശുദ്ധജല ആമകള്‍ക്കുമുണ്ട് വംശനാശ ഭീഷണി. ഹസ്തിനപുരം വന്യമൃഗ കേന്ദ്രത്തിനടുത്തുള്ള 45 ഗ്രാമങ്ങളിലൂടെ ഗംഗയൊഴുകുന്നു. അവിടം ആമയുടെ വിഹാര കേന്ദ്രങ്ങളത്രെ. അവിടെയുമുണ്ട് ആമകള്‍ക്കൊരു രക്ഷകന്‍. മക്ദുംപൂര്‍ ഗ്രാമത്തിലെ ഭീമ. വനംവകുപ്പിന്റെ പിന്തുണയോടെ ഭീമ നടത്തുന്ന സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ രക്ഷപ്പെട്ടത് ആയിരക്കണക്കിന് ആമകള്‍. മിണ്ടാപ്രാണികളുടെ സംരക്ഷണം ഗംഗാനദിയ്‌ക്കുള്ള അര്‍ച്ചനയാണെന്ന് ഭീമ ഗ്രാമീണരെ പഠിപ്പിക്കുന്നു. അങ്ങനെ പണ്ട് ആമമുട്ട കട്ടെടുത്ത് ചുട്ടുതിന്നവര്‍ ഇന്ന് ആമമുട്ട തേടിയെടുത്ത് വിരിയിച്ച് ഗംഗാനദിയ്‌ക്ക് സമര്‍പ്പിക്കുന്നു.
ആമയുടെ ജീവനുവേണ്ടി ഉഴിഞ്ഞുവച്ച ഈ പാവം മനുഷ്യരുടെ കഥകള്‍ നമ്മുടെ അകക്കണ്ണ് തുറപ്പിക്കണം. മനുഷ്യന് സുഖിക്കാനും ചൂഷണം ചെയ്യാനും മാത്രമുള്ളതല്ല പ്രകൃതിയും അതിലെ ജീവജാലങ്ങളും. ഭൂമി അവരുടെയും കൂടിയാണ്. പ്രകൃതിയിലെ സമസ്തവിഭവങ്ങളുടെയും തുല്യ അവകാശവും അവര്‍ക്കുണ്ട് എന്ന് നാം അറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: