അധ്യായം 2
ചായക്കോപ്പ കൈതെന്നി വീണതായിരുന്നില്ല അദിതിക്കും വിജയ് ടണ്ഠനുമിടയിലെ പ്രശ്നം. അദിതിയുടെ ചില വാട്സാപ്പ് ചിത്രങ്ങള്‍ ടണ്ഠന് അറിയാതെ ഡിലീറ്റ് ചെയ്ത് കളഞ്ഞതായിരുന്നു. ‘സ്റ്റോറേജ് ഫുള്‍’ എന്ന മുന്നറിയിപ്പ് പറ്റിച്ച പണി! അങ്ങനെ ഡിലീറ്റ് ചെയ്ത കൂട്ടത്തില്‍ അദിതി പലര്‍ക്കും ഫോര്‍വേഡ് ചെയ്യാന്‍ മാറ്റിവച്ച സുപ്രഭാത സന്ദേശമുണ്ടായിരുന്നു. അതിനെയാണ് പുറന്തള്ളല്‍ ബട്ടണമര്‍ത്തി ടണ്ഠന് പടിക്ക് പുറത്താക്കിയത്.
അദിതിക്ക് പെട്ടെന്ന് നിയന്ത്രണം തെറ്റി. മുഖം ചുവന്നു. രാമശേഷനേക്കാള് ഒരു പടി കടന്ന് ടണ്ഠനെ മര്‍ദ്ദിക്കുകയും ഹാളിലൂടെ വലിച്ചിഴച്ച് വര്‍ക് ഏരിയയില്‍ കൊണ്ടുപോയി തള്ളുകയും ചെയ്തു.
”ഇതിന് കാരണം നേരത്തെ പറഞ്ഞ ആഗ്നേയഗ്രന്ഥങ്ങള് തന്നെയാണോ സാര്‍?”
സൂര്യന് ആകാശത്തിന്റെ നടുക്കെത്തിയ നേരമായിരുന്നു.
”അഗ്നിയുടെ സ്വാധീനം തള്ളിക്കളയാന്‍ പറ്റില്ല,” കഴുത്തിലെ വിയര്‍പ്പു തുടയ്ക്കുമ്പോള്‍ രാമശേഷന് ഓര്‍ത്തെടുത്തു. ”വേറെയും ചില കാരണങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടതായി വരും….”
അതെന്താണാവോ എന്ന് കുട്ടികള്‍ പുരികമുയര്‍ത്തി.
”സ്ത്രീകള്‍ക്ക് പുരുഷരാശി ലഗ്നമായി കിട്ടുക… ജാതകത്തില്‍ പുരുഷഗ്രഹങ്ങള്ക്ക് ബലമുണ്ടാവുക…
അങ്ങനെ വരുമ്പോള്‍ അവര്‍ പുരുഷലക്ഷണം കാണിക്കും…”
പുരുഷരാശികളേത്, ഗ്രഹങ്ങളേത് എന്നൊരു സ്വാഭാവിക സംശയം പുതിയ കുട്ടികള്‍ ഉന്നയിച്ചു.
”മേടവും അതിന്റെ ഒന്നിടവിട്ട രാശികളും പുരുഷരാശികള്‍…സൂര്യനും ചൊവ്വയും വ്യാഴവും പുരുഷഗ്രഹങ്ങള്‍…..”
രാമശേഷന് തേന്വരിക്കയിലൂടെ വല്ലഭിയെ ചേര്‍ത്തുപിടിക്കണം എന്നു തോന്നിയതെന്തു കൊണ്ടാവാം?
കോലാഹലങ്ങളെല്ലാം കെട്ടടങ്ങി ഓഫീസിലേക്ക് പോകാന്‍ നേരത്തും അദിതി ടണ്ഠനെ അഴിച്ചു വിടാത്തതെന്തുകൊണ്ട്?
ലഗ്നവും ഗ്രഹങ്ങളും മാത്രമാണോ ഇതെല്ലാം നിശ്ചയിക്കുന്നത്?
ക്ലാസ്സിലെ തറുതലയാണ് കൃഷ്ണമൂര്‍ത്തി എന്ന ഉഗ്രമൂര്‍ത്തി. നിഷേധി, ആരെയും കൂസാത്തവന്‍, എന്തിനും ഒരു മറുവാദമുള്ളവന്… നിഷേധികള്‍ എന്തിന് ജ്യോതിഷവഴിയിലേക്ക് വരണം എന്ന് തര്‍ക്കത്തിനു വേണ്ടി ചോദിക്കാം. നിഷേധികളാണ് പലപ്പോഴും കാമ്പുള്ള ചോദ്യങ്ങള്‍ തൊടുക്കുക. അതറിയാമായിരുന്നതുകൊണ്ട് രാമശേഷന് കൃഷ്ണമൂര്‍ത്തിയെ ഒന്നു തറഞ്ഞു നോക്കി. നിഷേധവും വിശ്വാസവും ഒരു നാണയത്തിന്റെ ഇരുപുറങ്ങള്‍ പോലെയാണെന്ന് അവന് ആ നോട്ടത്തെ ഇരുത്തി.
”പുരുഷരാശികള്‍ എന്ന് പൊതുവെ അറിയപ്പെടുന്നുവെങ്കിലും ഏതു ഗ്രഹമാണോ അതിനധിപന്, ആ ഗ്രഹത്തിന്റെ നൈസര്ഗ്ഗികസ്വഭാവമനുസരിച്ച് രാശികളുടെ സ്വഭാവവും മാറും….”
രാമശേഷന് രണ്ടു ചാല് നടന്നു.
”ചൊവ്വയുടെ സ്വഭാവമല്ല ബുധന്‍…ബുധന്റെ സ്വഭാവമല്ല ശുക്രന്, വ്യാഴത്തിന്, ശനിക്ക്…”
ലഗ്നവും അഞ്ചാം ഭാവവുമാണ് ഒരാളുടെ സ്വഭാവം നിശ്ചയിക്കുന്നതെങ്കിലും ജാതകത്തിലെ ഏറ്റവും ബലമുള്ള ഗ്രഹവും അയാളുടെ സ്വഭാവത്തെ സ്വാധീനിക്കും.
രാമശേഷനെക്കൊണ്ട് ചക്കപ്പഴം വാങ്ങിപ്പിക്കുന്നതും ടണ്ഠനെ വീട്ടിലിട്ട് പൂട്ടി അദിതിക്ക് ഓഫീസിലേക്ക് പോകാന്‍ കഴിയുന്നതും അതുകൊണ്ടാണ്.
തിരുച്ചന്തൂരിലെ ഗുരുനാഥന്, അടിമൈ സെന്തില്‍ ദിനകരന് പൊതുവെ പറയാറുള്ള ഒരു തത്ത്വം രാമശേഷന് ഓര്‍ത്തെടുത്തു.
”ലഗ്നത്തില്‍ ശുഭഗ്രഹം നിന്നാല്‍ ശാന്തഗുണം
പാപഗ്രഹം നിന്നാല്‍ കോപഗുണം…”
തഞ്ചാവൂരിലെ ഉഷ്ണം വിങ്ങുന്ന ക്ലാസ്സ് മുറിയില്‍ രാമശേഷനിലെ നിഷേധി അന്നൊരു ചോദ്യം കൊരുത്തു.
”ശുഭനും പാപനും ഒരുമിച്ചു നിന്നാലോ സര്?”
ആദ്യത്തെ ബാച്ച്, ആദ്യത്തെ ക്ലാസ്സ്… ഗുരുനാഥന് രാമശേഷനെ ഒന്നുനോക്കി. പ്രസാദപൂര്‍ണ്ണമായ നോട്ടം. അതുകൊണ്ട് ക്ലാസ്സിലെ മറ്റു കുട്ടികളും അയാളിലേക്ക് ഒരു നോട്ടമയച്ചു.
”ലഗ്നത്തിന്റെ സ്ഫുടം നടക്കാന്‍ തുടങ്ങുന്നു എന്നു സങ്കല്പിക്കുക,” അദ്ദേഹം പറഞ്ഞു തുടങ്ങി. ”അത് ആദ്യം ചെന്നുമുട്ടുന്നത് ശുഭഗ്രഹത്തിന്റെ സ്ഫുടത്തിലാണെങ്കില്‍ ശാന്തഗുണം… പാപന്റെ സ്ഫുടത്തിലാണെങ്കില്‍ കോപഗുണം… ആര് യു ക്ലിയര്‍ നൗ?”
എല്ലാ സംശയങ്ങള്‍ക്കും ഗുരുനാഥന്റെ കയ്യില്‍ കൃത്യമായ മറുപടിയുണ്ടായിരുന്നു. അതിനാല്‍ ഗുരുനാഥന് എന്ന വാക്കിന്റെ സമ്പൂര്‍ണ്ണ അര്ത്ഥത്തിന് അദ്ദേഹം അര്‍ഹനായി.
തിരുച്ചന്തൂരില്‍ ജനിച്ചു വളര്‍ന്നവരെല്ലാം മുരുകന്റെ അടിമകളും ഭക്തരും പിന്തുടര്ച്ചക്കാരുമാണ്. അതിനാല്‍ വിശ്വാസികളുടെയെല്ലാം പേര് ‘അടിമൈ’ എന്ന വാക്കിലാരംഭിച്ചു.
തേനിറ്റുന്ന ഒരു ചക്കച്ചുളയില്‍ തീര്‍ന്നു വല്ലഭിയുടെ പരിഭവം.
ടണ്ഠന് കാലുപിടിച്ച് തേങ്ങിയിട്ടും തീര്‍ന്നില്ല അദിതിയുടെ ആങ്കാരം.
അധ്യായം 3
”അഞ്ചാം ഭാവം കൊണ്ടാണ് പ്രണയം ചിന്തിക്കേണ്ടതെന്ന് സാറൊരിക്കല്‍ പറഞ്ഞുവല്ലോ…”
ക്ലാസ്സ് അപ്പോള്‍ പ്രണയാവസ്ഥയിലായിരുന്നു. ഭൂമിയില്‍ ആദ്യമഴ പൊടിയുന്നതിന്റെ ലക്ഷണങ്ങള്‍… മണ്‍വാസന… പ്രണയിനികളുടെ മനസ്സില്‍ കല്‍പ്പനകള്‍ നിറയ്ക്കുന്ന ഉന്മാദാവസ്ഥ.
”അതെ… അഞ്ചാം ഭാവമാണ് പ്രണയം….”
മഴ അടുത്തെത്തി. ജനലിലൂടെ വീശിയ കാറ്റില്‍ രാമശേഷന് ഉണര്‍ന്നു.
”അപ്പോള്‍ അഞ്ചാം ഭാവത്തിന് ബലമുള്ളവരെല്ലാം പ്രണയികളായിരിക്കുമോ സാര്‍?” സതീശന് എഴുന്നേറ്റു. ”അവരുടേതെല്ലാം പ്രണയവിവാഹമായിരിക്കുമോ?”
കാറ്റ് മഴയെ കൊണ്ടുപോകുമോ എന്ന് രാമശേഷന് ഭയന്നു. പൊരിയുന്ന വേനലില്‍ ഒരു ഇടമഴ അപ്പോള്‍ മണ്ണിന്റെ ആവശ്യമായിരുന്നു.
”പ്രണയവും വിവാഹവും രണ്ടും രണ്ടാണ്,” രാമശേഷന്റെ തലയില്‍ മഴത്തണുപ്പ് അടങ്ങി. സൂര്യന് എഴുന്നു. ”വിഡ്ഢിത്തം ചോദിക്കുമ്പോള്‍, പറയുമ്പോള്‍ എല്ലാം രണ്ടുതവണ ആലോചിക്കണം…”
സതീശന്റെ മുഖം താണു.
”പാര്ത്ഥന് പറയൂ,” ക്ലാസ്സിലെ മിടുക്കനും ബുദ്ധിശാലിയുമായ കുട്ടിയിലേക്ക് അദ്ധ്യാപകന്റെ ശ്രദ്ധ തിരിഞ്ഞു. ”പലകുറി നമ്മള് ക്ലാസ്സില്‍ ചര്‍ച്ച ചെയ്ത വിഷയമാണ്…”
മുഴുപ്പേര് രഘുപാര്ത്ഥന്. രഘു എന്നും പാര്ത്ഥന് എന്നും ആളുകള്‍ മാറി മാറി വിളിക്കും. രഘുപാര്ത്ഥന് എല്ലാം കാണാപ്പാഠമാണ്. ചോദ്യം കേള്‍ക്കേണ്ട താമസം തൊണ്ടയില്‍ ഉത്തരങ്ങള്‍ അണപൊട്ടും. ഗുരുവിന്റെ ആശീര്‍വാദം അനുഗ്രഹിച്ച ശിഷ്യന്.
അഞ്ച് പ്രണയം.
ഏഴ് വിവാഹം.
അഞ്ചും ഏഴും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരുന്നാല്‍ പ്രണയവിവാഹം.
പാര്ത്ഥന് കൃത്യമായി പറഞ്ഞുവെങ്കിലും അതൊരു സാമാന്യ ബദില്‍ മാത്രമാണെന്ന് രാമശേഷന് വിലയിരുത്തി.
കറവക്കാരന് ചൗഹാനോടൊപ്പം ആശ നിഖാഞ്ച് ഇറങ്ങിത്തിരിച്ചത്, മീററ്റിലെ രജിസ്റ്റര്‍ ഓഫീസില്‍ വിവാഹിതയായത്, നാലു മക്കളെ പെറ്റത്, ചൗഹാന് കാലാന്തരത്തില്‍ കുടികാരനായത്, കുടിച്ചുവന്ന് ആശയെ വലിച്ചിഴച്ച് ചവുട്ടിയത്, പിറ്റേന്ന് കാലുപിടിച്ച് കരഞ്ഞത്, ജീവിക്കാന്‍ ഗതിയില്ലാതായപ്പോള്‍ ആശയുടെ പണ്ടമത്രയും വിറ്റ് റിക്ഷ വാങ്ങിയത്, എന്നിട്ടും ഗതി പിടിക്കാത്തപ്പോള്‍ റിക്ഷ വിറ്റത്… അങ്ങനെ നീണ്ടുപോകുന്ന വലിയ അനുഭവ പരമ്പരകള്‍…
കുടുംബത്തില്‍ സ്കൂള്‍ എന്ന കടമ്പ ചാടാന്‍ കുട്ടികള്‍ പാടുപെട്ടപ്പോള്‍ ചണ്ഡിഗഡിലെ ഏറ്റവും വലിയ കൃഷിക്കാരന്റെ മകളായ ആശ കോളജില്‍ പോയി എന്നുമാത്രമല്ല, പഠിച്ച് ഒന്നാമതെത്തി. വീട്ടില്‍ പശുക്കളെ കറക്കാന്‍ വന്ന ചൗഹാനുമായുള്ള അവളുടെ അടുപ്പത്തെ വെറും പ്രണയാവസ്ഥയായി മാത്രം കാണാമോ?
കുതിരവണ്ടി ഓടിച്ചിരുന്ന ചൗഹാന് അതികാലത്ത് പാല് കറക്കാന്‍ വരും. എട്ടു പശുക്കളെ കറന്നു തീരുമ്പോഴേക്കും സൂര്യന് നന്നേ മൂത്തു തുടങ്ങും. അന്നേരം ആശയ്ക്ക് കോളജിലേക്കിറങ്ങാന് നേരമായിട്ടുണ്ടാവും. ഒന്നല്ല, മൂന്നു കാറുകളും അതോടിക്കാന്‍ ഡ്രൈവര്‍മാരുമുണ്ടെങ്കിലും കുതിരവണ്ടി യാത്ര അവളിഷ്ടപ്പെട്ടു. ചൗഹാന് പോകുന്നവഴിക്കു തന്നെയായിരുന്നു കോളജ്. അതിനാല്‍ അവന്റെ വണ്ടിയില്‍ ആശ കോളജിലേക്ക് പോകാന്‍ തുടങ്ങി. വൈകുന്നേരം പാല് കറക്കാന്‍ വരുന്ന വഴി അവളെ കോളജില്‍ നിന്നു കൂട്ടി.
വെറും ഒരു കറവക്കാരന്, കോളജില്‍ ഇറക്കിവിടുന്ന സഹായി എന്നിങ്ങനെ മാത്രമായിരുന്നു ബന്ധം എങ്കില്‍ അത് ആ കുതിരവണ്ടി യാത്രയില്‍ അവസാനിച്ചേനേ. എന്നാല്‍ കുതിര മീററ്റിലെ രജിസ്റ്റര്‍ ഓഫീസ് വരെയെത്തിയത് എന്തുകൊണ്ടാവാം?
”ഇവിടെ പ്രണയവിവാഹത്തിന് ഒരു പുതിയ പ്രമാണം പറയുന്നു…”
മഴ തീര്‍ത്തും അകന്നു. രാമശേഷനില്‍ രവി അത്യധികം പ്രഭാവത്തിലായി. കുട്ടികള്‍ കാതു വട്ടംപിടിച്ച് ശ്രദ്ധാലുക്കളായി.
”ഒമ്പതാം ഭാവത്തില്‍ ശക്തനായ പാപഗ്രഹം നില്‍ക്കുകയും ഒമ്പതാം ഭാവാധിപന് ഇരുണ്ട ഭാവങ്ങളില്‍ മറയുകയും ചെയ്താല്‍ ഇത്തരം വിവാഹങ്ങള്‍ സംഭവിക്കാം….”
”ഒമ്പത് ഭാഗ്യഭാവമല്ലേ സാര്‍,” തങ്കമണി.
”ഭാഗ്യം മാത്രമാണോ?” രാമശേഷന് ബെഞ്ചുകളുടെ നിരകള്‍ക്കിടയിലൂടെ നടന്നു. ”പാരമ്പര്യവും കൂടിയാണ്… ഒമ്പതില്‍ പാപന്മാര് കയറി നിന്നാല്‍ അവര്‍ പാരമ്പര്യനിഷേധികളായി മാറും…”
ഒന്നുനിന്നു.
”ആശ തന്റെ പാരമ്പര്യത്തെ പിന്തുടര്ന്നില്ല… ഉവ്വോ?”
കുട്ടികള്‍ അക്ഷരാര്‍ത്ഥത്തില്‍ തലയാട്ടി.
”പാരമ്പര്യം മാത്രമല്ല സുകൃതം കൂടിയാണ് ഒന്‍പതാം ഭാവം. ഒമ്പത് കേടു വന്നാല്‍ സുകൃതക്ഷയം…”
കുട്ടികള്‍ ഓരോരുത്തരും അവരവരുടെ ഒന്‍പതാം ഭാവത്തിലേക്ക് മനസ്സോടിച്ചിട്ടുണ്ടാവണം. ആ നേരം രാമശേഷന് തന്റെ ഒമ്പതിനെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു.
ഒമ്പതിലെ രവിയും രാഹുവും തനിക്ക് കരുതിവച്ച നിര്ഭാഗ്യങ്ങളും സുകൃതക്ഷയങ്ങളുമെന്തായിരുന്നു?
പ്രതികരിക്കാൻ ഇവിടെ എഴുതുക: