കൊച്ചി: ജനങ്ങളുടെ ആവേശത്തേരിലേറിയാണ് കോട്ടയം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.സി. തോമസിന്റെ തെരഞ്ഞെടുപ്പ് യാത്ര. തോമസ് എത്തുന്നിടത്തെല്ലാം വന്‍ ജനാവലി. കനത്ത വേനല്‍ച്ചൂടിനെ തോല്‍പ്പിക്കുന്ന ആവേശച്ചൂടിലാണ് പ്രചാരണം. ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്കിയ തോമസ്, പ്രചാരണത്തിലൂടെ കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ ഏറെ മുന്നിലാണ്. കര്‍ഷകരുടെ പ്രശ്ന പരിഹാരത്തിനായി പാര്‍ലമെന്റിലും പുറത്തും നിരന്തരം ഇടപെട്ട ജനകീയ നേതാവിനെ മറക്കില്ലെന്ന് ജനം തുറന്ന് പറയുന്നു. സ്നേഹം നല്കി പിസി ജനങ്ങളിലേക്ക് ചെല്ലുമ്പോള്‍ പിന്തുണ നല്കി വോട്ടര്‍മാര്‍ സ്വീകരിക്കുന്നു.
നഗരത്തിന്റെയും ഗ്രാമത്തിന്റെയും സ്നേഹം ഒരുപോലെ ഏറ്റുവാങ്ങിയാണ് പ്രചാരണം. ഇന്നലെ കോട്ടയം മണ്ഡലത്തിന്റെ എറണാകുളം ജില്ലയില്‍ പെട്ട ഭാഗങ്ങളിലായിരുന്നു. പൊതു പര്യടനത്തിനെത്തിയ പി.സി. തോമസിനെ വരവേല്‍ക്കാനെത്തിയത് അമ്മമാരും കുഞ്ഞുങ്ങളുമുള്‍പ്പെടെ ആയിരങ്ങളായിരുന്നു.
തൊഴിലിടങ്ങളിലും കാര്‍ഷിക മേഖലയിലും സ്ഥാനാര്‍ഥിക്ക് ലഭിക്കുന്നത് സ്നേഹ നിര്‍ഭര വരവേല്‍പ്പ്. ഗ്രാമങ്ങള്‍ ഇളക്കിമറിക്കുകയാണ്. വെയിലവഗണിച്ചും വന്‍ ജനക്കൂട്ടം. പുതുതലമുറക്കാരുടെ ആവേശം. കൊച്ചുകുട്ടികള്‍വരെ കാവിഷാളും കൊന്നപ്പൂവും ഫലങ്ങളുമായി കാത്തുനില്ക്കുന്നു. ഒന്നേ അവര്‍ക്ക് പറയാനുള്ളു; ഞങ്ങളുടെ പ്രിയപ്പെട്ട തോമാച്ചന് ചരിത്രവിജയം സമ്മാനിക്കും. നാണ്യം വിളയുന്ന നാട്ടില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തോമസിന്റെ വിജയം ഉറപ്പിക്കുന്നതായിരുന്നു ഓരോ സ്വീകരണകേന്ദ്രത്തിലെയും ജനസഞ്ചയം.
രാവിലെ തിരുവാങ്കുളം പഞ്ചായത്തിലെ പാറക്കടവില്‍ പ്രാരണം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നഗരസഭ കൗണ്‍സിലര്‍ വള്ളി രവി ആദ്യം സ്ഥാനാര്‍ത്ഥിയെ ഹാരമണിയിച്ചു.സ്വീകരണശേഷം സ്ഥാനാര്‍ത്ഥിയുടെ പ്രസംഗം; ഹ്രസ്വമെങ്കിലും മൂര്‍ച്ചയുളള വാക്കുകള്‍, നാടിന്റെ വികസനത്തിന് മോദി ഭരണം വീണ്ടും വരണം. രാജ്യത്തിന്റെ നിലനില്‍പ്പിനുള്ള ഈ പോരാട്ടത്തില്‍ മുഴുവന്‍പേരും എന്‍ഡിഎക്ക് ഒപ്പം നില്‍ക്കണം. എന്നും ജനങ്ങള്‍ക്ക് ഒപ്പമുണ്ടാകുമെന്ന് ഉറപ്പും. തുടര്‍ന്ന് ഇരുമ്പനത്തേക്ക്. മഗളിയം, ചിത്രപ്പുഴ, കൊല്ലംപടി, ചിത്രാഞ്ജലി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ തിരുവാങ്കുളം കവലയില്‍ എത്തിയ സ്ഥാനാര്‍ത്ഥിക്ക് വന്‍ വരവേല്‍പ്പ്. ആവേശത്തോടെ മുതിര്‍ന്നവരടക്കം സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചോറ്റാനിക്കര പഞ്ചായത്തിലേയ്ക്ക് വരവേറ്റു. കുനേത്തുകവല, കുരീക്കല്‍, കണിച്ചിറ എന്നിവിടങ്ങളിലും മനംനിറഞ്ഞ സ്വീകരണം. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം നേരത്തേതന്നെ ആളുകളെത്തി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയ സംഘം പിന്തുണയുണ്ടായിരുന്നു.
എല്ലായിടത്തും സ്ഥാനാര്‍ഥി എത്തുംമുമ്പ് പ്രചാരണ വാഹനങ്ങളില്‍ എത്തിയ എന്‍ഡിഎ നേതാക്കള്‍, രാഷ്ട്രീയവും മോദി സര്‍ക്കാറിന്റെ അഞ്ചു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളും, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ വിജയിക്കേണ്ട ആവശ്യകതയും വിവരിച്ചു. സ്വീകരണ പരിപാടികള്‍ നീണ്ടതോടെ സമയത്ത് സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിച്ചേരാനായില്ല. പതിനൊന്ന് മണിക്ക് എത്തേണ്ട ചോറ്റാനിക്കരയിലെത്തിയപ്പോള് സമയം ഒരുമണി. തീപാറുന്ന വെയിലിലും കാത്തിരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയോടെയാണ് സ്ഥാനാര്‍ത്ഥിയെ ദേവീ സന്നിധിയിലേക്ക് വരവേറ്റത്് തുറന്ന വാഹനത്തില്‍ നിന്നും ഇറങ്ങിയ തോമസ് ചോറ്റാനിക്കര അമ്മയെ തൊഴുതശേഷമാണ് സ്വീകരണ സ്ഥലത്തേക്ക് എത്തിയത്.
ഓരോ കടകളിലും കയറി വോട്ട് ചോദിച്ച തോമസ് എതിര് സ്ഥാനാര്‍ത്ഥി വാസവന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ കയറി കുശലാന്വഷണവും നടത്തി. ഉച്ചഭക്ഷണത്തിനും ചെറു വിശ്രമത്തിനും ശേഷം വീണ്ടും പ്രചരണ വാഹനത്തിലേക്ക്.
വെയിലാറിയതോടെ സ്വീകരണങ്ങളില്‍ ജനപങ്കാളിത്തം കൂടി. മണീട്, മുളന്തുരുത്തി, എടയക്കാട്ടുവയല്‍ പഞ്ചായത്തുകളില്‍ പര്യടനത്തിന് ശേഷം ആമ്പല്ലൂരില്‍ സമാപിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് എം. ആശിഷ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു, അഹമ്മദ് തോട്ടത്തില്‍, പി.കെ. സത്യന്, പായിപ്ര സോമന് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: