ന്യൂദല്‍ഹി/കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ആസ്തി ബാധ്യതകള്‍ സംബന്ധിച്ച കണക്ക് വീണ്ടും വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. വയനാട് ലോകസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്ന നിലയ്ക്ക് സമര്‍പ്പിച്ച കണക്ക് ഒട്ടനവധി ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്നാണ് കരുതേണ്ടത്. ലോക്സഭാംഗം എന്നതല്ലാതെ മറ്റൊരു ജോലിയും ഇല്ലാതെ രാഹുല്‍ എങ്ങനെ അഞ്ച് വര്‍ഷം കൊണ്ട് ഇത്രയേറെ പണമുണ്ടാക്കി എന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇപ്പോള്‍ സമര്‍പ്പിച്ച കണക്ക് പ്രകാരം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹത്തിന്റെ ആസ്തിയില്‍ അറുപത് ശതമാനത്തിന്റെ വര്‍ധന ഉണ്ടായിട്ടുണ്ട്. എന്നാല്‍ യുപിഎ കാലഘട്ടത്തില്‍ അത് ഏതാണ്ട് 1,600 ശതമാനമായിരുന്നു. ആഗസ്റ്റ വെസ്റ്റ്ലാന്‍ഡ് തട്ടിപ്പില്‍ ‘ആര്‍ജി’ ആരാണ് എന്നതും ‘ഇറ്റാലിയന്‍ മാഡത്തിന്റെ മകനും’ മറ്റും ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെയാണ് ഈ പുതിയ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നത്.
2014-ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ രാഹുല്‍ പറഞ്ഞത് തനിക്ക് 9.35 കോടി ആസ്തിയുണ്ട് എന്നാണ്. ഇപ്പോള്‍ അത് 15.88 കോടിയായിരിക്കുന്നു, ഏതാണ്ട് ആറര കോടിയിലേറെ രൂപയുടെ വര്‍ധന. ഒന്‍പത് കോടിയുള്ളയാള്ക്കാണ് അഞ്ചുവര്‍ഷം കൊണ്ട് ആറര കോടി അധികമായി സമ്പാദിക്കാനായത് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. 2004-ല്‍ രാഹുലിന്റെ സ്വത്ത് 55.38 ലക്ഷമായിരുന്നു. 2009ലെത്തിയപ്പോള്‍ അത് രണ്ട് കോടിയായി. 2014-ല്‍ നേരത്തെ സൂചിപ്പിച്ചത് പോലെ 9.35 കോടിയും. 2004 മുതല്‍ 2014 വരെയുള്ള പത്ത് വര്‍ഷം ആണ് അത് കുത്തനെ കൂടിയത്… 1,600 ശതമാനം. അപ്പോള്‍ തന്നെ ഓര്‍മിക്കേണ്ടത്, 2014-ല്‍ 155 കോടി കണക്കില്‍ കാണിച്ചിരുന്നില്ല എന്നതാണ്; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പറയുന്ന 155 കോടി. അത്രയും തുക കണക്കില്‍ കാണിച്ചില്ല എന്നത് ആദായ നികുതി അധികൃതര്‍ കണ്ടെത്തിയിരുന്നുവല്ലോ.
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, 2017-18ലെ അദ്ദേഹത്തിന്റെ വരുമാനം 111.86 ലക്ഷം ആണ്. തൊട്ടു മുന്‍വര്‍ഷം അത് 107.58 ലക്ഷവും, 2015-16ല്‍ 86.56 ലക്ഷവും വരുമാനമുണ്ട്. 95.33 ലക്ഷമാണ് 2014-15 ലെ പ്രഖ്യാപിത വരുമാനം. അത് അത്രയും കൂട്ടിയാല്‍, അതായത് കഴിഞ്ഞ നാല് വര്‍ഷത്തെ ആകെ വരുമാനം, 401.33 ലക്ഷമേ ആവുന്നുള്ളൂ. 2018-19ലെ വരുമാനം കൂടിയെടുത്താല്‍ അത് ഏതാണ്ട് ഒരു കോടി കൂടി കൂടുമായിരിക്കും. 2017-18ല്‍ 111.86 ലക്ഷമല്ലേ വരുമാനമുള്ളു. അപ്പോഴും ആസ്തിയില്‍ ഒന്നര കോടിയുടെ വ്യത്യാസം പ്രകടം. അത് എങ്ങിനെ വന്നു, ആര് കൊടുത്തു? 72 ലക്ഷത്തിന്റെ ബാധ്യത ഉണ്ടെന്നും അഞ്ചു ലക്ഷം അമ്മയില്‍ നിന്ന് വായ്പ എടുത്തുവെന്നും പറയുന്നുണ്ട്. അത് ആസ്തിവര്ധനക്കായിട്ടാണ് എന്ന് പറഞ്ഞാലും കണക്ക് കൃത്യമാവുന്നില്ല; 75 ലക്ഷത്തിലേറെ വരും വ്യത്യാസം. നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധനാവേളയില്‍ ഇത് വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.
മറ്റൊന്ന് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ആദായ നികുതി അധികൃതര്‍ നൂറ് കോടി അടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനെതിരെ രാഹുലും അമ്മയും സമര്‍പ്പിച്ച ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളിയതാണ്. മാത്രമല്ല സോണിയ പരിവാറിനെതിരെ രൂക്ഷവിമര്‍ശനവും ഡിവിഷന് ബെഞ്ചിന്റെ വിധിന്യായത്തില്‍ ഉണ്ടായിരുന്നു. ആ തുക അടച്ചതായി സൂചനയില്ല; അതുകൊണ്ടുതന്നെ ആ തുക സര്‍ക്കാരിനുള്ള ബാധ്യതയായി രാഹുല്‍ കാണിക്കേണ്ടതാണ്. സര്‍ക്കാരിന് കൊടുക്കാനുള്ള തുക എന്ന നിലയ്ക്ക് അത് ആസ്തി ബാധ്യത സംബന്ധിച്ച കണക്കുകളില്‍ ഉള്‍പ്പെടുത്തിയതായി സൂചനയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: