ന്യൂദല്‍ഹി: പ്രായമേറെ പിന്നിട്ടിട്ടും അധികാരത്തിനായി കടിപിടി കൂടുന്നവര്‍ക്കിടയില്‍ മാതൃക സൃഷ്ടിക്കുകയാണ് ബിജെപി. ബിജെപിയുടെ സമുന്നത നേതാക്കളിലെ 75 വയസ്സ് പിന്നിട്ടവര്‍ സ്വയം മാറിനിന്നപ്പോള്‍ എഴുപത്തഞ്ച് വയസ്സിന് മുകളിലുള്ള ആരും തന്നെ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നില്ല. ഈ പ്രായപരിധി പിന്നിട്ട ആരും തന്നെ മത്സരരംഗത്തില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും അറിയിച്ചു. ഇത് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമാണെന്നും ദേശീയ അധ്യക്ഷന്‍ പറഞ്ഞു.
2014-ല്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തിന് മുന്നില്‍ വെച്ച വിരമിക്കല്‍ പ്രായപരിധിയായിരുന്നു 75 വയസ്. മറ്റു പാര്‍ട്ടികള്‍ ആരും തന്നെ ഇത് പിന്തുടര്‍ന്നില്ലെങ്കിലും ബിജെപി ഇക്കാര്യത്തില്‍ കണിശത പുലര്‍ത്തി. 2016-ല്‍ 75 വയസ്സായതോടെ ന്യൂനപക്ഷ കാര്യമന്ത്രി നജ്മ ഹെപ്തുള്ളയെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് ബിജെപി മാറ്റിനിര്‍ത്തിയിരുന്നു. 2017-ല്‍ കേന്ദ്രതൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയയും സമാനമായ രീതിയില്‍ ഒഴിവായി.
ബിജെപിയുടെ സമുന്നതരായ ദേശീയ നേതാക്കള്‍ എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, കല്‍രാജ് മിശ്ര, ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്, ഉമാഭാരതി എന്നിവര്‍ ഇത്തവണ മത്സര രംഗത്തുണ്ടാവില്ല. അദ്വാനിക്ക് 91 വയസ്സും മുരളീ മനോഹര്‍ ജോഷിക്ക് 85 വയസ്സും കല്‍രാജ് മിശ്രയ്ക്ക് 77 വയസ്സുമായി. കഴിഞ്ഞ മുപ്പതു വര്‍ഷമായി ഇന്‍ഡോറിനെ പ്രതിനിധാനം ചെയ്യുന്ന ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് 75 വയസ്സ് പൂര്‍ത്തിയായതോടെയാണ് ഇത്തവണ മത്സര രംഗത്തുണ്ടാവില്ലെന്ന് അവര്‍ അറിയിച്ചത്.
എണ്‍പത്താറുകാരനായ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും 79കാരനായ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങും 72കാരിയായ സോണിയാഗാന്ധിയുമൊക്കെ ഇപ്പോഴും സജീവ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പ് രംഗത്തും തുടരുമ്പോഴാണ് ബിജെപി അവരുടെ നേതൃത്വത്തിലെ എഴുപത്തഞ്ചു പിന്നിട്ട മഹാരഥന്മാരെ മാറ്റാനുള്ള തീരുമാനമെടുത്തതെന്നതും ശ്രദ്ധേയം. നേതൃത്വം യുവത്വത്തിന് വഴിമാറുന്നതിന് സൂചനയായി ബംഗളൂരു സൗത്തില്‍ 28കാരനായ തേജസ്വി സൂര്യ അടക്കമുള്ള പുതുതലമുറ നേതൃത്വത്തെ ബിജെപി സൃഷ്ടിക്കുകയാണ്. എന്നാല്‍ എന്തിലും വിവാദം കണ്ടെത്തുന്ന ഒരു വിഭാഗം മാധ്യമങ്ങള്‍ ബിജെപിയുടെ ഈ തലമുറ മാറ്റത്തെ സ്വാഗതം ചെയ്യാതെ വ്യാജ വാര്‍ത്തകള്‍ മാത്രമാണ് സൃഷ്ടിക്കുന്നത്. യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന നേതാക്കള്‍ക്കും പ്രാധാന്യം നല്കി പ്രഖ്യാപിച്ച ബിജെപിയുടെ സ്ഥാനാര്‍ഥികള്‍ മുന്നേറുമ്പോള്‍ വിവാദങ്ങളെല്ലാം അപ്രസക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: