കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഫലങ്ങള്‍ യഥാസമയം അപേക്ഷകന് ലഭിക്കാതിരിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം തടസ്സവാദങ്ങള്‍ ഉന്നയിക്കുന്നതായി ആക്ഷേപം. മകന് ജോലിക്ക് അപേക്ഷ നല്‍കുന്നതിന് സഹായകമായ നിലയിലുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി താലൂക്ക് ഓഫീസ് 12 തവണ കയറിയിറങ്ങിയ ഒരച്ഛന് ഒടുവില്‍ ജില്ലാ കളക്ടര്‍ക്ക് മുന്പില് അഭയം തേടിയിരിക്കുകയാണ്.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബമാണെന്ന് രേഖപ്പെടുത്തിയുള്ള സര്‍ട്ടിഫിക്കറ്റിനുവേണ്ടിയാണ് മുന്നാക്ക വിഭാഗത്തില്‍പ്പെട്ട ഇലഞ്ഞി കല്ലാര്മഠത്തില് ഉണ്ണികൃഷ്ണന് നായര്‍ മൂവാറ്റുപുഴ തഹസീല്‍ദാര്‍ ഓഫീസില്‍ കയറിയിറങ്ങുന്നത്. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് വില്ലേജ് ഓഫീസ് മുതലുള്ള എല്ലാ രേഖകളും സംഘടിപ്പിച്ച് നല്‍കിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്കാന് തഹസീല്‍ദാര്‍ കൂട്ടാക്കുന്നില്ലെന്നാണ് ഉണ്ണികൃഷ്ണന് നായരുടെ പരാതി. ഈ വിവരം വിശദീകരിച്ച് എറണാകുളം ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി കാത്തിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍.
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ പത്ത് ശതമാനം സംവരണം അനുവദിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവനുസരിച്ച് അര്‍ഹതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനാണ് ഉണ്ണികൃഷ്ണന് നായര്‍ മൂവാറ്റുപുഴ തഹസീല്‍ദാരുടെ മുന്നിലെത്തിയത്. തുടക്കം മുതല്‍ തന്നെ ഈ ആനുകൂല്യം ലഭിക്കാനുള്ള സാഹചര്യമില്ലെന്ന് വരുത്തിയെടുക്കാനുള്ള ശ്രമങ്ങളാണ് തഹസീല്‍ദാറില്‍ നിന്നുണ്ടായതത്രെ. രേഖകളെല്ലാം സമര്‍പ്പിച്ചിട്ടും വിഘ്നങ്ങള്‍ വരുത്തുകയെന്ന ലക്ഷ്യം ഉദ്യോഗസ്ഥനുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായും പരാതിക്കാരന് പറയുന്നു.
കേന്ദ്ര പദ്ധതികളുടെ ഗുണഫലം സാധാരണക്കാര്‍ക്ക് ലഭിക്കാതിരിക്കുവാനുള്ള നീക്കങ്ങള്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ നടക്കുന്നുണ്ടെന്നും ഉണ്ണികൃഷ്ണന് നായര്‍ പറയുന്നു. പലതവണ ഓഫീസുകള്‍ കയറിയിറങ്ങുമ്പോള്‍ മിക്കവരും ശ്രമം ഉപേക്ഷിക്കും. ഇതോടെ വിദ്വേഷം സര്‍ക്കാരിന് നേതൃത്വം നല്കുന്നവരിലേക്കാകും. ഇത് തിരിച്ചറിഞ്ഞതുകൊണ്ട് എത്ര തവണ ഓഫീസുകള്‍ കയറിയിറങ്ങേണ്ടിവന്നാലും അര്‍ഹതപ്പെട്ടത് നേടിയേ പിന്മാറൂ എന്ന നിലപാടിലാണ് ഉണ്ണികൃഷ്ണന് നായര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: