ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്ലാന്‍ഡ് കേസിലെ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേലിനെതിരായ 52 പേജ് കുറ്റപത്രം പുറത്ത്. സോണിയയ്ക്കും വലംകൈയായ അഹമ്മദ് പട്ടേലിനും എതിരെ ശക്തമായ തെളിവുകളാണ് മിഷേലിനെ ചോദ്യം ചെയ്തതിലൂടെ ലഭിച്ചത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലിന്റെ പേരും മിഷേലിനെ ചോദ്യം ചെയ്തതിലൂടെ ലഭിച്ചതായി എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തില്‍ പറയുന്നു. റിപ്പബ്ലിക് ടിവിയാണ് കുറ്റപത്രത്തിന്റെ വിശദാംശം പുറത്തുവിട്ടത്.
ഇറ്റലിക്കാരിയായ അമ്മയുടെ മകന്
മിഷേലില്‍ നിന്ന് കണ്ടെത്തിയ ഡയറിയില്‍ എപി എന്നത് സോണിയാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായ അഹമ്മദ് പട്ടേല്‍ ആണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ആര്‍ജി എന്നത് രാഹുല്‍ ഗാന്ധിയും എഫ്എഎം എന്നത് ഫാമിലി (സോണിയാ കുടുംബം) എന്നാണെന്നും എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുണ്ട്. ഞെട്ടിക്കുന്ന നിരവധി വെളിപ്പെടുത്തലുകളാണ് മിഷേല്‍ നടത്തിയിരിക്കുന്നത്. ഇറ്റലിക്കാരിയായ അമ്മയുടെ മകന് എന്ന മിഷേലിന്റെ പരാമര്‍ശം രാഹുലിനെ ഉദ്ദേശിച്ചുള്ളതാണെന്ന് മിഷേല്‍ അന്വേഷണ ഏജന്‍സിയോട് സ്ഥിരീകരിച്ചിട്ടുണ്ട്.
അഗസ്ത വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ മാറ്റം വരുത്തിയത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഓഫീസില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്നായിരുന്നെന്ന് മുന്‍ വ്യോമസേനാ മേധാവി എസ്.പി. ത്യാഗി നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ മന്‍മോഹന്‍സിങ്ങിന് മുകളില്‍ സൂപ്പര്‍ പ്രധാനമന്ത്രിയായിരുന്ന സോണിയയുടെ നിര്‍ദേശ പ്രകാരമാണ് കരാറില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതെന്നാണ് കുറ്റപത്രം പറയുന്നത്.
360 കോടിയുടെ അഴിമതി
പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങി രാജ്യത്തെ വിവിഐപികള്‍ക്ക് ഹെലിക്കോപ്ടര്‍ വാങ്ങാനായിരുന്നു 3727 കോടി രൂപയുടെ കരാര്‍. വിവിഐപികളുടെ യാത്രകള്‍ക്കായി മികച്ച ഹെലിക്കോപ്റ്ററുകള്‍ വാങ്ങാനുള്ള തീരുമാനത്തില്‍ ഇളവ് വരുത്തി താരതമ്യേന ശേഷി കുറഞ്ഞ എഡബ്ല്യു-101 വിഭാഗത്തില്‍പ്പെട്ട പന്ത്രണ്ടോളം ഹെലിക്കോപ്റ്ററുകള്‍ വാങ്ങാന്‍ കരാറൊപ്പിട്ടതാണ് അഗസ്ത വെസ്റ്റ്ലാന്ഡ്് അഴിമതി. ആകെ കരാര്‍ തുകയുടെ പത്തുശതമാനമായ 360 കോടി രൂപ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്കും വ്യോമസേനാ മേധാവിക്കുമുള്‍പ്പെടെ നല്‍കിയെന്ന ഇറ്റാലിയന്‍ കോടതിയുടെ കണ്ടെത്തലുകളാണ് സിബിഐ കേസിന്നാധാരം. അഴിമതി പുറത്തുവന്നതോടെ കരാറില്‍നിന്ന് യുപിഎ സര്‍ക്കാര്‍ പിന്‍വലിഞ്ഞിരുന്നു. ടെന്‍ഡര്‍ നല്കിയ മെര്ലിന് ഹെലിക്കോപ്റ്റേഴ്സ്, സികോര്‍സ്കി എന്നിവയെ ബോധപൂര്‍വം ഒഴിവാക്കി വ്യവസ്ഥയില്‍ ഇളവ് വരുത്തി അഗസ്ത വെസ്റ്റ്ലാന്ഡുമായി കരാര്‍ ഉറപ്പിച്ചു. 1240 കോടി രൂപയുടെ അധിക ഇടപാടിന് കരാര്‍ ഒത്താശ ചെയ്തെന്ന് സിഎജിയും കണ്ടെത്തിയിരുന്നു.
കേസില്‍ വ്യോമസേനാ മുന്‍ മേധാവി എസ്.പി. ത്യാഗി, സഹോദരന് സഞ്ജീവ് ത്യാഗി, അഭിഭാഷകനായ ഗൗതം ഖെയ്താന് എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു ജയിലിലടച്ചിരുന്നു. എന്നാല്‍ നേരിട്ടുള്ള തെളിവുകളുടെ അഭാവത്തില്‍ സോണിയ കുടുംബം നിയമത്തില്‍ നിന്ന് രക്ഷപ്പെട്ടു നടക്കുകയായിരുന്നു. ഇടനിലക്കാരന് മിഷേലിന്റെ അറസ്റ്റോടെ സോണിയ കുടുംബത്തിനെതിരെ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നു തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: