രാഷ്ട്രത്തിന്റെ നട്ടെല്ലാണ് തൊഴിലാളിവര്‍ഗം. അതുകൊണ്ടുതന്നെ അവരുടെ സുരക്ഷിതത്വവും സംതൃപ്തിയും രാഷ്ട്ര നിര്‍മ്മാണത്തില്‍ നിര്‍ണായകവുമാണ്. തൊഴില്‍ മേഖല, തൊഴിലാളി വര്‍ഗത്തിന്റെ ജീവനോപാധി മാത്രമല്ല; രാഷ്ട്ര നിര്‍മ്മാണത്തിന്റെ അടിത്തറകൂടിയാണ്. തൊഴില്‍ മേഖലയിലെ ഭാവനാപൂര്‍ണമായ പരിഷ്കാര നടപടികളും, തൊഴിലാളിവര്‍ഗ ക്ഷേമനടപടികളും പരസ്പരപൂരകമായി മുന്നോട്ടു കൊണ്ടുപോകുമ്പോഴാണ് സംതൃപ്തവും ക്ഷേമപൂര്‍ണവും ആരോഗ്യകരവുമായ തൊഴില്‍ രംഗവും തൊഴിലാളി സമൂഹവും രൂപംകൊള്ളുന്നത്.
തൊഴില്‍രംഗത്തിന്റെ മനസ്സ് അറിഞ്ഞു നയപരിപാടികള്‍ ആസൂത്രണം ചെയ്യുന്ന സര്‍ക്കാരും സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയും ലക്ഷ്യബോധവും അറിഞ്ഞ് ഉള്‍ക്കൊള്ളുന്ന തൊഴിലാളിവര്‍ഗവും ഏതൊരു രാഷ്ട്രത്തിന്റെയും കരുത്തും ഊര്‍ജവുമായിരിക്കും.
ഇക്കാര്യങ്ങളില്‍ മാതൃകാപരമായ നടപടികളാണ് ഇന്ത്യയില്‍ നരേന്ദ്ര മോദി ഭരണകൂടം തുടര്‍ന്നു പോരുന്നത് എന്നതു സ്വാഗതാര്‍ഹം തന്നെ. മുന്‍കാല സര്‍ക്കാര്‍ പിന്തുടര്‍ന്ന ദീര്‍ഘവീക്ഷണമില്ലാത്ത നയങ്ങളെ പൊളിച്ചെഴുതി, ഭാവി തൊഴില്‍നയത്തിന് അടിത്തറ പാകാനുള്ള ശ്രമമാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി നടത്തിവരുന്നത്. ക്ഷമയോടെയും ചിട്ടയോടെയും നീങ്ങുന്നവരാണല്ലോ ലക്ഷ്യത്തിലെത്തുക. നയപരിഷ്കാരങ്ങളുടെ പുത്തന്‍ പാതയിലേക്കുള്ള മാറ്റം സാവധാനവും ഘട്ടംഘട്ടമായും ആക്കിയത് അതുകൊണ്ടായിരിക്കാം.
രണ്ടുമൂന്നു വര്‍ഷംകൊണ്ട് ഉറപ്പിച്ച അടിത്തറയില്‍ ഊന്നിനിന്ന്, കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയതെല്ലാം ഭാവനാപൂര്‍ണമായ തൊഴിലാളിക്ഷേമ പദ്ധതികളായിരുന്നു. നേരിട്ടും പരോക്ഷമായും ആനുകൂല്യങ്ങള്‍ അര്‍ഹരില്‍ എത്തിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടക്കത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും തൊഴിലാളിവര്‍ഗം ക്രമേണ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നതായാണ് അനുഭവം.
ബോണസ് പരിധിയും ഗ്രാറ്റ്വിറ്റി പേമന്റ് പരിധിയും ഇരട്ടിയാക്കിയതും പ്രസവാനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചതും കുറഞ്ഞവേതനം ഇരട്ടിയാക്കിയതും ദിവസ വേതനവര്‍ധനയും തൊഴിലാളികളിലേയ്ക്കു നേരിട്ടെത്തുന്ന പരിഷ്കാരങ്ങളില്‍ ചിലതാണ്. ഇഎസ്ഐ പരിധി ഉയര്‍ത്തി, ഇഎസ്ഐ പരിരക്ഷ വിപുലീകരിച്ചു, കുറഞ്ഞ ഇപിഎഫ് പെന്ഷന് 1000 രൂപയാക്കി, ഇഡിഎല്‍ഐ പദ്ധതിയിലെ കുറഞ്ഞ ഇന്‍ഷുറന്‍സ് തുക രണ്ടര ലക്ഷത്തില്‍നിന്ന് ആറു ലക്ഷമാക്കി.
അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം അമ്പതു ശതമാനത്തോളം വര്‍ധിപ്പിച്ചതും ആശാവര്‍ക്കര്‍മാരുടെ പ്രതിഫലം ഇരട്ടിയാക്കിയതും ഏറെക്കാലമായുള്ള ആവശ്യത്തിന്റെ സാഫല്യമായിരുന്നു. ഗ്രാമീണ പോസ്റ്റ് മാസ്റ്റര്‍മാരുടെ ക്ഷേമത്തിനായുള്ള കമലേഷ് ചന്ദ്ര റിപ്പോര്‍ട്ട് നടപ്പാക്കിയതാണ് ഏറ്റവും അവസാനത്തേത്. ഇവരുടെ വരുമാനം ഇതോടെ നാലിരട്ടിയോളം വര്‍ധിക്കും. മെയ്ക്ക് ഇന്‍ ഇന്ത്യവഴി പുതിയ തൊഴില്‍ മേഖലകള്‍ തുറക്കുകയും തൊഴില്‍ സംരംഭങ്ങള്‍ വിഭാവനം ചെയ്യുന്ന സ്റ്റാര്‍ട്ട്അപ് പദ്ധതിയും സംരംഭകര്‍ക്കു ധനസഹായത്തിനായി മുദ്രാലോണ്‍ പോലുള്ള പദ്ധതികളും മറ്റും ഇതിനു പുറമെയാണ്.
നിലവിലുള്ളവരുടെ ക്ഷേമനടപടികള്ക്കു സമാന്തരമായി പുതിയ സംരംഭങ്ങളിലൂടെ പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന, പുത്തന്‍ തൊഴില്‍ സംസ്കാരത്തിലേയ്ക്കു സമൂഹത്തെ നയിക്കാനുള്ള ചുവടുവയ്പുകളാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്.
രാഷ്ട്രീയത്തില്‍നിന്ന് അകന്നുനിന്നുകൊണ്ട് തൊഴിലാളി ക്ഷേമത്തിനായി നിഷ്പക്ഷ പ്രവര്‍ത്തനം നടത്തിവരുന്ന ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്) എന്ന ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ തൊഴിലാളി സംഘടന, ഈ സര്‍ക്കാരിന് അകമഴിഞ്ഞു പിന്‍ബലം നല്‍കുന്നത്, സര്‍ക്കാരിന്റെ ഇത്തരം തൊഴിലാളി സൗഹൃദ നടപടികളുടെ പേരിലാണ്.
തൊഴിലാളി പ്രേമം പറയുന്ന പല സംഘടനകളും രാഷ്ട്രീയ ചായ്വിന്റെ പേരില്‍ എതിര്‍ത്തുപോരുന്ന ഈ പരിഷ്കാരങ്ങള്‍ ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും ഭാവനാപൂര്‍ണവും ദീര്‍ഘവീക്ഷണത്തോടുകൂടിയതുമാണ്. അവകാശങ്ങളുടെ പേരിലുള്ള സമരങ്ങള്‍ക്കു മാത്രം തൊഴിലാളികളെ സംഘടിപ്പിക്കുന്ന കമ്യൂണിസ്റ്റ് തത്വശാസ്ത്രത്തില്‍ നിന്നു വ്യതിചലിക്കാത്തവര്ക്ക് ഇതൊന്നും ഉള്‍ക്കൊള്ളാനായെന്നു വരില്ല. സ്വന്തം ക്ഷേമത്തിനൊപ്പം രാഷ്ട്രക്ഷേമത്തിന്റെ അടിത്തറയും ഭദ്രമാക്കുന്ന ദേശീയ ബോധത്തിലൂന്നിയ തൊഴില്‍ സംസ്കാരവും നയവും ആയിരിക്കട്ടെ ഭാവിഭാരതത്തിന്റെ അടിത്തറ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: