തൃശൂര്‍: സിപിഎമ്മിന്റെ നിസ്സഹകരണം സിപിഐയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ കാര്യമായി ബാധിക്കുന്നു. ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പില്‍ സിപിഐ പച്ചതൊടിെല്ലന്നാണ് സൂചന. സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സിപിഎം നേതൃത്വവും അണികളും മെല്ലെപ്പോക്കിലാണ്. ഇത് കോണ്‍ഗ്രസ്സിനെ സഹായിക്കാനാണ് എന്ന ആക്ഷേപമാണ് സിപിഐ പ്രവര്‍ത്തകര്‍ക്കുള്ളത്.
സിപിഐ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും സിപിഎം കോണ്‍ഗ്രസിനെ സഹായിക്കുന്നുവെന്നാണ് ആക്ഷേപം. സിപിഎം നയം സിപിഐക്കുള്ളില്‍ വലിയ രോഷമാണ് ഉണ്ടാക്കിയിട്ടുള്ളത്. സിപിഐയെ തകര്‍ക്കുക വഴി സിപിഎമ്മിന് രണ്ടാണ് നേട്ടം.
ദേശീയ തലത്തില്‍ ഏക കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന മേല്‍വിലാസം സിപിഎമ്മിന് മാത്രം സ്വന്തമാകും. സംസ്ഥാനത്ത് നിരന്തരം വിമര്‍ശിക്കുകയും വിലപേശുകയും ചെയ്യുന്ന സിപിഐയെ നിശബ്ദമാക്കാനാകും. അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ വിലപേശല്‍ ശേഷി കുറയും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സിപിഐയെ ദേശീയ രാഷ്ട്രീയത്തില്‍ ഇല്ലാതാക്കുക എന്ന തന്ത്രമാണ് സിപിഎം ഇക്കുറി പയറ്റുന്നത്.
സിപിഐയുടെ ഏക സിറ്റിങ് സീറ്റായ തൃശൂരില്‍ സിപിഎം പ്രചാരണരംഗത്തില്ല. ഇടത് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിനൊപ്പം സിപിഐക്കാര്‍ മാത്രം. കോണ്‍ഗ്രസ്സിലെ ടി.എന്‍. പ്രതാപനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി എത്തിയതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് തൃശൂരില്‍ അരങ്ങൊരുങ്ങിയത്. എന്നാല്‍, ഇടതു സ്ഥാനാര്‍ത്ഥി പിന്നിലായതോടെ മത്സരം യുഡിഎഫും എന്‍ഡിഎയും തമ്മിലായി.
ഇതിന് പുറമേ പാര്‍ട്ടിയിലെ ഉള്‍പ്പോരും സിപിഐയുടെ നില പരുങ്ങലിലാക്കുന്നു. നിലവിലെ എംപി.സി.എന്‍ ജയദേവനും പ്രചാരണരംഗത്തില്ല. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ജയദേവന് നിസ്സഹകരണം തുടരുകയാണ്. കേരളത്തില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ സിപിഐ പ്രതിനിധി ഇക്കുറി ലോക്സഭയിലുണ്ടാവില്ലെന്നാണ് ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: