സ്‌ക്രീനില്‍ തെളിയുന്ന ദൃശ്യരൂപങ്ങള്‍ക്ക് ജീവസ്പന്ദനം നല്‍കുന്ന അഭിനേതാവ്. വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ പ്രേക്ഷകരെ കോരിത്തരിപ്പിച്ച നാടക നടന്‍. റേഡിയോ പ്രക്ഷേപണത്തിലൂടെ സ്വതസ്സിദ്ധമായ ശബ്ദഗാംഭീര്യം ശ്രോതാക്കളിലേക്ക് പകര്‍ന്ന കലാകാരന്‍. 1979 മുതല്‍ അനേകമനേകം കഥാപാത്രങ്ങളെ തന്റേതായ ശൈലിയിലൂടെ അവതരിപ്പിച്ച് ഈ രംഗത്ത് തുടരുന്ന കരുത്തന്‍. കാന്‍സര്‍ എന്ന മഹാരോഗത്തെ ആധുനിക ചികിത്സയോടൊപ്പം ആത്മധൈര്യം കൊണ്ടും അതിജീവിച്ചയാള്‍.
ഭാവനയുടെ ചിന്തേരിട്ട് മിനുക്കിയെടുത്ത സങ്കല്‍പ്പ കഥാപാത്രങ്ങളെ പാടേ അവഗണിച്ച്, പച്ചയായ മനുഷ്യന്റെ ജീവിതാനുഭവങ്ങള്‍ ആവിഷ്‌കരിക്കുന്ന കഥാകാരന്‍. ചുറ്റിലും കാണുന്ന സംഭവങ്ങളെ നര്‍മത്തില്‍ ചാലിച്ച് വായനക്കാരെ ചിരിപ്പിക്കുന്ന ഹാസ്യ സാഹിത്യകാരന്‍. പരാജിതരുടെ ചരിത്ര പുസ്തകം കവിതാ വിഷയമാക്കിയ വേറിട്ട കവി.
സഹജീവനക്കാരെയും തൊളിലാളികളെയും സഹോദരതുല്യം സ്‌നേഹിക്കുകയും സമൂഹത്തെ ഔദ്യോഗിക യജമാനനെപ്പോലെ കരുതി 34 വര്‍ഷം സര്‍ക്കാര്‍ ജീവിതം പൂര്‍ത്തിയാക്കിയ കാര്യശേഷിയും തന്റേടവുമുള്ള സര്‍ക്കാര്‍ ജീവനക്കാരന്‍. സ്വന്തം സഹോദരങ്ങളെ കൈപിടിച്ചുയര്‍ത്തുന്നതില്‍ ജാഗരൂകനായി പ്രവര്‍ത്തിച്ച സഹോദരന്‍. എല്ലായ്‌പ്പോഴും സൗമ്യസൗഹൃദം കാത്തുസൂക്ഷിക്കുന്ന സഹൃദയന്‍. ആപല്‍ഘട്ടങ്ങളെ സ്വതസ്സിദ്ധമായ നര്‍മബോധംകൊണ്ട് അതിജീവിച്ച രസികന്‍. ആര്‍ത്തനാദം കേട്ടാല്‍ കൂടെ കരയുന്നവന്‍. സേവന സന്നദ്ധനായ പുരോഗമന ചിതാഗതിക്കാരന്‍. വ്യക്തി-കുടുംബ-സാമൂഹ്യ ബന്ധങ്ങളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്നവന്‍… ബഹുമുഖമാണ് കൊല്ലം തുളസിയുടെ പ്രതിഭാവിലാസം.
കൊല്ലം ജില്ലയില്‍ തൃക്കരുവാ പഞ്ചായത്തില്‍ കാഞ്ഞാവെളി കുറ്റിലഴികത്ത് വീട്ടില്‍, സംസ്‌കൃത അധ്യാപകനും കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന ശാസ്ത്രി പി.എസ്. നായരുടെയും ഭാരതിയമ്മയുടെയും ആറ് മക്കളില്‍ രണ്ടാമനായാണ് കൊല്ലം തുളസി എന്ന തുളസീധരന്‍ നായരുടെ ജനനം. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയുമെടുത്ത് ഇരുപത്തൊന്നാം വയസ്സില്‍ മുനിസിപ്പല്‍ സര്‍വീസില്‍ ക്ലാര്‍ക്കായി ജീവിതം ആരംഭിച്ചു. തിരുവനന്തപുരം നഗരസഭയില്‍നിന്ന് ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ചു.
ജന്മസിദ്ധമായ കഴിവും, കലയുമായി ബന്ധമുള്ള കുടുംബത്തിന്റെ സഹായവും, നാട്ടുകാരുടെ പ്രോത്സാഹനവും കൊല്ലം തുളസിയെ നടനായും കലാകാരനായും സാഹിത്യകാരനായും സാമൂഹ്യസേവകനായും വളര്‍ത്തി. ക്ലബ്ബുനാടകങ്ങളില്‍നിന്ന് അമച്വര്‍ നാടക വേദികളിലേക്കും, തുടര്‍ന്ന് പ്രൊഫഷണല്‍ നാടകങ്ങള്‍, ആകാശവാണി-മിനിസ്‌ക്രീന്‍ എന്നിവയിലൂടെ വളര്‍ന്നുവന്ന പാരമ്പര്യം.
250-ല്‍പ്പരം സിനിമകളിലും അത്രതന്നെ റേഡിയോ-ടെലിവിഷന്‍ പരമ്പരകളിലും തന്റേതായ അഭിനയ ശൈലിയില്‍ തിളങ്ങിനില്‍ക്കാന്‍ കഴിഞ്ഞു കൊല്ലം തുളസി വില്ലന്‍ വേഷങ്ങളാണ് അധികവും ചെയ്തിട്ടുള്ളത്. അവയില്‍ കൂടുതലും രാഷ്‌ട്രീയ – മന്ത്രി വേഷങ്ങളായിരുന്നു. രണ്ട് തമിഴ് സിനിമകളില്‍ പ്രധാന പ്രതിനായകനായും, മോഹിതം എന്ന മലയാളം സിനിമയില്‍ നായകനായും അഭിനയിച്ചു.
1999-ല്‍ ലേലം എന്ന ചിത്രത്തില്‍ പാപ്പിച്ചന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനും, 2008-ല്‍ കടമറ്റത്ത് കത്തനാര്‍ എന്ന മെഗാ പരമ്പരയില്‍ മന്ത്രിയുടെ വേഷം അഭിനയിച്ചതിനും യഥാക്രമം ഏറ്റവും നല്ല രണ്ടാമത്തെ നടനും, ഏറ്റവും നല്ല സീരിയല്‍ നടനുമുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
ചെറുപ്പംമുതലേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മനസ്സര്‍പ്പിച്ചിരുന്ന തുളസി, കണ്ണൂര്‍ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന ഹോപ്പ് എന്ന സംഘടനയുടെ വൈസ് പ്രസിഡന്റാണ്. സാമൂഹ്യനീതിവകുപ്പിന്റെ കീഴിലുള്ള അനേകം അഭയകേന്ദ്രങ്ങളിലും സാന്ത്വന സംഘടനകളിലും പെയിന്‍ ആന്റ് പാലിയേറ്റീവ് ട്രസ്റ്റിലും ഭാരവാഹിയാണ്. ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ് എന്നീ സാമൂഹ്യ സേവന സംഘടനകളില്‍ പ്രവര്‍ത്തിച്ച് അനേകം അംഗീകാരങ്ങളും അവാര്‍ഡുകളും വാങ്ങിക്കൂട്ടിയിട്ടുണ്ട്. മാതാ അമൃതാനന്ദമയീ ദേവിയുടെ ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങളിലും, ശാന്തിഗിരി ആശ്രമത്തിലും, സാമൂഹിക -കാരുണ്യപ്രവര്‍ത്തനങ്ങളിലും ഇപ്പോഴും സജീവമാണ്.
പതിനഞ്ചോളം രചനകള്‍ ഇതിനകം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. തുളസിയുടെ കഥകള്‍, തുളസിയുടെ കവിതകള്‍, തുളസിയുടെ ഫലിതങ്ങള്‍, തുളസിയുടെ നര്‍മങ്ങള്‍, തുളസിയുടെ തമാശകള്‍, എട്ടുകാലിവലപോലൊരു ജീവിതം എന്നിവ ഇവയില്‍ പ്രധാനമാണ്. സ്വന്തം കവിതകളുടെ രണ്ട് കാസറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. (ഒരു പരാജിതന്റെ മോഹങ്ങള്‍, മരണത്തിനൊരു ചരമഗീതം)
ക്യാന്‍സറിനും അനുബന്ധ രോഗങ്ങള്‍ക്കും വാര്‍ദ്ധക്യത്തിനും തന്നെ തോല്‍പ്പിക്കാനാവില്ലെന്ന് ഉറക്കെപ്പറയുകയാണ് എഴുപതാം വയസ്സിലും ഈ അതുല്യനടന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: