അധ്യായം 1
ഇന്ന് കാലത്ത് സംഭവിച്ചതെന്താണ്?
ചായക്കോപ്പ കൈമാറുമ്പോള്‍ നൊടിനേരത്തെ അശ്രദ്ധയിലോ അതോ കൈവിറച്ചിലിലോ ഗ്ലാസ്സൊന്നു താഴെ വീണു. ചായ തെറിച്ച് മുണ്ടൊന്നു മുഷിഞ്ഞു. സോറി പറഞ്ഞെങ്കിലും രാമശേഷന് ഗ്ലാസ്സ് വലിച്ചെറിയുക മാത്രമല്ല വല്ലഭിയെ ഉന്തിയിടുകയും വിഷം സേവിച്ച എലി കണക്ക് ദാഹമെടുത്ത് വീടിനകത്തുംപുറത്തും ഓടുകയും ചെയ്തു.
ജനിച്ചത് ആഗ്നേയ ലഗ്നത്തില്‍. അവിടെ ആഗ്നേയനായ സൂര്യന്. ദേഷ്യം പൊടുന്നനെ കാടു കയറാനും അത് പരാക്രമത്തില്‍ കലാശിക്കാനും കാരണം അതുതന്നെ.
ഉഷ്ണശരീരം. ഉടല്ചുട്ടിരിക്കാനും വേനല്‍ക്കാലത്ത് വെള്ളത്തില്‍ മുങ്ങിക്കിടക്കാനും കാരണം അതുതന്നെ.
വല്ലഭിയുടെ ജനനം ജലലഗ്നത്തില്. അവിടെ ജലഗ്രഹം. അതിനാല്‍ എപ്പോഴും തണുത്ത നിലപാട്, തണുത്ത സമീപനം.
രാമശേഷന് അത് പറ്റുന്നില്ല.
ജാതകം ചേര്‍ത്ത ജ്യോത്സ്യന് അന്നേ പറഞ്ഞിരുന്നു.
”ഒരാള്‍ ചൂടെടുത്തു നില്ക്കുമ്പോള് ഒരാള്‍ മഴയാവുന്നതാണ് നല്ലത്… ഒരു ബാലന്‍സിങ്ങ് സാധ്യമാവും….”
രാമശേഷന് അന്ന് ജ്യോതിഷം പഠിച്ചിട്ടില്ല. എന്നുമാത്രമല്ല ജ്യോതിഷ നിഷേധിയുമായിരുന്നു. അത്യാവശ്യം ഇങ്ക്വിലാബ് കയ്യിലുണ്ട്. പിന്നീട് ജീവിതത്തിന്റെ നിര്‍ണ്ണായക വഴിത്തിരിവുകളില്‍ വച്ച് ചില കടുത്ത അനുഭവങ്ങളുണ്ടായി. സ്വയംകൊല്ലാന് തീരുമാനിച്ച് ഒരു മുനമ്പിന്റെ വക്കത്തുപോയി നില്ക്കാന് മാത്രം തീപ്പിടിച്ച അനുഭവങ്ങള്‍… ഒരു ജ്യോതിഷിയെ കണ്ട് ‘സമയം’ ഒന്നു നോക്കൂ എന്നാരാണുപദേശിച്ചത്?
നിയതി?
ഒരു പരീക്ഷണം എന്ന നിലയില്‍ ഗ്രഹസ്ഥിതി ഒന്നു പരിശോധിച്ചു. ചില കാര്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ തെളിഞ്ഞ് വെളിച്ചം വീശി. വിശ്വസിക്കാന്‍ പ്രയാസം തോന്നുമാറ് ചില വെളിപ്പെടുത്തലുകള്‍… ഒരേസമയം അത് സംഘര്‍ഷവും ആശ്വാസവുമായി. ഈ ശാസ്ത്രം സത്യമാണോ എന്ന സംഘര്‍ഷം, സത്യമാണല്ലോ എന്ന ആശ്വാസം.
”വിശ്വാസത്തിന്റെ ശാസ്ത്രമാണ്,” ജ്യോതിഷി പറഞ്ഞു. ”വിശ്വാസികള്‍ക്ക് എല്ലാം സത്യമായി തോന്നും…നിഷേധികള്‍ക്ക് സത്യവും തെറ്റായി തോന്നും….”
ശാസ്ത്രം പഠിക്കാതെ വിശ്വാസിയോ നിഷേധിയോ ആകാന്‍ രാമശേഷന് തയ്യാറായിരുന്നില്ല. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമം… കഠിനാധ്വാനം…. വിഷയത്തില്‍ പതുക്കെപ്പതുക്കെ പിടുത്തം കിട്ടുന്നു എന്ന തോന്നലുണ്ടായി. അത് കൂടുതല്‍ ആഴത്തിലേക്ക് പോകാനുള്ള പ്രേരണയായി. അടിസ്ഥാന ജീവിതശൈലിയില്‍ ഒരു മാറ്റം വന്നെങ്കിലും സ്വഭാവം മാറ്റമില്ലാതെ തുടര്‍ന്നു.
”നൈസര്‍ഗ്ഗികമായി കിട്ടിയതൊന്നും മാറില്ല,” ഗുരുനാഥന് പറഞ്ഞു. ”ചേനയുടെ ചൊറിച്ചില്‍ പോലെത്തന്നെ….”
”കുട്ടികള്‍ ഇതു കണ്ടു വളര്‍ന്നാല്‍….”
വല്ലാതെ മടുക്കുമ്പോള്‍ വല്ലഭി പതുക്കെ ചുണ്ടനക്കും. രാമശേഷന് അതു കേള്‍ക്കാത്ത പോലെ ഭാവിക്കും. മനസ്സില്‍ പക്ഷേ, ചോദ്യങ്ങളുടെ കൂട്ടുതായമ്പകയായിരിക്കും. തന്റെ അച്ഛനെ കണ്ടാണ് താന്‍ വളര്‍ന്നത്. എന്നിട്ട് അദ്ദേഹത്തിന്റെ സ്വഭാവം കിട്ടിയോ? മുത്തശ്ശന്റെ മടിയിലായിരുന്നു ബാല്യം. എന്നിട്ട് വിഷ്ണുസഹസ്രനാമ ജപം മനപ്പാഠമാക്കിയോ? ചുപ്രയായിരുന്നു ഏറ്റവുമടുത്ത ഗ്രാമത്തോഴന്. എന്നിട്ട് അവനെപ്പോലെ വാതുറന്നാല്‍ നുണ പറയുന്ന ‘പൊയ്യച്ചൊല്ലീ’ എന്ന പട്ടം കിട്ടിയോ? മീശ കിളിര്‍ത്തു വരുന്ന കാലത്ത് ആ പ്രായത്തിന്റെ അഭ്യാസങ്ങളത്രയും പഠിപ്പിച്ചത് ഫിലിപ്പ്. എന്നിട്ട് അവനെപ്പോലെ എങ്ങുമെങ്ങുമെത്താത്ത തിരുവാഴിത്താനായോ?
”ഒരാളുടെ സ്വഭാവം, കര്‍മ്മം, ധര്‍മ്മം, ജീവിതസന്ധികള്‍ എല്ലാം ഗര്ഭത്തില്ത്തന്നെ തീരുമാനിക്കപ്പെടുന്നു…”
ഗുരുനാഥന്റെ വാക്കുകള്‍ രാമശേഷന് ഓര്‍ത്തു.
”സാര്‍….ആഗ്നേയലഗ്നം എന്നാലെന്താണ്?”
പൊടുന്നനെ ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍ മുന്നില്‍ കുട്ടികള്‍. ജ്യോതിഷ ക്ലാസ് ഉണര്‍ന്നു തുടങ്ങുന്ന നേരം. രാമശേഷന് ക്ലാസ് മുറിയിലേക്ക് തിരിച്ചെത്തി.
”ആഗ്നേയം എന്നാല്‍ അഗ്നിയെ സൂചിപ്പിക്കുന്ന എന്നര്‍ത്ഥം….”
”ഏതേതെല്ലാമാണ് സാര്‍….”
ജയശ്രീ നോട്ടും പേനയും തുറന്നു.
ഇതെല്ലാം നേരത്തേ എടുത്ത പാഠങ്ങളാണല്ലോ. എത്ര പറഞ്ഞു കൊടുത്താലും തലയില്‍ കയറാത്ത ചില കുട്ടികളുണ്ട്. ജ്യോതിഷത്തോടുള്ള ആദ്യഭ്രമം! അത് പിന്നീടുണ്ടാവില്ല. അത്തരക്കാര്‍ക്കുവേണ്ടി ആവര്‍ത്തിക്കാതെ വയ്യ.
”മേട ചിങ്ങ ധനു…”
”ആഗ്നേയ ഗ്രഹങ്ങളോ സാര്‍?”
പ്രദീപന്റെ സംശയം ഗ്രഹങ്ങളിലേക്ക്.
രാമശേഷന് സൂര്യനെ ഓര്‍ത്തു. തലയില്‍ സൂര്യന് കത്തി നില്ക്കുന്നു. അല്പമാത്രമായ മുടി, പിംഗള നേത്രങ്ങള്‍, ഉഷ്ണപ്രകൃതം, പരാക്രമ സ്വഭാവം… തന്റെ ജീവിതത്തെ കാലേകൂട്ടി നിശ്ചയിച്ച ഗ്രഹം…
”സൂര്യന് ചൊവ്വ കേതു…”
”അപ്പോള്‍ ജലലഗ്നങ്ങളോ സാര്‍?”
”കര്‍ക്കി വൃശ്ചിക മീനം…”
അന്നത്തെ ക്ലാസ് കഴിഞ്ഞ് എല്ലാവരും പിരിഞ്ഞപ്പോള്‍ രാമശേഷന് വിചാരിച്ചു. വരുന്നവഴിക്ക് അയ്യപ്പുരത്ത് നല്ല ചക്കപ്പഴം കണ്ടു. വല്ലഭിയുടെ ഏറ്റവും വലിയ ദൗര്‍ബല്യമാണ് തേന്‍വരിക്ക. കാലത്ത് ചായക്കോപ്പ വീണുണ്ടായ കശപിശ ചക്കപ്പഴം കൊണ്ട് തീര്‍ക്കാം.
രാമശേഷന് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: