തൊടുപുഴ: കുമാരമംഗലം വില്ലേജ് ഓഫീസിന് സമീപം അമ്മയുടെ സുഹൃത്ത് നിലത്തെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച ഏഴു വയസുകാരന്റെ നില അതീവ ഗുരുതരം. തലയോട്ടി പൊട്ടി, തലച്ചോറ് പുറത്തുവന്ന്, കണ്ണുകള്‍ പുറത്തേക്ക് തള്ളി, അത്യാസന്ന നിലയിലായ കുട്ടി കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. സംഭവവുമായി ബന്ധപ്പെട്ട കുട്ടിയുടെ അമ്മയുടെ സുഹൃത്തും അച്ഛന്റെ ബന്ധുവുമായ തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദി (36) നെ അറസ്റ്റു ചെയ്തു.
വധശ്രമത്തിനും ജുവനൈല്‍ നിയമം 75-ാം വകുപ്പു പ്രകാരവും കേസെടുത്തു. മൂന്നര വയസുള്ള ഇളയകുട്ടിക്കും അമ്മയ്ക്കും മര്‍ദ്ദനത്തില്‍ പരിക്കുണ്ട്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. അമ്മയും സുഹൃത്തും രാത്രി 12ന് മടങ്ങി വന്നപ്പോള്‍ ഇളയകുട്ടി കിടക്കയില്‍ മൂത്രമൊഴിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത്, കുട്ടിയെ നോക്കിയില്ലെന്നു പറഞ്ഞായിരുന്നു മൂത്തകുട്ടിയെ മര്‍ദ്ദിച്ചത്. തല്ലി അവശനാക്കി എടുത്തെറിയുകയായിരുന്നു. ഭിത്തിയില്‍ ചോരപ്പാടുകളുണ്ട്. തലയുടെ പിന്നില്‍ രണ്ടിടത്താണ് പൊട്ടല്‍. ബോധം നഷ്ടപ്പെട്ട കുട്ടിയെ സ്വന്തം കാറില്‍ ഇരുവരും ചേര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വീണ് പരിക്കേറ്റെന്നാണ് പറഞ്ഞത്. രാവിലെ ആറ് മണിയോടെ കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയിലെത്തിച്ചു.
വീണുള്ള പരിക്കല്ല എന്ന് കണ്ടെത്തിയതോടെ പോലീസില്‍ അറിയിച്ചു. വീട്ടില്‍ കിടന്ന അവശനായ ഇളയകുട്ടിയെ സമീപവാസി രക്ഷിച്ചു. തലച്ചോറ് വെളിയില്‍ വന്നതോടെ ഉടന്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. തലയില്‍ കട്ടപിടിച്ച രക്തം കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുന്നതായും ഇന്ന് കൂടി കഴിയാതെ കൂടുതലൊന്നും പറയാനാകില്ലെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തു. മുഖ്യമന്ത്രി കേസില്‍ റിപ്പോര്‍ട്ട് തേടുകയും ആരോഗ്യമന്ത്രി കുട്ടിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തതായും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: